national news
സര്‍ബത്ത് ജിഹാദ് ആരോപണം; ബാബാ രാംദേവിനെ രൂക്ഷമായി വിമര്‍ശിച്ച് ദല്‍ഹി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 22, 07:50 am
Tuesday, 22nd April 2025, 1:20 pm

ന്യൂദല്‍ഹി: സര്‍ബത്ത് ജിഹാദ് വിവാദത്തില്‍ ബാബാ രാംദേവിനെ വിമര്‍ശിച്ച് ദല്‍ഹി ഹൈക്കോടതി. ഹംദാര്‍ദിന്റെ പാനീയമായ റൂഹ് അഫ്‌സയെ ലക്ഷ്യം വെച്ചുള്ള ബാബാ രാംദേവിന്റെ പരാമര്‍ശത്തെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും കോടതിയുടെ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

ബാബാ രാംദേവിന്റെ പരാമര്‍ശത്തിനെതിരെ ഹംദാര്‍ദ് ലബോറട്ടറീസ് ഫയല്‍ ചെയ്ത ഹരജി പരിഗണിക്കവേ ജസ്റ്റിസ് അമിത് ബന്‍സാലിന്റേതാണ് നിരീക്ഷണം.

തങ്ങളുടെ ഉത്പന്നത്തെ ലക്ഷ്യമിട്ട് അപകീര്‍ത്തികരവും വര്‍ഗീയവുമായ പ്രസ്താവനകളാണ് നടത്തിയതെന്നാരോപിച്ചാണ് ഹംദാര്‍ദ് ലബോറട്ടറീസ് ബാബാ രാംദേവിനെതിരെ കേസ് ഫയല്‍ ചെയ്തത്. ഏപ്രില്‍ മൂന്നിനാണ് ബാബാ രാം ദേവ് അപകീര്‍ത്തികരവും വര്‍ഗീയവുമായ പരാമര്‍ശം നടത്തിയത്. ഇതിന് പിന്നാലെ കമ്പനി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഇത് ഞെട്ടിപ്പിക്കുന്നൊരു കേസാണെന്നും അപകീര്‍ത്തിപ്പെടുത്തുന്നതിനുമപ്പുറമാണ് പരാമര്‍ശമെന്നും വിദ്വേഷ പ്രസംഗത്തിന് സമാനമായ വര്‍ഗീയ വിഭജനം സൃഷ്ടിക്കുന്ന കേസാണിതെന്നും ഹംദാര്‍ദിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.

ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ രാജ്യത്ത് അനുവദിക്കരുതെന്നും രാജ്യത്ത് ഇപ്പോള്‍ തന്നെ ആവശ്യത്തിന് പ്രശ്‌നങ്ങളുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.

അതേസമയം താന്‍ ആരുടെയും പേര് എടുത്ത് പറഞ്ഞിട്ടില്ലെന്നായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയുള്ള ബാബാ രാംദേവിന്റെ പ്രതികരണം. അവര്‍ അങ്ങനെ ചെയ്യുന്നത് കൊണ്ടായിരിക്കാം അവര്‍ക്കെതിരായ പരാമര്‍ശമായി തോന്നിയതെന്നും ബാബാ രാംദേവ് പറഞ്ഞു.

പതഞ്ജലിയുടെ പരസ്യത്തിന് വേണ്ടിയായിരുന്നു മുസ്ലിം വിരുദ്ധ പരാമര്‍ശവുമായി ബാബാ രാംദേവ് രംഗത്തെത്തിയത്. സാധാരണ സര്‍ബത്ത് കുടിച്ചാല്‍ പള്ളികളും മദ്രസകളുമാണ് ഉണ്ടാവുകയെന്നും പതഞ്ജലിയുടെ സര്‍ബത്ത് കുടിച്ചാല്‍ ഗുരുകുലവും ആര്യകുലവുമാണ് ഉണ്ടാവുകയെന്നുമായിരുന്നു ബാബാ രാം ദേവിന്റെ പരാമര്‍ശം.

പതജ്ഞലിയുടെ പ്രൊഡക്ട് പരസ്യത്തോടെ ഫേസ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. മറ്റൊരു സോഫ്റ്റ് ഡ്രിങ്കിനെയാണ് സര്‍ബത്ത് ജിഹാദെന്ന് പറയാനായി ബാബാ രാംദേവ് ഉപമിച്ചത്. വേനല്‍കാലത്ത് ദാഹം ശമിപ്പിക്കാന്‍ സോഫ്റ്റ് ഡ്രിങ്കാണെന്ന പേരില്‍ ആളുകള്‍ കുടിക്കുന്നത് ടോയ്ലറ്റ് ക്ലീനറുകളാണെന്നും സര്‍ബത്ത് ജിഹാദിന്റെ പേരില്‍ ടോയ്ലറ്റ് ക്ലീനറുകളാണ് വില്‍ക്കുന്നതെന്നും ബാബാ രാംദേവ് പറഞ്ഞു.

ശീതളപാനീയങ്ങളെയും ശര്‍ബത്ത് ജിഹാദിന്റെയും പേരില്‍ വില്‍ക്കുന്നത് ടോയ്ലറ്റ് ക്ലീനറുകളാണെന്നും ആ വിഷത്തില്‍ നിന്നും നിങ്ങളുടെ കുടുംബത്തെയും കുട്ടികളെയും സംരക്ഷിക്കൂ എന്ന അടിക്കുറിപ്പോടെയാണ് പരസ്യം പോസ്റ്റ് ചെയ്തത്.

Content Highlight: Delhi High Court slams Baba Ramdev over Sarbat Jihad allegations