Advertisement
national news
ഗോവയില്‍ വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 15, 11:05 am
Saturday, 15th February 2025, 4:35 pm

പനാജി: ഗോവയില്‍ ബ്രിട്ടീഷ്-ഐറിഷ് പൗരത്വമുള്ള സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരാനാണെന്ന് ഗോവ കോടതി. പ്രതിയായ വികാത് ഭഗത് കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയത്. മാര്‍ഗാവോ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ക്ഷാമ ജോഷിയാണ് വിധി പുറപ്പെടുവിച്ചത്. തിങ്കളാഴ്ച ശിക്ഷ വിധിക്കും.

2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊലപാതകം, ലൈംഗികാതിക്രമം, കുറ്റകൃത്യത്തിന്റെ തെളിവ് നശിപ്പിക്കുക, കുറ്റവാളിയെ സംരക്ഷിക്കാന്‍ തെറ്റായ വിവരങ്ങള്‍ നല്‍കുക തുടങ്ങിയ ഐ.പി.സി വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കതിരായ കേസ്.

2017 ഫെബ്രുവരിയില്‍ അവധിക്കാലം ആഘോഷിക്കാന്‍ സുഹൃത്തിനൊപ്പം ഗോവയില്‍ എത്തിയ യുവതിയാണ് അതിക്രമം നേരിട്ടത്. 2017 മാര്‍ച്ച് 14ന് ദക്ഷിണ ഗോവയിലെ കാനക്കോണയിലെ പലോലം ബീച്ചിന് സമീപത്തുള്ള വയലില്‍ നിന്ന് മരിച്ച നിലയില്‍ സ്ത്രീയെ കണ്ടെത്തുകയായിരുന്നു.

സംഭവത്തില്‍ കേസെടുത്ത പൊലീസ് സാക്ഷി മൊഴികളുടെയും മറ്റും അടിസ്ഥാനത്തില്‍ വികാതിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് 2018 ഏപ്രിലിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്.

കേസില്‍ വിധി പുറപ്പെടുവിക്കുന്നതിന് മുന്നോടിയായി നടന്ന വാദത്തില്‍ ശിക്ഷയില്‍ ഇളവ് വരുത്തണമെന്ന് വികാതിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.

Content Highlight: Goa court convicts man for abuse, murder of British-Irish woman in 2017