Advertisement
Entertainment news
അന്ന് ഞാൻ വെറുത്ത് നിർത്തിയതാണ്; പിന്നീടതിന് പോയിട്ടില്ല: ഗ്രേസ് ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jan 24, 07:49 am
Wednesday, 24th January 2024, 1:19 pm

കലോത്സവ സമയത്ത് കുട്ടികൾ അനുഭവിക്കുന്ന മാനസിക സംഘർഷത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി ഗ്രേസ് ആന്റണി. താനും ആ പ്രഷർ അനുഭവിച്ചിട്ടുള്ള ഒരാളാണെന്നും ഒട്ടേറെ കലോത്സവ വേദികളിൽ താൻ മത്സരിച്ചിട്ടുണ്ടെന്നും ഗ്രേസ് പറഞ്ഞു. ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ജഡ്ജ് ആയിട്ടും പോകാറുണ്ടെന്നും ഗ്രേസ് പറഞ്ഞു.

എന്നാൽ അവിടെ പോകുമ്പോൾ വേദിയിൽ ഇരുന്നുറങ്ങുന്ന ജഡ്ജ്മാരുണ്ടെന്നും ഗ്രേസ് പറഞ്ഞു. അവർക്ക് ഉറങ്ങാൻ ആണെങ്കിൽ വീട്ടിൽ കിടന്നുറങ്ങിയാൽ പോരെയെന്നും എന്തിനാണ് അവിടെ കിടന്നുറങ്ങുന്നതെന്നും ഗ്രേസ് ചോദിക്കുന്നുണ്ട്. റെഡ് എഫ്.എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ഞാനും ആ പ്രഷർ അനുഭവിച്ചിട്ടുള്ള ഒരാളാണ്. ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒട്ടേറെ കലോത്സവ വേദിയിൽ പങ്കെടുത്തിട്ടുള്ള ആളാണ്. അതിനുവേണ്ടി എന്റെ മാതാപിതാക്കൾ കഷ്ടപ്പെട്ടത് കണ്ടിട്ടുള്ള ആളാണ്. അതിനുശേഷം ഞാൻ പണിക്ക് പോകുന്നില്ല എന്ന് തീരുമാനിച്ച ഒരാളാണ്. ഇത്രയും സ്റ്റേജിലൂടെ കടന്നുപോയ ഒരാളാണ് ഞാൻ.

അതേപോലെതന്നെ ഞാൻ ഡിഗ്രി പഠിക്കുന്ന സമയത്ത് നമുക്ക് കോളജിൽ നിന്ന് ജഡ്ജ് ആയിട്ട് പോകാനുള്ള അവസരങ്ങൾ വരാറുണ്ട്. അങ്ങനെ പോയിരിക്കുന്ന സമയത്ത് നമ്മളെ സമീപിക്കുന്ന മാതാപിതാക്കളെയും ഞാൻ കണ്ടിട്ടുണ്ട്. ‘എന്റെ കുട്ടിക്ക് പ്രൈസ് കൊടുക്കണേ ഇത്ര രൂപ തരാം’ എന്ന് പറയുന്നവരാണ്.

അതേ സാഹചര്യത്തിൽ ഞാൻ പോയി ഇരിക്കുമ്പോഴത്തേക്കും അവിടെ ഇരുന്നുറങ്ങുന്ന ജഡ്ജ്മാരുണ്ട്. നമ്മൾ ഒരുപാട് വീഡിയോസിൽ കാണുന്നുണ്ട്. ഇവർക്ക് ഉറങ്ങാൻ ആണെങ്കിൽ വീട്ടിൽ കിടന്നുറങ്ങിയാൽ പോരെ. എന്തിനാണ് അവിടെ കിടന്നുറങ്ങുന്നത്. ശരിയാണ് ഒരു ഐറ്റത്തിന് 20 കുട്ടികളൊക്കെ ഉണ്ടാകും. അഞ്ചു മിനിട്ട് വെച്ച് കൂട്ടിയാൽ ആ ഐറ്റം കഴിയാൻ ഒരുപാട് സമയമെടുക്കും. ക്ഷീണം എല്ലാവർക്കും ഉണ്ടാകും. പക്ഷേ ആ ഒരു കുട്ടി എത്രനാൾ കഷ്ടപ്പെട്ട് പഠിച്ചിട്ടാണ് അവിടെ വന്നിട്ടുള്ളത്, അതിനുള്ള ഒരു മിനിമം മാന്യതയെങ്കിലും നമ്മൾ കാണിക്കേണ്ട. അവരുടെ സമയവും നമ്മുടെ സമയം പോലെ തന്നെ ഉള്ളതാണ്. ഞാൻ അന്ന് വെറുത്ത് നിർത്തിയതാണ്,’ ഗ്രേസ് ആന്റണി പറഞ്ഞു.

Content Highlight: Grace antony about State Arts Festival