മുംബൈ: ഗാസിയാബാദില്‍ ജയ് ശ്രീറാം വിളിക്കാത്തതിന് മുസ്‌ലിം വയോധികനെ ആക്രമിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചുവെന്ന കേസില്‍ മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിന് സംരക്ഷണം നല്‍കി കോടതി. റാണ അയ്യൂബിന് അറസ്റ്റ് ചെയ്യുന്നതില്‍ നിന്നാണ് ബോംബെ ഹൈക്കോടതി നാലാഴ്ച്ചത്തേക്ക് അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കിയത്.
ജൂണ്‍ 15 ന് ഗാസിയാബാദ് പോലിസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ കോടതിയെ സമീപിക്കാന്‍ അറസ്റ്റില്‍ നിന്ന് സംരക്ഷണം എന്ന റാണ അയ്യൂബിന്റെ ഹരജി കോടതി പരിഗണിക്കുകയായിരുന്നു.
മുസ്ലിം വയോധികനെ ആക്രമിച്ച ആരോപണത്തില്‍ പ്രതികരിച്ചവര്‍ക്കെതിരെയും ട്വിറ്ററിനതിരെയും യു.പി. പൊലീസ് കേസെടുത്തിരുന്നു.
ഐ.പി.സി. 153, 153 എ, 295 എ, 505, 120 ബി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് റാണാ അയ്യൂബിനെതിരേ പൊലിസ് കേസെടുത്തിരിക്കുന്നത്.
ഗാസിയബാദ് സ്വദേശിയായ അബ്ദുള്‍ സമദ് എന്നയാള്‍ക്കെതിരെയാണ് ജൂണ്‍ ആദ്യവാരത്തില്‍ ആക്രമണമുണ്ടായത്. ജൂണ്‍ അഞ്ചിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവന്നതോടെയാണ് വിഷയം ചര്‍ച്ചയായത്.
വസ്തുതകള്‍ പരിശോധിക്കാതെ സംഭവത്തിന് വര്‍ഗീയതയുടെ നിറം നല്‍കി പ്രകോപനമുണ്ടാക്കും വിധം ട്വീറ്റുകള്‍ ചെയ്തുവെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.
എഫ്.ഐ.ആറില്‍ ട്വിറ്ററിനെതിരെയും വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. സംഭവത്തിന്റെ സത്യാവസ്ഥ പൊലീസ് വിശദീകരിച്ചിട്ടും മര്‍ദ്ദിക്കുന്ന വീഡിയോയോ മറ്റു പോസ്റ്റുകളോ ഡിലീറ്റ് ചെയ്യാനോ നടപടികള്‍ സ്വീകരിക്കാനോ ട്വിറ്റര്‍ തയ്യാറായില്ലെന്നാണ് ആരോപിച്ചിരിക്കുന്ന കുറ്റം.
പള്ളിയിലേക്ക് പോവുകയായിരുന്ന വൃദ്ധനെ കുറച്ച് പേര്‍ തടഞ്ഞുവെച്ച് മര്‍ദ്ദിക്കുന്നതിന്റെയും താടി കത്രിക കൊണ്ട് മുറിച്ചുകളയുന്നതിന്റെയും ജയ് ശ്രീറാം വിളിക്കാനായി നിര്‍ബന്ധിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പ്രചരിക്കുന്ന വീഡിയോയില്‍ ഉള്ളത്. ഇയാള്‍ പാകിസ്ഥാന്‍ ചാരനാണെന്നും വീഡിയോയില്‍ ആരോപിക്കുന്നു.