ടീമിന്റെ ടോപ് സ്‌കോറർ ആയിട്ടും കിട്ടിയത് തിരിച്ചടിയുടെ റെക്കോഡ്; 17 വർഷത്തെ ചീത്തപ്പേരിൽ നിന്നും ഇന്ത്യക്കാരന് മോചനം
Cricket
ടീമിന്റെ ടോപ് സ്‌കോറർ ആയിട്ടും കിട്ടിയത് തിരിച്ചടിയുടെ റെക്കോഡ്; 17 വർഷത്തെ ചീത്തപ്പേരിൽ നിന്നും ഇന്ത്യക്കാരന് മോചനം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 12th June 2024, 12:29 pm

ഐ.സി.സി ടി-20 ലോകകപ്പില്‍ ഓസ്ട്രേലിയയിലേക്ക് തുടര്‍ച്ചയായ മൂന്നാം വിജയം. നമിബിയയെ ഒമ്പത് വിക്കറ്റുകള്‍ക്കാണ് ഓസ്ട്രേലിയ പരാജയപ്പെടുത്തിയത്. സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത നമീബിയ 17 ഓവറില്‍ 72 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസീസ് 5.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

നാല് ഓവറില്‍ വെറും 12 റണ്‍സ് മാത്രം വിട്ടുനല്‍കി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ആദം സാംപയാണ് നമീബിയന്‍ ബാറ്റിങ് നിരയെ തകര്‍ത്തെറിഞ്ഞത്. ജോഷ് ഹേസല്‍വുഡ്, മാര്‍ക്കസ് സ്റ്റോണീസ് എന്നിവര്‍ രണ്ടു വീതം വിക്കറ്റും പാറ്റ് കമ്മിന്‍സ്, നഥാന്‍ എലിയാസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി നിര്‍ണായകമായി.

 

നമീബിയന്‍ ബാറ്റിങ്ങില്‍ മൂന്ന് പന്തില്‍ 36 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ജെര്‍ഹാര്‍ഡ് ഇറാസ്മസാണ് മികച്ച ചെറുത്തുനില്‍പ്പ് നടത്തിയത്. നാല് ഫോറുകളും ഒരു സിക്‌സുമാണ് താരം നേടിയത്.

എന്നാല്‍ തകര്‍ച്ചയിലും ടീമിന്റെ ഉയര്‍ന്ന സ്‌കോറര്‍ ആയിട്ടും ഒരു മോശം നേട്ടമാണ് നാമീബിയന്‍ ക്യാപ്റ്റനെ തേടിയെത്തിയത്. ടി-20യില്‍ ആദ്യ റണ്‍സ് നേടുന്നതിനായി ഏറ്റവും കൂടുതല്‍ പന്തുകള്‍ നേരിട്ട താരമെന്ന മോശം നേട്ടമാണ് ഇറാസ്മസിനെ തേടിയെത്തിയത്. മത്സരത്തില്‍ 17 പന്തില്‍ നിന്നുമായിരുന്നു താരം ആദ്യ റണ്‍സ് നേടിയത്.

ഇതിനുമുമ്പ് ഈ മോശം നേട്ടത്തില്‍ ഉണ്ടായിരുന്നത് കെനിയയുടെ താരമായ ടാന്‍മായ് മിശ്രയായിരുന്നു. 2007ല്‍ പാകിസ്ഥാനെതിരെയുള്ള മത്സരത്തില്‍ 16 പന്തുകളില്‍ നിന്നുമാണ് താരം തന്റെ ആദ്യ റണ്‍സ് നേടിയത്.

കെനിയന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് ടീമിനു വേണ്ടി കളിക്കുന്ന ഇന്ത്യന്‍ വംശജനായ താരമാണ് ടാന്‍മായ് മിശ്ര. താരം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിന് വേണ്ടിയും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടിയും കളിച്ചിട്ടുണ്ട്.

അതേസമയം ഓസ്ട്രേലിയക്കായി തുടക്കത്തില്‍ തന്നെ ഡേവിഡ് വാര്‍ണറും ട്രാവിസ് ഹെഡും തകര്‍ത്തടിക്കുകയായിരുന്നു. വാര്‍ണര്‍ എട്ട് പന്തില്‍ 20 റണ്‍സാണ് നേടിയത്. മൂന്ന് ഫോറുകളും ഒരു സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

അഞ്ച് ഫോറുകളും രണ്ട് സിക്സും ഉള്‍പ്പെടെ 17 പന്തില്‍ പുറത്താവാതെ 34 റണ്‍സ് നേടി കൊണ്ടായിരുന്നു ഹെഡിന്റെ വെടിക്കെട്ട് പ്രകടനം. ഒടുവില്‍ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ച്ച് ഒമ്പത് പന്തില്‍ പുറത്താവാതെ 18 റണ്‍സും നേടി തകര്‍ത്തടിച്ചപ്പോള്‍ ഓസീസ് അനായാസ ജയം സ്വന്തമാക്കുകയായിരുന്നു.

Content Highlight: Gerhard Erasmus create a Unwanted record in T20