സര്‍വകലാശാല ശുപാര്‍ശ ചെയ്തവരെ തളളിയാണ് ഗവര്‍ണറുടെ നീക്കം. വിവിധ മേഖലകളില്‍ പ്രാവീണ്യം നേടിയവരെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് സെനറ്റിലേക്കുള്ള അംഗങ്ങളുടെ ലിസ്റ്റ് സര്‍വകലാശാല ഗവര്‍ണര്‍ക്ക് കൈമാറിയത്. എന്നാല്‍ ഈ ലിസ്റ്റ് വെട്ടിമാറ്റി ഗവര്‍ണര്‍ പുതിയ പട്ടിക തയ്യാറാക്കുകയായിരുന്നു.
മുതിർന്ന മാധ്യമപ്രവർത്തകനും ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ഥാപകനും ഏഷ്യൻ സ്കൂൾ ഓഫ് ജേർണലിസത്തിന്റെ ചെയർമാനുമായ ശശികുമാറിനെയും ഫ്രണ്ട്‌ലൈന്‍ മാഗസിൻ എഡിറ്ററായ വെങ്കടേഷ് രാമകൃഷ്ണനെയും, ദൂരദര്‍ശന്‍ ഡയറക്ടര്‍ കൃഷ്ണദാസ് എന്നിവരെ ഒഴിവാക്കി കണ്ണൂര്‍ സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ നിര്‍ദേശിച്ചത് ബി.ജെ.പി മുഖപത്രമായ ജന്മഭൂമിയുടെ ലേഖകനെയാണ്.
കായികതാരങ്ങളായ കെ.സി.ലേഖ, സി.കെ. വിനീത്, എന്‍.എന്‍ കോളേജ് കായിക വിഭാഗം മുന്‍ മേധാവി പ്രഫ. ജഗന്നാഥന്‍ എന്നിവരെയും ഗവര്‍ണര്‍ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കി.
സര്‍വകലാശാലയുടെ നിര്‍ദേശങ്ങള്‍ തള്ളി സെനറ്റിലെ അഭിഭാഷക വിഭാഗത്തിലും ആര്‍.എസ്.എസ് സഹയാത്രികരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരുകികയറ്റി. ആര്‍.എസ്.എസുകാര്‍ക്ക് പുറമെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഗവര്‍ണര്‍ നിയമലംഘനം ചൂണ്ടിക്കാട്ടി പുറത്താക്കിയ കാലിക്കറ്റ് സര്‍വകലാശാല വി.സി ഡോ. എ.കെ. ജയരാജിന് തല്‍സ്ഥാനത്ത് തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കാലിക്കറ്റ് വി.സിയെ പുറത്താക്കപ്പെട്ട ചാന്‍സലറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്യുകയും ചെയ്തു. അതേസമയം കാലടി സര്‍വകലാശാല വി.സിയെ ചാന്‍സലര്‍ പുറത്താക്കിയ നടപടിയില്‍ കോടതി ഇടപെട്ടില്ല.
Content Highlight: Governor nominated RSS workers to Kannur University Senate