സംഘപരിവാര്‍ അരിഞ്ഞുമാറ്റിയ നാവുകള്‍ ശബ്ദിച്ചത് ഇന്ത്യയ്ക്കുവേണ്ടി
Opinion
സംഘപരിവാര്‍ അരിഞ്ഞുമാറ്റിയ നാവുകള്‍ ശബ്ദിച്ചത് ഇന്ത്യയ്ക്കുവേണ്ടി
മഹേഷ് കക്കത്ത്
Monday, 19th February 2018, 8:56 pm

ഇന്ത്യയെ കണ്ടെത്താന്‍ പരിശ്രമിച്ച രാഷ്ട്രശില്‍പി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ഇന്ത്യയുടെ ഐക്യത്തിനായി അവസാനശ്വാസം വരെയും പ്രയത്‌നിച്ച രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെയും ഓര്‍മ്മകളെ പോലും വേട്ടയാടുന്ന വര്‍ത്തമാനകാലത്ത് ഹിന്ദു തീവ്രവാദികള്‍ വെടിവച്ചുകൊന്ന ഗോവിന്ദ് പന്‍സാരെയുടെ ഓര്‍മ്മകള്‍ ധീരമായി ഉയര്‍ത്തിപിടിക്കേണ്ടതുണ്ട്.

അദ്ദേഹത്തിന്റേതുള്‍പ്പെടെ സംഘപരിവാര്‍ അരിഞ്ഞു വീഴ്ത്തിയ നാവുകള്‍ ശബ്ദിച്ചുകൊണ്ടിരുന്നത് ജനാധിപത്യ ഇന്ത്യയ്ക്ക് വേണ്ടിയാണ്. ഏറ്റവും അവസാനം സംഘപരിവാറിന്റെ തോക്കിനിരയായ പത്രപ്രവര്‍ത്തക ഗൗരിലങ്കേഷും കേരളത്തിലെ തെരുവില്‍ കയ്യേറ്റം ചെയ്യപ്പെട്ട കവി കുരീപ്പുഴ ശ്രീകുമാറും ഉള്‍പ്പെടെയുള്ള എഴുത്തുകാരും ബുദ്ധിജീവികളും കലാകാരന്‍മാരും ശബ്ദിച്ചത് ആര്‍.എസ്.എസിന്റെ “ഹിന്ദുത്വ” അജണ്ടയ്ക്ക് എതിരായിരുന്നു.

നരേന്ദ്ര ധാബോല്‍ക്കര്‍, ഗോവിന്ദ് പാന്‍സാരെ, എം.എം. കല്‍ബുര്‍ഗി, ഗൗരിലങ്കേഷ് തൊട്ട് വധഭീഷണിയില്‍ കഴിയുന്ന എഴുത്തുകാരന്‍ ആര്‍.എസ്.ഭഗവാനും വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറും ഉള്‍പ്പെടെയുള്ളവരെ ദേശദ്രോഹികള്‍ എന്ന് മുദ്രകുത്തിയാണ് സംഘപരിവാര്‍ വേട്ടയാടിയത്. തങ്ങള്‍ക്കെതിരെ ഉയരുന്ന കൈകള്‍ തല്ലിതകര്‍ക്കുകയും ശബ്ദിക്കുന്ന നാവുകള്‍ അരിഞ്ഞെടുക്കുകയും ചെയ്യുന്ന നൃശംസത ഇപ്പോഴും തുടരുന്നുണ്ട് ഇന്ത്യയില്‍.

 

പുസ്തകം നിരോധിച്ചും സിനിമകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ചും ദളിതരെ ചുട്ടെരിച്ചും മതന്യൂനപക്ഷങ്ങളെ ആക്രമിച്ചും കമ്മ്യൂണിസ്റ്റുകാരെ കൊന്നുതള്ളിയും മോഡി ഭരണത്തില്‍ ആര്‍.എസ്.എസ്. ക്രൂരതകള്‍ അരങ്ങുതകര്‍ക്കുമ്പോള്‍ അരുതെന്ന് വിളിച്ചുപറയുന്നവരും പ്രതിരോധത്തിന്റെ കോട്ടകള്‍ തീര്‍ക്കുന്നവരും ദേശവിരുദ്ധരായി പ്രഖ്യാപിക്കപ്പെടുകയാണ്.

