ബെർലിൻ: റഷ്യയുടെ ക്രൈമിയ പാലത്തിൽ സൈനിക നീക്കം നടത്തുന്നതുമായി ബന്ധപ്പെട്ട് ജർമൻ വ്യോമ സേനയിലെ ഉദ്യോഗസ്ഥർ നടത്തിയ സംഭാഷണത്തിനെതിരെ റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ.
ജർമനിയുടെ മനോഭാവം മാറ്റിയില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് സഖറോവ പറഞ്ഞു.
സോച്ചിയിലെ വേൾഡ് യൂത്ത് ഫെസ്റ്റിവലിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
ജർമൻ വ്യോമ സേനയായ ലഫ്റ്റ്വാഫെയിലെ മുതിർന്ന ഉദ്യോഗസ്ഥർ നടത്തിയ ഫോൺ സംഭാഷണത്തിന്റെ റെക്കോർഡിങ്ങും വാചകങ്ങളും റഷ്യൻ മാധ്യമമായ ആർ.ടി ഫെബ്രുവരി 19ന് പ്രസിദ്ധീകരിച്ചിരുന്നു. ഉക്രൈന്റെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ 18 കി.മീ നീളമുള്ള പാലത്തിൽ എങ്ങനെ മിസൈലുകൾ അയക്കാം എന്നായിരുന്നു ഉദ്യോഗസ്ഥർ ചർച്ച ചെയ്തിരുന്നത്.
‘ഞങ്ങൾ മനസ്സിലാക്കിയിടത്തോളം, അവർ ഇതുവരെ നാസിസത്തിൽ നിന്ന് മുക്തരായിട്ടില്ല. ഒന്നും ചെയ്തില്ലെങ്കിൽ, ഈ പ്രക്രിയ ജർമനി തന്നെ സ്വയം അവസാനിപ്പിക്കാൻ തയ്യാറായില്ലെങ്കിൽ, ജർമനി വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടതായി വരും,’ സഖാറോവ മാധ്യമങ്ങളോട് പറഞ്ഞു.
ഉക്രൈൻ സംഘർഷത്തിൽ പാശ്ചാത്യ ലോകത്തിന്റെ നേരിട്ടുള്ള ഇടപെടലിന് തെളിവാണ് ജർമൻ സൈനികരുടെ സംഭാഷണമെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ജർമനിയിലെയും ഓസ്ട്രിയയിലെയും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, മാധ്യമപ്രവർത്തന, ജുഡീഷ്യൽ മേഖലകളിൽനിന്ന് നാസി ആശയത്തെ നീക്കം ചെയ്യുന്നതിന് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യു.എസ്.എസ്.ആറും യു.എസും യു.കെയും ഫ്രാൻസും ചേർന്ന് നടപ്പിലാക്കിയ നയമാണ് ഡിനാസിഫിക്കേഷൻ.
നിലവിലെ ഉക്രൈൻ സർക്കാർ നാസിസത്തെ പുനരധിവസിപ്പിക്കുകയാണെന്ന് റഷ്യ ആരോപിച്ചിരുന്നു. ഫെബ്രുവരി 2022ന് ഉക്രൈനെതിരെ റഷ്യ ആരംഭിച്ച യുദ്ധത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി റഷ്യ അവകാശപ്പെട്ടത് നാസിസത്തിൽ നിന്ന് ഉക്രൈനെ മുക്തമാക്കുമെന്നായിരുന്നു.
Content Highlight: Germany yet to be ‘denazified’ – Zakharova