ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തി ഇന്ന് മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് റോണി ഡേവിഡ്. 2006ല്‍ പച്ചക്കുതിര എന്ന ചിത്രത്തിലൂടെയായിരുന്നു റോണി തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് നിരവധി സിനിമകളിലും ചില ഷോര്‍ട്ട് ഫിലിമുകളിലും അദ്ദേഹം അഭിനയിച്ചു. ചട്ടമ്പിനാട്, ഡാഡി കൂള്‍, ബെസ്റ്റ് ആക്ടര്‍, ദ ഗ്രേറ്റ് ഫാദര്‍, സ്ട്രീറ്റ് ലൈറ്റ്‌സ്, ഉണ്ട, കണ്ണൂര്‍ സ്‌ക്വാഡ് തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളിലും റോണി ഡേവിഡ് അഭിനയിച്ചിരുന്നു.
ഇപ്പോള്‍ സംവിധായകന്‍ സിദ്ദിഖിനെ കുറിച്ച് സംസാരിക്കുകയാണ് റോണി ഡേവിഡ്.
സിദ്ദിഖിനെ പോലെ സൗമ്യനായ ഒരു വ്യക്തിയെ താന്‍ കണ്ടിട്ടില്ലെന്നും അദ്ദേഹത്തിന്റെ കൂടെ ബോഡിഗാര്‍ഡില്‍ മാത്രമേ താന്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്നും റോണി ഡേവിഡ് പറയുന്നു. വളരെ ദേഷ്യപ്പെടുന്ന സംവിധായകരെ താന്‍ കണ്ടിട്ടുണ്ടെന്നും എന്നാല്‍ സിദ്ദിഖിനെ പോലെ ആരെയും നോവിക്കാത്ത ഒരു മനുഷ്യനെ താന്‍ കണ്ടിട്ടില്ലെന്നും റോണി ഡേവിഡ്. മൂവി വേള്‍ഡ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ബോഡിഗാര്‍ഡ് എന്ന പടത്തില്‍ മാത്രമേ ഞാന്‍ സിദ്ദിഖ് ഇക്കയുടെ കൂടെ വര്‍ക്ക് ചെയ്തിട്ടുള്ളൂ. ഒരു മനുഷ്യനേ പോലും നോവിക്കാന്‍ അറിയാത്ത വ്യക്തിയാണ് അദ്ദേഹം. ഒരാളെ പോലും നോവിക്കാതെ പോകുന്ന വ്യക്തിയെന്ന് നമ്മള്‍ പറയില്ലേ. എത്രയോ ഡയറക്ടേര്‍സ് ക്ഷുഭിതരായി തെറി പറയുന്നത് കണ്ടിട്ടുണ്ട്. അല്ലാത്തവരെ കണ്ടിട്ടുണ്ട്. പക്ഷേ ഇങ്ങനത്തെ ഒരാളെ ഞാന്‍ കണ്ടിട്ടില്ല. അത്രയും സൗമ്യനായിട്ട് അത് കുറച്ചൂടെ ശ്രദ്ധിക്കണം കേട്ടോ, അങ്ങനെ വളരെ സൗമ്യമായി പറയുന്ന ഒരാളെ ഞാന്‍ കണ്ടിട്ടില്ല,’ റോണി ഡവിഡ് പറയുന്നു.
മിമിക്രിയിലൂടെ സിനിമാരംഗത്തേക്ക് പ്രവേശിച്ച് മലയാള സിനിമയുടെ നാഴികകല്ലായി തീര്‍ന്ന സംവിധായകനാണ് സിദ്ദിഖ്. പിന്നീടാണ് സിദ്ദിഖ്-ലാല്‍ സൗഹൃദത്തിന്റെ വളര്‍ച്ച. ഫാസിലിന്റെ സഹായികളായി പ്രവര്‍ത്തിച്ച ഇരുവരും റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകരായി. പിന്നീട ഒന്നിച്ച് ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്നാം കോളനി തുടങ്ങിയ നിരവധി ഹിറ്റുകള്‍ ഒരുക്കി, ഇരുവരും പിരിയുകയും ചെയ്തു. മലയാളത്തില്‍ ഏറ്റവും കാലം തീയേറ്ററുകളില്‍ ഓടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഗോഡ് ഫാദര്‍.
Content Highlight: Rony david about director Siddique