ഫെബ്രുവരി 20 ഹിന്ദുവര്‍ഗ്ഗീയവാദികളുടെ വെടിയുണ്ടകള്‍ക്കിരയായി രക്തസാക്ഷിത്വം വരിച്ച ഗോവിന്ദ് പാന്‍സാരെയുടെ മൂന്നാം രക്തസാക്ഷിത്വദിനമാണ്. 2015 ഫെബ്രുവരി 16 ന് മഹാരാഷ്ട്രയിലെ കൊല്‍ഹാപൂര്‍ പട്ടണത്തില്‍ രാവിലെ ഭാര്യ ഉമപന്‍സാരെയോടൊപ്പമുള്ള പ്രഭാത സവാരിക്കിടയിലാണ് അദ്ദേഹത്തിനും ഭാര്യയ്ക്കും വെടിയേറ്റത്. ഫെബ്രുവരി 20 ന് മരണത്തിന് കീഴടങ്ങി. സി.പി.ഐ മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റിയുടെ മുന്‍ സെക്രട്ടറിയായിരുന്ന ഗോവിന്ദ് പന്‍സാരെ പ്രഗത്ഭനായ വാഗ്മിയും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായിരുന്നു.

എന്തായിരുന്നു ഗോവിന്ദ് പന്‍സാരെ ചെയ്ത കുറ്റം? ചരിത്രത്തെ നിഷേധിക്കുകയും തിരുത്തി എഴുതുകയും ചെയ്യുന്ന സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ടയെ പൊളിച്ചു കാണിക്കാന്‍ തന്റെ അറിവും എഴുത്തും ഉപയോഗിച്ചു എന്ന കുറ്റത്തിനാണ് അവര്‍ ഗോവിന്ദ് പന്‍സാരെയുടെ ജീവനെടുത്തത്.

 

മഹാരാഷ്ട്രയിലെ മുഴുവന്‍ ജനങ്ങള്‍ക്കും അവകാശപ്പെട്ട ശിവജിയെ സവര്‍ണ്ണ ഹൈന്ദവതയുടെ അടയാളമാക്കി ഉയര്‍ത്തിക്കാട്ടാനുള്ള ഹൈന്ദവസംഘടനകളുടെ ശ്രമത്തെയാണ് ഗോവിന്ദ് പാന്‍സാരെ ചരിത്രവസ്തുതകള്‍ കൊണ്ട് വെല്ലുവിളിച്ചത്. അദ്ദേഹം രചിച്ച ശിവജി ആരായിരുന്നു? (Who was shivaji) എന്ന ചരിത്രഗ്രന്ഥം വിവിധ ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷിലുമായി ലക്ഷക്കണക്കിന് കോപ്പികളാണ് വിറ്റഴിഞ്ഞത്. അന്യമത വിദ്വേഷം വ്യാപിപ്പിക്കാന്‍ ശിവജിയുടെ പേരും ചിത്രവും ഉപയോഗിക്കുന്ന സവര്‍ണ്ണ ഫാസിസ്റ്റ് ശക്തികളുടെ നിലപാടുകളിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാണിച്ച പ്രസ്തുത കൃതി മറാത്തി ഭാഷയില്‍ മാത്രം രണ്ട് ലക്ഷത്തോളം കോപ്പികളാണ് ഇതുവരെ പ്രചരിച്ചത്.

ചരിത്രത്തിലെ ഛത്രപതി ശിവജിയുടേത് മതനിരപക്ഷത ഉയര്‍ത്തിപ്പിടിച്ചിരുന്ന, സ്ത്രീകളുടെയും കര്‍ഷകരുടെയും നന്മയ്ക്കായി സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു എന്ന് തന്റെ ഗ്രന്ഥത്തില്‍ ഗോവിന്ദ് പാന്‍സാരെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് മതഭ്രാന്തന്‍മാരെ വിറളിപിടിപ്പിച്ചത്.

