Entertainment
ശബ്ദത്തിന്റെ കരുത്ത് മനസിലാക്കാന്‍ സഹായിച്ചത് എ.ആര്‍.റഹ്‌മാന്‍; എന്റെ ശബ്ദം ഏറ്റവും നന്നായി ഉപയോഗിച്ചത് മറ്റൊരാളും: സുജാത

സംഗീതപ്രേമികള്‍ക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് സുജാത മോഹന്‍. 1975ല്‍ ടൂറിസ്റ്റ് ബംഗ്ലാവ് എന്ന ചിത്രത്തിലൂടെയാണ് പിന്നണിഗാനരംഗത്ത് സുജാത തന്റെ സാന്നിധ്യമറിയിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ 2000ത്തിലധികം പാട്ടുകള്‍ സുജാത പാടിയിട്ടുണ്ട്. കേരള, തമിഴ്‌നാട് സംസ്ഥാന അവാര്‍ഡുകളും സുജാതയെ തേടിയെത്തിയിട്ടുണ്ട്.

പാട്ടില്‍ നിന്നും ഇടവേളയെടുത്ത് മടങ്ങി വന്നതിനെ കുറിച്ച് സംസാരിക്കുകയാണ് സുജാത. രണ്ടാം വരവില്‍ പാടിയ പാട്ടുകളാണ് പ്രൊഫഷണല്‍ ഗായികയായി താന്‍ തന്നെത്തന്നെ വിലയിരുത്തുന്നതെന്ന് സുജാത പറയുന്നു. തന്റെ രണ്ടാം വരവില്‍ ചിത്ര ഗായികയായി പേരെടുത്തിരുന്നുവെന്നും ജാനകിയമ്മയും സുശീലാമ്മയുമൊക്കെ പാട്ടുകള്‍ കുറച്ചുവെന്നും സുജാത പറഞ്ഞു.

തന്റെ ശബ്ദത്തിന്റെ കരുത്ത് മനസിലാക്കാന്‍ സഹായിച്ചത് എ.ആര്‍.റഹ്‌മാനാണെന്നും തന്റെ ശബ്ദം ഏറ്റവും നന്നായി ഉപയോഗിച്ചത് ഔസേപ്പച്ചനും എം. ജയചന്ദ്രനുമാണെന്നും സുജാത കൂട്ടിച്ചേര്‍ത്തു. വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുജാത.

‘തുമ്പീ തുമ്പീ തുള്ളാന്‍ വായോ…എന്ന പാട്ടൊക്കെ വളരെ ചെറിയ പ്രായത്തില്‍ പാടിയതാണ്. അതൊന്നും അത്ര ഓര്‍മ പോലുമില്ല. കൊച്ചുകുട്ടികളെ പാട്ടുപഠിപ്പിച്ചാല്‍ തത്തമ്മേ പൂച്ച പൂച്ച എന്നു തിരികെ പാടും പോലെയായിരുന്നു അതെല്ലാം. കല്യാണം കഴിക്കുന്നയാള്‍ ‘ഇനി പാടേണ്ട’ എന്ന് പറഞ്ഞാല്‍ പാട്ട് നിര്‍ത്തണം എന്ന് വരെ അന്ന് തീരുമാനിച്ചിരുന്നു.

കല്യാണത്തിന് മുമ്പ് ഒറ്റക്ക് എവിടേക്കും പോയിട്ടില്ല. കല്യാണം കഴിഞ്ഞ് എവിടെ പോയാലും മോഹന്‍ കൂട്ടുവരും. ആ കൂട്ടാണ് ഇവിടെ വരെ എത്തിച്ചത്. ജീവിതം വളരെ ലൈറ്റ് ആയി എടുത്തതും മോഹന്റെ കൂടെ കൂടിയ ശേഷമാണ്. അതുകൊണ്ടുതന്നെ രണ്ടാം വരവില്‍ പാടിയ പാട്ടുകളാണ് പ്രൊഫഷണല്‍ ഗായികയായി ഞാന്‍ എന്നെത്തന്നെ വിലയിരുത്തുന്നത്.

ആ വരവില്‍ ചിത്ര ഗായികയായി പേരെടുത്തിരുന്നു. ജാനകിയമ്മയും സുശീലാമ്മയുമൊക്കെ പതിയെ പാട്ടുകുറച്ചു. ചിത്രയ്‌ക്കെക്കൊപ്പം നിലനില്‍ക്കണമെങ്കില്‍ ചിത്ര പാടുന്നതില്‍ നിന്ന് വ്യത്യാസമായി പാടണമെന്ന് തോന്നി. വാക്കുകളുടെ എക്‌സ്പ്രഷനിലും വരികളുടെ ഭാവത്തിലും ആലാപന രീതിയിലുമൊക്കെ ശ്രദ്ധിക്കാന്‍ തുടങ്ങി.

എന്റെ ശബ്ദത്തിന്റെ കരുത്ത് മനസിലാക്കാന്‍ സഹായിച്ചത് എ.ആര്‍.റഹ്‌മാനാണ്. ‘ആത്തങ്കര മനമേ’ ‘പോരാളി പൊന്നുത്തായി’ ഒക്കെ എന്റെ ഐഡന്റിറ്റി ഉള്ള പാട്ടുകളാണ് വിദ്യാസാഗറാണ് എടുത്തു പറയേണ്ട മറ്റൊരാള്‍. ‘എന്റെ എല്ലാമെല്ലാമല്ലേ’ ഒക്കെ രസിച്ചു പാടിയ പാട്ടുകളാണ്.

ഔസേപ്പച്ചന്‍ ചേട്ടന്റെ ‘ഒരു പൂവിനെ നിശാശലഭം’ എടുത്തു പറയേണ്ട പാട്ടാണ്. എന്റെ ശബ്ദം ഏറ്റവും നന്നായി ഉപയോഗിച്ച മറ്റൊരാള്‍ എം. ജയചന്ദ്രനാണ്. ശബ്ദത്തിന്റെ പല മോഡുലേഷനുകളില്‍ കുട്ടന്‍ എന്നെ പാടിച്ചു,’ സുജാത പറയുന്നു.

Content Highlight: Sujatha Mohan talks about K S Chithra, A R Rahman, M Jayachandran And Ouseppachan