ഏഷ്യാ കപ്പിലെ ടീമിന്റെ രണ്ടാം മത്സരത്തില്‍ ഹോങ്കോങ്ങിനെ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ഇതോടെ ഏഷ്യാ കപ്പ് സെമിഫൈനലിലേക്കുള്ള ക്വാളിഫിക്കേഷനും ഇന്ത്യ സ്വന്തമാക്കി.
ഏഷ്യാ കപ്പ് ഉയര്‍ത്തണമെന്ന ഉറച്ച തീരുമാനത്തിലാണ് ഇന്ത്യന്‍ ടീം കളിക്കളത്തില്‍ ഇറങ്ങുന്നത്. ഏറെ നാളത്തെ ഫോമൗട്ടിന് ശേഷം മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ഫോമിലേക്ക് തിരിച്ചെത്തുന്ന കാഴ്ചയാണ് ഏഷ്യാ കപ്പില്‍ കാണുന്നത്.
എന്നാല്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കെ.എല്‍.രാഹുല്‍ രണ്ട് മത്സരങ്ങളിലും മങ്ങിയ പ്രകടനമായിരുന്നു കാഴ്ച വെച്ചത്.
പാകിസ്ഥാനെതിരായ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായ രാഹുല്‍, ഹോങ്കോങ്ങിനെതിരെ 39 പന്തുകളില്‍ നിന്നും 36 റണ്‍സ് നേടി പുറത്തായി. രാഹുലിന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ച ടീമിനെയും ആരാധകരെയും ഈ പ്രകടനങ്ങള്‍ വലിയ നിരാശയിലാക്കിയിരുന്നു.
രാഹുലിന്റെ മെല്ലെപ്പോക്കിനെ വിമര്‍ശിച്ചുകൊണ്ട് ക്രിക്കറ്റ് നിരീക്ഷകരും ആരാധകരും രംഗത്തെത്തിയിരുന്നു.
എന്നാല്‍ അദ്ദേഹത്തിനെ സപ്പോര്‍ട്ട് ചെയ്ത് മുന്നോട്ട് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ഗൗതം ഗംഭീര്‍.
രോഹിത് ശര്‍മയേക്കാള്‍ കഴിവുള്ള താരമാണ് രാഹുലെന്നും അത് ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ വന്നു പറയാനും താന്‍ മടിക്കില്ലെന്നും ഗംഭീര്‍ പറഞ്ഞു.
‘രോഹിത് ശര്‍മയെക്കാള്‍ മികച്ച കഴിവുളള കളിക്കാരനാണ് കെ.എല്‍.രാഹുല്‍. അത് വേണമെങ്കില്‍ ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ പോയി പറയാനും ഞാന്‍ മടിക്കില്ല. അന്താരാഷ്ട്ര മത്സരങ്ങളില്‍ കെ.എല്‍. രാഹുല്‍ അത് തെളിയിച്ചതാണ്. അവന്‍ സ്വതന്ത്രമായി കളിക്കുകയാണെങ്കില്‍ അവനെ തടഞ്ഞു നിര്‍ത്താന്‍ അവനെ കൊണ്ട് മാത്രമേ സാധിക്കുകയുള്ളു,’ ഗൗതം ഗംഭീര്‍ പറഞ്ഞു,
‘അന്താരാഷ്ട്ര ക്രിക്കറ്റിലും ഐ.പി.എല്ലിലും ടീമിന് വേണ്ടി അവന്‍ ഒറ്റക്ക് പിടിച്ചു നില്‍കുന്നത് കണ്ടിട്ടുണ്ട്. രാഹുലിന് ആരോടും ഒന്നും തെളിയിക്കേണ്ടതില്ല. ഫ്രീയായി കളിക്കുക,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നീണ്ട ഇടവേളക്ക് ശേഷമാണ് രാഹുല്‍ അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് തിരിച്ചെത്തിയത്. വരാനിരിക്കുന്ന ടി- 20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം കണ്ടെത്താന്‍ രാഹുല്‍ ആക്രമണാത്മകമായി ബാറ്റ് ചെയ്യേണ്ടി വരും എന്നതില്‍ സംശയമില്ല. അടുത്ത മത്സരത്തില്‍ താരത്തിന് ഫോമിലെത്താന്‍ സാധിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ഏഷ്യാ കപ്പിലെ സെമി മത്സരങ്ങള്‍ താരത്തിന് വളരെ നിര്‍ണായകമാണ്. രാഹുല്‍ കൂടെ ഫോമില്‍ എത്തിയാല്‍ വരാനിരിക്കുന്ന ലോകകപ്പില്‍ ടീമിന്റെ കോണ്‍ഫിഡന്‍സും കൂടും.