പനജി: കഞ്ചാവ് കൃഷി നിയമ വിധേയമാക്കാനുള്ള ആലോചനയുമായി ഗോവ. മരുന്ന് നിര്‍മാണത്തിനാവശ്യമായ കഞ്ചാവാണ് നിയമവിധേയമായി കൃഷി ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നതെന്ന് അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആരോഗ്യ വകുപ്പാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വെച്ചത്. ഈ നിര്‍ദേശം നിയമവകുപ്പ് പരിശോധിച്ചെങ്കിലും മന്ത്രി സഭയിലും മുഖ്യമന്ത്രിയുടെ ഓഫീസും അനുകൂല മറുപടി തരുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
നിയമസഭയില്‍ പ്രതിപക്ഷം അംഗീകരിക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. പ്രതിപക്ഷം ഇപ്പോള്‍ തന്നെ നിര്‍ദേശത്തിന് എതിരാണ്.
ആരോഗ്യവകുപ്പില്‍ നിന്നും ലഭിച്ച നിര്‍ദേശം പരിശോധിച്ചതായി ഗോവയുടെ നിയമമന്ത്രി നിലേഷ് കാബ്രള്‍ മാധ്യമങ്ങളോട് പറഞ്ഞു. മരുന്ന് നിര്‍മാണത്തിന് ആവശ്യമായ കഞ്ചാവ് കൃഷി മാത്രം നടപ്പാക്കാനുള്ള നിര്‍ദേശമാണ് തനിക്ക് മുന്നില്‍ വന്നിട്ടുള്ളതെന്നും ഉത്പാദിപ്പിക്കുന്ന കഞ്ചാവ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് നേരിട്ട് എത്തിക്കുകയായിരിക്കും ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.
‘മദ്യം ഉണ്ടാക്കുന്നതു പോലെ തന്നെ നിയമന്ത്രണ വിധേയമായായിരിക്കും ഇതും ഉത്പാദിപ്പിക്കുക. 1985ന് മുമ്പൊന്നും ഇതിന് ഒരു വിലക്കും ഉണ്ടായിരുന്നില്ല. എന്‍.ഡി.പി.എസ് നിയമത്തിലാണ് ചാറാസും ഗഞ്ചയുമൊക്കെ നിരോധിത മയക്കുമരുന്നുകളില്‍ ഇടം പിടിക്കുന്നത്,’ കാബ്രാള്‍ പറഞ്ഞു.
ബാര്‍ ലൈസന്‍സ് പോലെതന്നെ ഇന്ന് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഭാങ് എന്നറിയപ്പെടുന്ന കഞ്ചാവിന്റെ ഒരു വിഭാഗം ചെടികള്‍ വില്‍ക്കാനുള്ള ലൈസന്‍സ് നല്‍ കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മരിജ്വാന നിയമവിധേയമാക്കുന്നതിനെ വ്യക്തിപരമായി അനുകൂലിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. കാന്‍സറിന് വരെ ഇത് ഉപയോഗിക്കുന്നുണ്ടെന്നും അമേരിക്കയിലൊക്കെ ഇത് ഔദ്യോഗികമായി ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക