തിരുവനന്തപുരം: തിങ്കളാഴ്ച കാലാവധി കഴിയവെ ലോകായുക്ത നിയമഭേദഗതി ഉള്‍പ്പെടെ 11 ഓര്‍ഡിനന്‍സുകള്‍ പുതുക്കാന്‍ ഒപ്പിടാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കഴിഞ്ഞ നിയമസഭാ സമ്മേളനം കഴിഞ്ഞ ശേഷം ബില്ലാക്കാത്ത 11 ഓര്‍ഡിനന്‍സുകള്‍ പുതുക്കാന്‍ ജൂലായ് 27ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. ഈ ശിപാര്‍ശ 28ന് രാജ്ഭവനിലെത്തുകയും ചെയ്തിരുന്നു. തിങ്കളാഴ്ച കാലാവധി കഴിയുന്ന ഓര്‍ഡിനന്‍സുകള്‍ പുതുക്കാനായില്ലെങ്കില്‍ ഈ നിയമങ്ങള്‍ അസാധുവാകും.
വെള്ളിയാഴ്ച ദല്‍ഹിക്ക് പോയ ഗവര്‍ണര്‍ ആഗസ്റ്റ് 11നേ മടങ്ങിയെത്തൂ എന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓര്‍ഡിനന്‍സുകള്‍ അംഗീകരിച്ചു നല്‍കാനോ തിരിച്ചയക്കാനോ ഗവര്‍ണര്‍ പറഞ്ഞിട്ടില്ലെന്നാണ് രാജ്ഭവന്‍ സര്‍ക്കാര്‍ പ്രതിനിധികളെ അറിയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരള ലോകായുക്ത ഭേദഗതി- രണ്ട്(പുതുക്കിയ തവണ), കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ ഭേദഗതി- മൂന്ന്, കേരള സ്വകാര്യ വനം നിക്ഷിപ്തമാക്കലും പതിച്ചുനല്‍കലും- ഏഴ്, കേരള സഹകരണ സൊസൈറ്റീസ് ഭേദഗതി- രണ്ട്, കേരള മാരിടൈം ബോര്‍ഡ് ഭേദഗതി- രണ്ട്, തദ്ദേശസ്വയംഭരണ പൊതുസര്‍വീസ്- ഒന്ന്, കേരള പൊതുമേഖലാ നിയമന ബോര്‍ഡ്- ഒന്ന്, കേരള പബ്ലിക് ഹെല്‍ത്ത് ഓര്‍ഡിനന്‍സ്- അഞ്ച്, ലൈവ് സ്റ്റോക്ക് ആന്‍ഡ് പൗള്‍ട്രി ഫീഡ് ആന്‍ഡ് മിനറല്‍ മിക്‌സചര്‍- അഞ്ച്, കേരള ജൂവലറി വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട്- ആറ്, വ്യവസായ ഏകജാലക ബോര്‍ഡും വ്യവസായ ടൗണ്‍ഷിപ്പ് വികസനവും- രണ്ട് എന്നിവയാണ് ഗവര്‍ണര്‍ ഒപ്പിടേണ്ട ഓര്‍ഡിനന്‍സുകള്‍.