ഇങ്ങനെ കരഞ്ഞുമെഴുകാതെ ചീരു ഗാരു, ഷാജോണിന്റെ റേഞ്ചൊക്കെ ഇപ്പൊഴാ മനസിലാവുന്നത്; ഗോഡ്ഫാദര്‍ ട്രോളുകള്‍
Film News
ഇങ്ങനെ കരഞ്ഞുമെഴുകാതെ ചീരു ഗാരു, ഷാജോണിന്റെ റേഞ്ചൊക്കെ ഇപ്പൊഴാ മനസിലാവുന്നത്; ഗോഡ്ഫാദര്‍ ട്രോളുകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 21st November 2022, 1:18 pm

ചിരഞ്ജീവി നായകനായ ഗോഡ്ഫാദര്‍ നവംബര്‍ 18നാണ് ഒ.ടി.ടി റിലീസ് ചെയ്തത്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ലൂസിഫറിന്റെ റീമേക്കായിരുന്നു ചിത്രം. വലിയ ഹൈപ്പില്‍ തിയേറ്ററുകളിലേക്ക് വന്ന ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്.

ബോക്‌സ് ഓഫീസിലെ പരാജയ ചിത്രങ്ങള്‍ ഒ.ടി.ടിയിലെത്തുമ്പോള്‍ ട്രോള്‍ ചെയ്യപ്പെടുന്നത് പതിവാണ്, പ്രത്യേകിച്ചും ബിഗ് ബജറ്റ് ചിത്രങ്ങളാണെങ്കില്‍ പരിഹാസത്തിന്റെ മൂര്‍ച്ച കൂടും. ഗോഡ്ഫാദറിന്റെ അവസ്ഥയും വിപരീതമല്ല. സോഷ്യല്‍ മീഡിയയില്‍ ഗോഡ്ഫാദര്‍ ട്രോളുകള്‍ നിറയുകയാണ്.

നയന്‍താരയും ചിരഞ്ജീവിയും തമ്മിലുള്ള ഇമോഷണല്‍ രംഗമാണ് ഏറ്റവുമധികം ട്രോള്‍ ചെയ്യപ്പെടുന്നത്. മലയാളത്തില്‍ മോഹന്‍ലാലും മഞ്ജു വാര്യരും പള്ളി മുറ്റത്ത് വെച്ച് ഒന്നിക്കുന്ന രംഗങ്ങള്‍ വളരെ സട്ടിലായാണ് ചെയ്തിരിക്കുന്നത്. തെലുങ്കില്‍ ഈ രംഗങ്ങള്‍ ഇമോഷണലാക്കി കരഞ്ഞ് കുളമാക്കി വെച്ചുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ഷാജോണിന്റെ കഥാപാത്രം ഒളിച്ചിരുന്ന് കാണുന്ന ഫൈറ്റ് തെലുങ്കിലെത്തിയപ്പോള്‍ കോമഡിയായെന്നും വില്ലന്മാരെല്ലാം പറക്കുകയാണെന്നും ചിത്രം കണ്ട പ്രേക്ഷകര്‍ പറയുന്നു. മാത്രമല്ല തെലുങ്കില്‍ നടന്‍ സുനില്‍ ചെയ്തുവെച്ച എക്‌സ്പ്രഷനൊക്കെ കാണുമ്പോഴാണ് ഷാജോണിന്റെ റേഞ്ചെന്താണെന്ന് മനസിലാവുന്നതെന്നും ട്രോളന്മാര്‍ പറയുന്നു.

ബോളിവുഡ് താരം സല്‍മാന്‍ ഖാനാണ് ചിത്രത്തില്‍ ഏറ്റവും വലിയ കോമഡി ആയതെന്നും സല്‍മാനെ പറഞ്ഞ് പറ്റിച്ചതായിരിക്കാമെന്നും പരിഹാസങ്ങളുയര്‍ന്നിരുന്നു.

എല്ലാവരും ഓവര്‍ ആക്ട് ചെയ്ത് കുളമാക്കി വെച്ചപ്പോള്‍ തെലുങ്കില്‍ ബോബി എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച സത്യദേവ് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴചവെച്ചതെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങളുണ്ട്. ദൃശ്യം 2 ഹിന്ദി റീമേക്കുമായി താരതമ്യം ചെയ്ത് റീമേക്ക് ചെയ്യുന്നതെങ്ങനെയെന്ന് ചിരഞ്ജീവി കണ്ടുപഠിക്കണമെന്നും കമന്റുകളുണ്ട്.

ചിത്രത്തിന്റെ തിയേറ്റര്‍ റിലീസിന് മുന്നോടിയായി ലൂസിഫറിന്റെ അപ്ഗ്രേഡ് വേര്‍ഷനാണ് ഗോഡ്ഫാദറെന്ന് ചിരഞ്ജീവി പറഞ്ഞിരുന്നു. ലൂസിഫര്‍ കണ്ടപ്പോള്‍ പൂര്‍ണ തൃപ്തി തോന്നിയില്ലെന്നും എന്നാല്‍ ഒട്ടും ബോറടിപ്പിക്കാതെയാണ് ഗോഡ്ഫാദര്‍ അണിയിച്ചൊരുക്കിയതെന്നുമാണ് ചിരഞ്ജീവി പറഞ്ഞത്. പ്രസ്താവനക്ക് പിന്നാലെ വലിയ വിമര്‍ശനമാണ് താരത്തിനെതിരെ ഉണ്ടായത്.

ഇപ്പോള്‍ ഒ.ടി.ടിയിലുമെത്തി കൂടുതല്‍ പ്രേക്ഷകര്‍ കണ്ടതോടെ ‘ഇത് എന്തോന്ന് അപ്ഗ്രേഡ് വേര്‍ഷനാണ് എടുത്തുവെച്ചിരിക്കുന്നതെന്ന്’ ചോദിക്കുകയാണ് പ്രേക്ഷകര്‍. ചിത്രത്തിന്റെ കഥയിലെ പല പ്രധാനപ്പെട്ട ഘടകങ്ങളും ഗോഡ്ഫാദറില്‍ മാറ്റിയെന്നും ഒരു കോമഡി മാസ് മസാല ചിത്രമാണ് ചിരഞ്ജീവി എടുത്തുവെച്ചിരിക്കുന്നതെന്നുമാണ് പ്രേക്ഷകര്‍ പറയുന്നത്.

Content Highlight: godfather movie trolls became viral on social media