ഗോവിന്ദ് പന്‍സാരെയുടെ ജീവനെടുത്ത അതേ ആശയത്തിന്റെ വക്താക്കള്‍ തന്നെയാണ് യുക്തിചിന്തകനായിരുന്ന ഡോ. നരേന്ദ്ര ധാബോല്‍ക്കറെയും കര്‍ണ്ണാടകയിലെ വൈസ് ചാന്‍സിലറും കന്നഡ ഭാഷാ പണ്ഡിതനുമായിരുന്ന പ്രൊഫ. എം.എം. കല്‍ബുര്‍ഗിയെയും പത്രപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിനെയും മരണത്തിലേക്ക് തള്ളിയിട്ടത്. ഇവര്‍ തമ്മിലുള്ള സാമനത ജീവിതത്തില്‍ ഉടനീളം യുക്തി ചിന്തയുടെ വക്താക്കളായിരുന്നു എന്നതും സംഘപരിവാറിന്റെ മനുഷ്യവിരുദ്ധമായ ഹിന്ദുത്വ ആശയത്തിന്റെയും ശക്തരായ വിമര്‍ശകരായിരുന്നു എന്നതുമാണ്.

 

ശിവജി ആരായിരുന്നു എന്ന ഗ്രന്ഥത്തില്‍ ഗോവിന്ദ് പാന്‍സാരെ ചോദിക്കുന്നുണ്ട്, എന്തുകൊണ്ടാണ് ഒരു രാജാവ് ഈ ജനാധിപത്യ വ്യവസ്ഥിതയിലും ഇത്രമേല്‍ ആദരിക്കപ്പെടുന്നത് എന്ന്. എന്തുകൊണ്ടാണ് ശിവജിയുടെ ജന്മദിനവും ചരമദിനവും ഇത്രവിപുലമായി, ഉത്സാഹപൂര്‍വ്വം ഇപ്പോഴും ആഘോഷിക്കപ്പെടുന്നത് എന്ന്.

നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള രാജഭരണകാലത്ത് ഗ്രാമീണ ജനത അവരുടെ രാജാവ് ആരാണ് എന്ന കാര്യത്തില്‍ വലിയ താല്‍പ്പര്യം ഒന്നും കാണിച്ചിരുന്നില്ല. രാജാവ് ആരായിരുന്നാലും ഒരു ഗ്രാമീണ കര്‍ഷകന്റെ ജീവിതത്തില്‍ അത് ഒരു മാറ്റവും വരുത്തിയിരുന്നില്ല. എന്നാല്‍ ശിവജിയുടെ ഭരണം സ്ഥാപിതമായതോടെ വലിയ മാറ്റങ്ങള്‍ പ്രകടമായി. രാജാവും ഗ്രാമീണരും തമ്മില്‍ നേരിട്ട് ബന്ധപ്പെടാന്‍ അവസരമുണ്ടായി. രാജാവിനെ കാണാനും പരാതി പറയാനും സാഹചര്യം ഒരുങ്ങി. അവരുടെ ക്ഷേമാന്വേഷണം നടത്താനും അവര്‍ക്കെതിരെ അനീതി നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും ശിവജി തയ്യാറായി.

ജന്മിമാരാല്‍ ചൂഷണം ചെയ്യപ്പെട്ട സ്ത്രീകളുടെ സുരക്ഷയ്ക്കായി പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. സ്ത്രീകളെ അതിക്രമങ്ങളില്‍ നിന്നും സംരക്ഷിക്കുക ശിവജിയുടെ മുഖ്യലക്ഷ്യം തന്നെയായിരുന്നു. ഒരു സ്ത്രീ പോലും, ഹിന്ദുവായാലും മുസ്ലീമായാലും യുദ്ധത്തില്‍ പോലും പീഡിപ്പിക്കപ്പെടരുത് എന്ന് ശിവജി തന്റെ പടനായകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതൊക്കെ ശിവജി എന്ന രാജാവിനോട് ഗ്രാമീണ കര്‍ഷകര്‍ക്കുള്ള സ്‌നേഹം വര്‍ദ്ധിക്കുവാന്‍ കാരണമായി. ശിവജി ഈ ജനാധിപത്യ കാലത്ത് സ്മരിക്കപ്പെടുന്നത് ഇത്തരം കാരണങ്ങള്‍ കൊണ്ടാണെന്ന് ഗോവിന്ദ് പന്‍സാരെ നിരീക്ഷിച്ചിട്ടുണ്ട്.

