Advertisement
Sports News
വിരാടോ ഗെയ്‌ലോ ഡി വില്ലിയേഴ്‌സോ അല്ല, ഞാന്‍ പേടിച്ച ഏക ബാറ്റര്‍ അവന്‍ മാത്രം; വ്യക്തമാക്കി ഗംഭീര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 08, 04:43 am
Saturday, 8th March 2025, 10:13 am

ഐ.പി.എല്ലില്‍ തന്നെ ഏറ്റവും ഭയപ്പെടുത്തിയ താരത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ഐ.പി.എല്‍ വിന്നിങ് ക്യാപ്റ്റനും ഇന്ത്യന്‍ പരിശീലകനുമായി ഗൗതം ഗംഭീര്‍. മുന്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ് തനിക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ചത് എന്നാണ് ഗംഭീര്‍ പറയുന്നത്.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഗംഭീര്‍ രോഹിത് ശര്‍മയെ കുറിച്ച് സംസാരിച്ചത്.

 

‘എനിക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ച ഏക താരം, ക്രിസ് ഗെയ്‌ലോ എ.ബി ഡി വില്ലിയേഴ്‌സോ ഒന്നുമല്ല, അത് രോഹിത് ശര്‍മ മാത്രമാണ്. കാരണം അവനെതിരെ പ്ലാന്‍ എ മാത്രമല്ല, പ്ലാന്‍ ബി-യും പ്ലാന്‍ സി-യും എന്റെ പക്കലുണ്ടായിരിക്കണം. രോഹിത് ഉണ്ടെങ്കില്‍ ആര്‍ക്കും കാര്യങ്ങള്‍ എളുപ്പമാകില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഐ.പി.എല്ലില്‍ ഞാന്‍ ഭയപ്പെട്ട ഏക ബാറ്റര്‍, അത് രോഹിത് ശര്‍മയാണ്,’ ഗംഭീര്‍ പറഞ്ഞു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 1,000 റണ്‍സ് നേടിയ രണ്ടേ രണ്ട് താരങ്ങളില്‍ ഒരാളാണ് രോഹിത് ശര്‍മ. 34 മത്സരത്തില്‍ നിന്നും ആറ് അര്‍ധ സെഞ്ച്വറികളടക്കം 39.62 ശരാശരിയില്‍ 1,070 റണ്‍സാണ് രോഹിത് നേടിയത്.

2017ലെ മുംബൈ ഇന്ത്യന്‍സിന്റെ കിരീട നേട്ടത്തില്‍ കൊല്‍ക്കത്തയെ തകര്‍ത്താണ് രോഹിത് ശര്‍മയും സംഘവും ഫൈനലിലേക്ക് കുതിച്ചത്. എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന സെക്കന്‍ഡ് ക്വാളിഫയറില്‍ ആറ് വിക്കറ്റിന് ഗംഭീറിനെയും സംഘത്തെയും തകര്‍ത്ത് മുന്നേറിയ മുംബൈ കലാശപ്പോരാട്ടത്തില്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിനെ പരാജയപ്പെടുത്തിയാണ് കിരീടമണിഞ്ഞത്.

താനും രോഹിത്തും തമ്മിലുള്ള ബന്ധത്തെ കുറിച്ചും ഗംഭീര്‍ സംസാരിച്ചു.

‘രോഹിത് ക്യാപ്റ്റനാണെന്ന കാര്യം മറന്നേക്കൂ. അവനുമായി വളരെ മികച്ച ബന്ധമാണ് എനിക്കുള്ളത്. അവനൊരു അടിപൊളി മനുഷ്യനാണ് എന്നാണ് എനിക്ക് തോന്നുന്നത്, അത് വളരെയധികം പ്രധനമാണ്.

നിങ്ങളൊരു നല്ല മനുഷ്യനാകുമ്പോള്‍ നിങ്ങളൊരു മികച്ച ലീഡറായും മാറുന്നു. ഇക്കാരണം കൊണ്ടാണ് ഐ.പി.എല്ലിലും ടി-20 ലോകകപ്പിലും കിരീടം നേടിയതെന്നാണ് എനിക്ക് തോന്നുന്നത്.

അതെല്ലാം കഴിഞ്ഞുപോയിരിക്കുന്നു. അതെല്ലാം ഭൂതകാലത്തിലാണ്. എന്നാലിപ്പോള്‍ ഞങ്ങള്‍ക്ക് മുമ്പിലുള്ളത്. അവന്റെ മികച്ച പ്രകടനം തന്നെ പുറത്തെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ബാറ്റര്‍ എന്ന നിലയില്‍ മാത്രമല്ല, ഒരു ലീഡര്‍ എന്ന നിലയിലും,’ ഗംഭീര്‍ വ്യക്തമാക്കി.

 

Content highlight: Gautam Gambhir says the only batter he feared in IPL is Rohit Sharma