തിരുത്തുന്നത് പത്ത് വര്‍ഷത്തെ പിഴവ്; സംവരണ വിരുദ്ധ പരാമര്‍ശത്തില്‍ പാഠപുസ്തകത്തിലെ തെറ്റ് തിരുത്താന്‍ സര്‍ക്കാര്‍
Kerala News
തിരുത്തുന്നത് പത്ത് വര്‍ഷത്തെ പിഴവ്; സംവരണ വിരുദ്ധ പരാമര്‍ശത്തില്‍ പാഠപുസ്തകത്തിലെ തെറ്റ് തിരുത്താന്‍ സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th February 2024, 12:26 pm

തിരുവനന്തപുരം: പ്ലസ് വണ്‍ പാഠപുസ്തകത്തിലെ സംവരണവിരുദ്ധ പരാമര്‍ശം പത്ത് വര്‍ഷത്തിന് ശേഷം സര്‍ക്കാര്‍ തിരുത്തുന്നു. പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥികളുടെ സോഷ്യല്‍ വര്‍ക് പുസ്തകത്തിലെ സംവരണവിരുദ്ധ പരാമര്‍ശം നീക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

വര്‍ഗീയ വിപത്ത് നിയന്ത്രിക്കാനുള്ള എട്ട് പരിഹാര മാര്‍ഗങ്ങളില്‍ ഒന്നായി ‘സാമുദായിക സംവരണത്തിന് പകരം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തണം’ എന്നാണ് പാഠപുസ്തകത്തിലുണ്ടായിരുന്നത്.

2014-16 കാലയളവില്‍ എസ്.സി.ഇ.ആര്‍.ടി തയ്യാറാക്കിയ പുസ്തകത്തിലെ ഈ ഗുരുതരമായ പിഴവ് ഇതുവരെ അധികൃതര്‍ക്കോ അധ്യാപകര്‍ക്കോ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന നടുക്കത്തിലാണ് സര്‍ക്കാര്‍. തിരുത്തല്‍ നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി എസ്.സി.ഇ.ആര്‍.ടിക്ക് അടിയന്തര നിര്‍ദേശം നല്‍കി.

പ്ലസ് വണ്‍ സംസ്ഥാന സിലബസില്‍ സോഷ്യല്‍ വര്‍ക് വിഷയം ഓപ്ഷണലായി എടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള പുസ്തകത്തിലാണ് പിഴവ് വന്നത്. വര്‍ഗീയതയുടെ പരിണിത ഫലങ്ങളെ കുറിച്ച് വിവരിച്ച ശേഷം ഈ വിപത്ത് നിയന്ത്രിക്കാനുള്ള പരിഹാര മാര്‍ഗങ്ങളില്‍ ഒന്നായാണ് ഈ നിര്‍ദേശം ഉള്‍ക്കൊള്ളിച്ചിരുന്നത്.

‘നമ്മുടെ രാജ്യത്ത് എന്നത് പോലെ ലോകം മുഴുവന്‍ നേരിടുന്ന സാമൂഹിക രാഷ്ട്രീയ പ്രശ്‌നമാണ് വര്‍ഗീയത. ഇത് നിയന്ത്രിക്കുവാന്‍ നമുക്ക് എന്തു ചെയ്യുവാന്‍ കഴിയും? ചര്‍ച്ച ചെയ്യുക,’ എന്നതിന് താഴെയാണ് സംവരണ വിരുദ്ധ പരാമര്‍ശം.

‘അന്യ വിശ്വാസങ്ങളെ മനസ്സിലാക്കുന്നതിനും സഹിഷ്ണുതയ്ക്കും പ്രോത്സാഹനം നല്‍കുക, പാരസ്പരിക മതപഠനവും ആരാധനയും പ്രോത്സാഹിപ്പിക്കുക, പാരമ്പര്യ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠിക്കുന്നതിന് നിര്‍ബന്ധം ഒഴിവാക്കുക, രാഷ്ട്രീയത്തില്‍നിന്ന് മതവിശ്വാസത്തെ മാറ്റി നിര്‍ത്തുക, സാമുദായിക സംവരണത്തിന് പകരം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുക, ദേശീയ ഐക്യത്തിനും ദേശീയോദ്ഗ്രഥനത്തിനും പ്രാധാന്യം നല്‍കുന്ന ദേശീയ ആഘോഷങ്ങളെ പ്രോത്സാഹിപ്പിക്കുക, സാമുദായിക തീവ്രവികാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളെ നിരോധിക്കുക, സമൂഹത്തില്‍ സമാധാന സമിതികള്‍ രൂപീകരിക്കുക,’ എന്നിങ്ങനെയാണ് പരിഹാരമാര്‍ഗമായി വിശദീകരിക്കുന്നത്.

സാമുദായിക സംഘടനകള്‍ സാമൂഹ്യ-സാംസ്‌കാരിക വികസനത്തിന് ഭീഷണിയാകുമെന്നും പാഠപുസ്തകം പറയുന്നു. ‘വര്‍ഗീയതയുടെ പരിണിതഫലങ്ങള്‍ പ്രവചനാതീതമാണ്. സാമൂഹ്യ ഐക്യം സ്ഥിരമായും തകരാറിലായേക്കാം. സാമുദായിക സംഘടനകള്‍ സാമൂഹ്യ-സാംസ്‌കാരിക വികസനത്തിന് ഭീഷണിയാകും. അക്രമവും സാമൂഹ്യ അരാജകത്വവും സമൂഹത്തില്‍ മുന്നിട്ടു നില്‍ക്കും…  വിദേശ ആക്രമണം ഉണ്ടാകുന്നതിന് ഈ സന്ദര്‍ഭം കാരണമാകും,’ പുസ്തകം വിശദീകരിക്കുന്നു.

പ്ലസ് വണ്‍ പാഠപുസ്തകത്തിലെ സാമുദായിക സംവരണ വിരുദ്ധ പരാമര്‍ശം സര്‍ക്കാര്‍ നിലപാടല്ലെന്നും അടുത്ത അധ്യായന വര്‍ഷം തിരുത്തുമെന്നും മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

പുസ്തകം മലയാളത്തില്‍ അച്ചടിച്ചിട്ടില്ല. പകരം, വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പഠിപ്പിക്കാനാണ് അധ്യാപകര്‍ക്കുള്ള നിര്‍ദേശം.

 

 

Content highlight: Govt to correct mistake in textbook on anti-reservation reference