പ്രതിസന്ധികൾ ഉണ്ടായാലും സമസ്തയിൽ അടിയുറച്ച് നിൽക്കണം; ലീ​ഗിനെതിരെ സംസാരിച്ച മദ്രസ അധ്യാപകനെ പിരിച്ചുവിട്ടതിൽ ജിഫ്രി തങ്ങൾ
Kerala News
പ്രതിസന്ധികൾ ഉണ്ടായാലും സമസ്തയിൽ അടിയുറച്ച് നിൽക്കണം; ലീ​ഗിനെതിരെ സംസാരിച്ച മദ്രസ അധ്യാപകനെ പിരിച്ചുവിട്ടതിൽ ജിഫ്രി തങ്ങൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd May 2024, 9:49 pm

കോഴിക്കോട്: മുസ്‌ലിം ലീഗിനെതിരെ സംസാരിച്ച മദ്രസ അധ്യാപകനെ പുറത്താക്കിയ സംഭവത്തില്‍ പ്രതികരണവുമായി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്തയില്‍ അടിയുറച്ച് നില്‍ക്കണമെന്ന് ജിഫ്രി തങ്ങള്‍ പ്രവര്‍ത്തകരോട് പറഞ്ഞു.

പ്രതിസന്ധികളും പ്രയാസങ്ങളും ഉണ്ടാകും. ജോലിയില്‍ നിന്ന് പിരിച്ച് വിട്ടാലും ആദര്‍ശം കൈവിടരുതെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞു.

സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കം സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം. വി ജയരാജനുമായി കൂടിക്കാഴ്ച്ച നടത്തിയ സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. കൂടിക്കാഴ്ച്ചയിൽ തെറ്റില്ലെന്ന് ജിഫ്രി തങ്ങൾ വ്യക്തമാക്കി.

നേതാക്കളുമായി കൂടിക്കാഴ്ച്ച പതിവാണെന്നും അതില്‍ തെറ്റില്ലെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. ‘ജയരാജന്‍ പലയിടത്തും കൂടിക്കാഴ്ച്ച നടത്തുന്നില്ലേ. നേതാക്കളുമായി കൂടിക്കാഴ്ച്ച പതിവാണ്. മതസൗഹാര്‍ദം പോലെ മനുഷ്യരുടെ സ്വഭാവവും അതാണല്ലോ. സമസ്ത-ലീഗ് ബന്ധത്തില്‍ വിള്ളലില്ല.’ എന്നായിരുന്നു ജിഫ്രി തങ്ങളുടെ പ്രതികരണം.

കഴിഞ്ഞ ദിവസം കോഴിക്കോട് ഉമര്‍ഫൈസിയുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച്ച നടന്നത്. വൈകിട്ട് 6.30 ഓടെ വീട്ടിലെത്തിയ ജയരാജനുമായി 20 മിനിറ്റോളം കൂടിക്കാഴ്ച്ച നീണ്ടു. പലരും വന്നുപോകും എന്ന് മാത്രമാണ് ഉമര്‍ഫൈസി മുക്കം കൂടിക്കാഴ്ച്ചയില്‍ പ്രതികരിച്ചത്.

Content Highlight: Geoffrey Thangal about  the dismissal of  madrasa teacher who spoke against the league