 

മതങ്ങളോട് ശിവജിയുടെ പൊതുവായ സമീപനം എന്തായിരുന്നു? ശിവജി ഒരു മുസ്ലീം വിരോധി ആയിരുന്നോ? അദ്ദേഹം ഒരു ഹിന്ദു മതഭ്രാന്തനായിരുന്നോ? ഈ ചോദ്യങ്ങള്‍ക്കെല്ലാം ചരിത്രരേഖകളുടെ പിന്‍ബലത്തോടെ ഗോവിന്ദ് പന്‍സാരെ ഉത്തരം നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കീഴില്‍ ധാരാളം മുസല്‍മാന്‍മാര്‍ ജോലി ചെയ്തിരുന്നു. പലരും വളരെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ നിയമിക്കപ്പെട്ടു.

ശിവജിയുടെ പീരങ്കിപ്പടയുടെ തലവന്‍ ഒരു മുസ്‌ലീമായിരുന്നു. ഇബ്രാഹിം ഖാന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. (അക്കാലത്തെ ഏറ്റവും ആധുനികമായ ആയുധമായിരുന്നു പീരങ്കി). കോട്ടകള്‍ പിടിച്ചടക്കാനുള്ള യുദ്ധത്തില്‍ പീരങ്കിക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നാവികസേനയും ഏറെ പ്രത്യേകത നിറഞ്ഞതായിരുന്നു. കൊങ്കണ്‍ തീരത്തെ ദീര്‍ഘമായ കടല്‍ത്തീരം സംരക്ഷിക്കാന്‍ ലക്ഷ്യം വച്ച് സ്ഥാപിച്ച നാവികസേനയുടെ തലവനും മുസ്‌ലീമായിരുന്നു. ഇവരാരും ഒറ്റപ്പെട്ട മനുഷ്യരായിരുന്നില്ല.

അവരുടെ കീഴില്‍ മുസ്‌ലിം സൈനികരും ശിവജിക്കായി പടപൊരുതി. ശിവജി ഇസ്‌ലാം മതത്തെ ഇല്ലാതാക്കുന്ന നയമാണ് സ്വീകരിച്ചിരുന്നതെങ്കില്‍ ഈ മുസല്‍മാന്‍മാര്‍ ഒരിക്കലും അദ്ദേഹത്തോടൊപ്പം ചേരില്ലായിരുന്നല്ലോ എന്ന് ഗോവിന്ദ് പന്‍സാരെ ചോദിക്കുന്നുണ്ട്. ഇത്രയും വിശദമായി ശിവജിയെ പഠിച്ച് അദ്ദേഹം ഹിന്ദു-മുസ്‌ലിം സാഹോദര്യത്തിന്റെ അടയാളമായിരുന്നു എന്ന് സ്ഥാപിച്ചതാണ് ഹിന്ദുവര്‍ഗ്ഗീയ വാദികളെ (അതില്‍ മഹാരാഷ്ട്രയിലെ ശിവസേനയും ഉണ്ട്) ഭ്രാന്ത് പിടിപ്പിച്ചത്. ശിവജി ഒരു ഹിന്ദുവായിരുന്നു. അദ്ദേഹത്തിന് കടുത്ത മതവിശ്വാസം ഉണ്ടായിരുന്നു. പക്ഷേ ഇസ്ലാം മതത്തിന് എതിരായിരുന്നില്ല. ശിവജിയും അദ്ദേഹത്തിന്റെ സമകാലിക മറാത്ത ഹിന്ദുക്കളും മുസ്ലീം ദര്‍ഗകളില്‍ ആരാധന നടത്തുകയും സംഭാവന നല്‍കുകയും ചെയ്തിരുന്നു.

