Advertisement
Film News
സിനിമയില്‍ ഞാന്‍ ചെയ്ത പാട്ടുകള്‍ കൂറയാണെന്ന് തോന്നിയിട്ടുണ്ട്, വിഷ്വല്‍സുമായി ഒരു ബന്ധവുമില്ലാത്ത പാട്ടുകള്‍ ഒരുപാട് ചെയ്തിട്ടുണ്ട്: ഗോവിന്ദ് വസന്ത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 May 20, 07:31 am
Friday, 20th May 2022, 1:01 pm

’96’ എന്ന തമിഴ് സിനിമയിലെ ഗാനത്തിലൂടെ മുഴുവന്‍ പ്രേക്ഷകരുടെയും ഹൃദയം കവര്‍ന്ന സംഗീത സംവിധായകനാണ് ഗോവിന്ദ് വസന്ത. തൈക്കുടം ബ്രിഡ്ജിലൂടെ സംഗീത ലോകത്ത് വ്യക്തി മുദ്ര പതിപ്പിച്ച ഗോവിന്ദിന്റെ ഏറ്റവും വലിയ ഹിറ്റാണ് 96.

എ.കെ സാജന്റെ സംവിധാനത്തില്‍ ആസിഫ് അലി നായകനായ ‘അസുരവിത്ത്’ എന്ന ചിത്രത്തിന്റ പശ്ചാത്തല സംഗീതത്തിലൂടെയാണ് അദ്ദേഹം സിനിമ രംഗത്തേക്ക് കടന്ന് വന്നത്. ദുല്‍ഖര്‍ സല്‍മാന്‍, അദിതി റാവു ഹൈദരി, കാജല്‍ അഗര്‍വാള്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ‘ഹേ സിനാമിക’ എന്ന ചിത്രമാണ് ഗോവിന്ദിന്റെ സംഗീതത്തില്‍ അവസാനമായി പുറത്തിറങ്ങിയത്. ഡാന്‍സ് കൊറിയോഗ്രഫര്‍ ബ്രിന്ദ മാസ്റ്ററാണ് ഹേ സിനാമിക സംവിധാനം ചെയ്തത്.

ലൈവ് പെര്‍ഫോമന്‍സസാണ് തനിക്ക് കൂടുതല്‍ ഇഷ്ടമെന്നും, തന്റെ പെര്‍ഫോമന്‍സിന് തെറി വിളിയും കൂവലുകളും ഒരുപാട് കിട്ടിയിട്ടുണ്ടെന്നും പറയുകയാണ് ഗോവിന്ദ് വസന്ത. റെഡ് എഫ്.എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ഒരു മ്യുസിഷന്‍ എന്ന നിലയില്‍ ലൈവ് പെര്‍ഫോമന്‍സസാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. അത് പകരം വെയ്ക്കാന്‍ പറ്റാത്ത ഒരു വൈബാണ്. അതിന് മോശം പ്രതികരണമാണെങ്കില്‍ അപ്പോള്‍ തന്നെ അറിയാന്‍ പറ്റും. മോശമാണെങ്കില്‍ കല്ലേറും നല്ലതാണെങ്കില്‍ കൈയ്യടിയും കിട്ടും. അത് എനിക്ക് ഇഷ്ടമാണ്.

എന്റെ പെര്‍ഫോമന്‍സിന് തെറി വിളിയും കൂവലുകളും ഒരുപാട് കിട്ടിയിട്ടുണ്ട്. തൈക്കുടം ബ്രിഡ്ജ് വന്നതിന് ശേഷവും ഇഷ്ടം പോലെ കിട്ടിയിട്ടുണ്ട്. എല്ലാത്തിനും മറുവശമുണ്ടാവുമല്ലോ, ഇഷ്ടമില്ലാത്തവരും ഇഷ്ടപ്പെടുന്നവരും ഉണ്ടാകും. പാട്ടിന് ഓരോര്‍ത്തര്‍ക്കും ഓരോ ടേസ്റ്റാണല്ലോ. സംഗീതം എന്നത് ഒരാളുടെ വ്യക്തിപരമായ ഇഷ്ടമാണ്. എനിക്ക് ഒരു പാട്ട് ഇഷ്ടമായത് കൊണ്ട്, ബാക്കി ഉള്ളവര്‍ക്കും ഇഷ്ടപ്പെടണം എന്നില്ല,” ഗോവിന്ദ് പറഞ്ഞു.

താന്‍ സ്വയം ചെയ്ത പാട്ട് മോശമായി തോന്നിയിട്ടുണ്ടെന്നും ഗോവിന്ദ് വസന്ത പറയുന്നുണ്ട്.

”പാട്ടും വിഷ്വല്‍സുമായി ഒരു ബന്ധവുമില്ലാത്ത പാട്ടുകള്‍ സിനിമയില്‍ ഞാന്‍ ഒരുപാട് ചെയ്തിട്ടുണ്ട്. എന്നാല്‍ അത് ഏതാണ് എന്ന് പറയുന്നത് ശരിയല്ല. അത് ശരിയാക്കാമായിരുന്നു എന്ന് തോന്നിയിരുന്നു. എന്റെ ചില പാട്ടുകള്‍ കൂറയാണെന്നും തോന്നിയിട്ടുണ്ട്. ഞാന്‍ തന്നെ ആ പാട്ട് ചെയ്തതിന്റെ പ്രശ്നങ്ങളാണത്,” ഗോവിന്ദ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ‘ജോ ആന്റ് ജോ’ എന്ന പുതിയ ചിത്രത്തിന് ഗോവിന്ദ് വസന്താണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. നവാഗതനായ അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ജോണി ആന്റണി, നിഖില വിമല്‍, മാത്യു തോമസ്, നസ്ലിന്‍ കെ. ഗഫൂര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Govind Vasantha says that he has received a lot of shouts for his performance