Advertisement
World News
ട്രംപിനെ വിമര്‍ശിച്ച കൊമേഡിയനെ പത്രപ്രവര്‍ത്തകരുടെ അത്താഴ വിരുന്നില്‍ നിന്നും ഒഴിവാക്കി വൈറ്റ് ഹൗസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 30, 10:44 am
Sunday, 30th March 2025, 4:14 pm

വാഷിങ്ടണ്‍: വൈറ്റ് ഹൗസ് കറസ്‌പോണ്ടിങ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന അത്താഴ വിരുന്നില്‍ നിന്നും കൊമേഡിയനും ട്രംപ് വിമര്‍ശകയുമായ ആംബര്‍ റഫിനെ ഒഴിവാക്കി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കുന്ന, ഏപ്രില്‍ 26ന് നടക്കുന്ന വാര്‍ഷിക വിരുന്നില്‍ നിന്നുമാണ് ഒഴിവാക്കിയത്.

കൊമേഡിയനായ ആംബര്‍ റഫ് തന്റെ മുന്‍ പരിപാടികളില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ചുവെന്നാരോപിച്ചാണ് അത്താഴ വിരുന്നില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്.

നേരത്തെ വൈറ്റ് ഹൈസ് ഡെപ്യൂട്ടി ചീഫ് സ്റ്റാഫായ ടെയ്‌ലര്‍ ബുഡോവിച്ച് റഫിനെ രണ്ടാം നിര ഹാസ്യനടനെന്ന് വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അംഗങ്ങളുടെ പട്ടികയില്‍ നിന്നും റഫിനെ ഒഴിവാക്കിയത്. അദ്ദേഹം ട്രംപ് ഭരണകൂടത്തെ കൊലപാതകികള്‍ എന്നുവിളിച്ചാണ് പരിപാടിയുടെ പ്രിവ്യൂ നടത്തുന്നതെന്നും ബുഡോവിച്ച് ആരോപിക്കുകയുണ്ടായി.

സി.എന്‍.എന്നിലെ ഹാവ് ഐ ഗോട്ട് ന്യൂസ് ഫോര്‍ യു എന്ന പരിപാടിയിലെ അഭിനേതാവും ലേറ്റ് നൈറ്റ് വിത്ത് സേത്ത് മെയേഴ്സ് എന്ന പരിപാടിയുടെ ദീര്‍ഘകാല എഴുത്തുകാരിയുമാണ് റഫ്. റഫിനെ വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷന്റെ ഒമ്പതംഗ എക്സിക്യൂട്ടീവ് ബോര്‍ഡിന്റെ ഏകകണ്ഠമായ തീരുമാനത്തെത്തുടര്‍ന്ന് നീക്കം ചെയ്തതായി ഡബ്ല്യു.എച്ച്.സി.എ പ്രസിഡന്റ് യൂജിന്‍ ഡാനിയല്‍സ് പറഞ്ഞു.

ഈ പരിപാടിക്ക് ആതിഥേയത്വം വഹിക്കാനായിരുന്നു റഫിനെ തീരുമാനിച്ചിരുന്നത്. പിന്നാലെ
ഈ വര്‍ഷം ഇനി ഒരു ഹാസ്യ പ്രകടനം അവതരിപ്പിക്കേണ്ടതില്ലെന്ന് ബോര്‍ഡ് ഏകകണ്ഠമായി തീരുമാനിക്കുകയുമായിരുന്നു.

പത്രപ്രവര്‍ത്തനത്തിന്റെ നിര്‍ണായക ഘടത്തില്‍ വിഭജനത്തിന്റെ രാഷ്ട്രീയത്തിനല്ല പ്രാധാന്യം നല്‍കേണ്ടതെന്നും മറിച്ച് പത്രപ്രവര്‍ത്തകര്‍ക്ക് സ്‌കോളര്‍ഷിപ്പും മാര്‍ഗനിര്‍ദേശം നല്‍കാനുമാണ് ശ്രമിക്കുന്നതെന്നും ഡബ്ല്യൂ.എച്ച്.സി.എ പ്രസിഡന്റ് യൂജിന്‍ ഡാനിയേല്‍സ് പറഞ്ഞു.

അതേസമയം പ്രസ്തുത പരിപാടിയില്‍ ട്രംപ് പങ്കെടുക്കില്ലെന്നും നേരത്തെയും പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ട്രംപ് മാറി നിന്നിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: White House removes comedian from Trump-criticizing correspondents’ dinner