 

തന്റെ സൈനികരെ എവിടെയാണെങ്കിലും പള്ളികളെയോ, ഖുറാനെയോ സ്ത്രീകളെയോ ഉപദ്രവിക്കരുത് എന്ന് വിലക്കിയിരുന്നു. രഘുനാഥ് പണ്ഡിറ്റ് റാവു 1669 നവംബര്‍ 2ന് എഴുതിയ ഒരു കത്തില്‍ ഇത്തരം ഒരു കല്‍പ്പന ഉദ്ധരിക്കുന്നുണ്ട്. “”ശ്രീമന്ത് മഹാരാജ് (ശിവജി) എല്ലാവര്‍ക്കും അവരവരുടെ മതം ആചരിക്കാന്‍ സ്വാതന്ത്ര്യമുണ്ട് എന്ന് ഉത്തരവായിരിക്കുന്നു.”” ശിവജി ആരായിരുന്നു എന്ന പുസ്തകത്തില്‍ ഗോവിന്ദ് പന്‍സാരെ ഇങ്ങനെ എഴുതിയിട്ടുണ്ട്.

“”ജനങ്ങളുടെ അംഗീകാരത്തിനായി ശിവജിയുടെ നാമധേയം ഉപയോഗിക്കുന്നവര്‍ ഇത്തരം ചരിത്രസത്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടതായിരിക്കുന്നു. ഇസ്‌ലാമിനോടുള്ള അവരുടെ വെറുപ്പിന് ആവശ്യക്കാരുണ്ടെങ്കില്‍ അവര്‍ അത് സ്വന്തം ചെലവില്‍ വില്‍ക്കാന്‍ തയ്യാറാകണം. അവരുടെ ചരക്ക് ശിവജിയുടെ പേരില്‍ വില്‍ക്കരുത്. അതേസമയം മുസ്ലീങ്ങള്‍ ഈ പറയുന്ന ശിവഭക്തര്‍ രൂപം നല്‍കിയ പ്രതിച്ഛായയോട് ചരിത്രത്തിലെ ശിവജിയെ തുലനം ചെയ്യരുത്. അവര്‍ ചരിത്രത്തെ അവലോകനം ചെയ്യണം. അവര്‍ ഇസ്‌ലാം മതത്തോടുള്ള അദ്ദേഹത്തിന്റെ മനോഭാവത്തെ വിലമതിക്കണം എന്നിട്ട് മാത്രമേ ശിവജിയെ കുറിച്ചുള്ള അഭിപ്രായം രൂപീകരിക്കാവു.”” ഇത്രയും ആശയവ്യക്തതയോടെയാണ് ഗോവിന്ദ് പന്‍സാരെ ശിവജി ആരായിരുന്നു എന്ന് വിളിച്ചുപറഞ്ഞത്.

ശിവജി ഹിന്ദുവായിരിക്കുന്നതില്‍ അഭിമാനിച്ചിരുന്നു. ക്ഷേത്രങ്ങള്‍ക്കും ബ്രാഹ്മണര്‍ക്കും വലിയ സംഭാവന നല്‍കിയിരുന്നു. പക്ഷേ സ്വന്തം മതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിമാനം മറ്റു മതങ്ങളോടുള്ള വിരോധത്തില്‍ അധിഷ്ഠിതമായിരുന്നില്ല. ഇസ്‌ലാമിനെ വെറുത്താലേ ഒരു നല്ല ഹിന്ദുവാകാന്‍ കഴിയൂ എന്ന് കരുതിയില്ല. അദ്ദേഹത്തിന്റെ മതവിശ്വാസം യുക്തിഭദ്രമായിരുന്നു. ഇത്രയും വ്യക്തതയോടെ ഒരു ചരിത്രരചന നടത്താന്‍ ഗോവിന്ദ് പന്‍സാരയ്ക്ക് കഴിഞ്ഞത് മഹാപണ്ഡിതനായതുകൊണ്ട് മാത്രമല്ല തികഞ്ഞ ജനാധിപത്യവാദിയായതുകൊണ്ട് കൂടിയാണ്. ഒരു ഭീഷണിക്കും വഴങ്ങാതെ, തന്റെ ഗ്രന്ഥം പിന്‍വലിക്കാതെ താന്‍ കണ്ടെത്തിയ വസ്തുതകളില്‍ ഉറച്ചുനില്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് കമ്മ്യൂണിസ്റ്റായതുകൊണ്ടാണ്.

 

വര്‍ത്തമാനകാലത്ത് മഹാരാഷ്ട്രയില്‍ സംഭവിച്ചത് ശിവജിയെ മറാത്തകളുടെ മാത്രം പ്രതിനിധിയായി, ഒരു സവര്‍ണ്ണ ഹിന്ദുമാത്രമായി ചിത്രീകരിക്കാനുള്ള ശ്രമമാണ്. വിവിധ പേരുകളില്‍ (ഹിന്ദു ഏകത, മറാത്ത മാതാസംഘം, പഠിക്ക് പവന്‍ സംഘടന) രൂപീകരിക്കപ്പെട്ട വര്‍ഗ്ഗീയ സംഘടനകള്‍ അവരുടെ സ്വന്തമായി ശിവജിയെ ചുരുക്കിക്കെട്ടാന്‍ ശ്രമിക്കുകയാണ്. മഹാരാഷ്ട്രയില്‍ സംവരണത്തെ എതിര്‍ത്തുകൊണ്ടുള്ള സമരം നടന്നപ്പോഴും ദളിത് ഗ്രാമങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോഴും ഉയര്‍ന്ന മുദ്രാവാക്യം “ശിവജി മഹാരാജ് കി ജയ്” എന്നാണ്. എത്ര വലിയ അവഹേളനമാണ് ഇതെന്ന് കാണാന്‍ കഴിയും.

ഇന്ന് ശിവജിയുടെ പേര് പറഞ്ഞ് മുദ്രാവാക്യം വിളിച്ച് ഹിന്ദു – മുസ്ലീം ലഹളകള്‍ ഉണ്ടാക്കുകയാണ്. മതഭ്രാന്തനല്ലാതിരുന്ന, മറ്റ് മതങ്ങളെ അംഗീകരിക്കാന്‍ മനസ്സു കാണിച്ച ഒരു ചരിത്ര പുരുഷനെ തികച്ചും അപമാനിക്കുന്ന തരത്തില്‍ വേഷം കെട്ടിച്ച് ആര്‍ത്തട്ടഹസിക്കുമ്പോള്‍ ശിവജി ആരായിരുന്നു എന്ന ചോദ്യത്തിന് വലിയ പ്രസക്തിയുണ്ട്.

ആ ചോദ്യം ചോദിക്കുകയും അതിന് വസ്തുതാപരമായ ഉത്തരം നല്‍കുകയും ചെയ്തതിന്റെ പേരിലാണ് വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ ഗോവിന്ദ് പന്‍സാരെയുടെ ജീവനെടുത്തത്. എന്നാല്‍ അസഹിഷ്ണുതയുടെ വക്താക്കള്‍ തിരിച്ചറിയാതെ പോകുന്നത് കൊന്നുതള്ളിയാല്‍ അവസാനിക്കുന്നതല്ല ചരിത്രം എന്ന കാര്യമാണ്. ഇന്ത്യ നിലനില്‍ക്കുന്ന നാള്‍വരെ അദ്ദേഹത്തിന്റെ പുസ്തകം മതഭ്രാന്തന്‍മാരെ പല നിലയില്‍ ശല്യം ചെയ്തുകൊണ്ടിരിക്കും. ഗോവിന്ദ് പാന്‍സാരെ ഇന്ന് ഓര്‍മ്മയാമെങ്കിലും അദ്ദേഹം നമുക്കായി കരുതിവച്ച പുസ്തകങ്ങളും അദ്ദേഹം ഉയര്‍ത്തിയ ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളിലെ ഏറ്റവും കരുത്തുറ്റ ആയുധങ്ങളാണ്. ഈ ആയുധമാണ്, ആശയമാണ് ഗോവിന്ദ് പാന്‍സാരെ എന്ന പോരാളിയ്ക്കുള്ള സ്മാരകം. അദ്ദേഹത്തിന്റെ സ്മരണ പുതുക്കുമ്പോള്‍ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ പോരാട്ടം തുടരുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം.

മഹേഷ് കക്കത്ത്
എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി