[]ആലപ്പുഴ: ദേശീയപാതയില്‍ ആര്‍.കെ ജംക്ഷനു സമീപം ഇന്നലെ പുലര്‍ച്ചെ നിയന്ത്രണം വിട്ടു മറിഞ്ഞ കൂറ്റന്‍ ടാങ്കര്‍ ഉയര്‍ത്തി.
കൊല്ലത്തുനിന്ന് കൊണ്ടുവന്ന മിനറല്‍സ് ആന്റ് മെറ്റല്‍സിന്റെ ക്രെയിന്‍ ഉപയോഗിച്ചാണ് ടാങ്കര്‍ ഉയര്‍ത്തിയത്.
ടാങ്കറില്‍നിന്ന് വാതകം മാറ്റല്‍ തുടരുകയാണ്. എട്ട് ടണ്ണോളം ഇന്ധനം ടാങ്കറില്‍നിന്ന് മാറ്റാനുണ്ട്. തുടര്‍ന്നായിരിക്കും ടാങ്കര്‍ ലോറി സ്ഥലത്തുനിന്ന് കൊണ്ടുപോകുക.
പത്തുമണിയോടെ വാതകം പൂര്‍ണമായും മാറ്റാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തും. അതേസമയം, അപകടത്തില്‍പ്പെട്ട ടാങ്കറിന്റെ പെര്‍മിറ്റ് റദ്ദാക്കി. ടാങ്കര്‍ ഡ്രൈവര്‍ മണികണ്ഠന്റെ ലൈസന്‍സും മോട്ടോര്‍ വാഹനവകുപ്പ് റദ്ദാക്കിയിട്ടുണ്ട്.
ഹരിപ്പാട് ആര്‍.കെ ജങ്ഷനില്‍ ബുധാനാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് പാചകവാതക ടാങ്കര്‍ മറിഞ്ഞത്. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍നിന്ന് ഈരാറ്റുപേട്ടയിലേക്ക് പാചകവാതകവുമായി പോയ ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്.
മതിയായ രേഖകളില്ലാത്തതിനാല്‍ അമരവിള ചെക്ക്‌പോസ്റ്റില്‍ തടഞ്ഞ് കേസ്സെടുത്ത വണ്ടിയാണിത്. വണ്ടിയില്‍ രേഖകളുടെ അസ്സല്‍ ഉണ്ടായിരുന്നില്ല.
ഇന്‍ഷുറന്‍സ് കാലാവധി തീര്‍ന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടി കേസ്സെടുത്താണ് വണ്ടി ചെക്ക്‌പോസ്റ്റ് കടത്തിവിട്ടതെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു.
മൂന്നിലൊന്ന് ഗ്യാസ് മാത്രമായിരുന്നു ഈ ടാങ്കറില്‍ നിന്ന് ഇന്നലെ നീക്കാന്‍ കഴിഞ്ഞത്. അപകടത്തില്‍പ്പെട്ട ടാങ്കറിലെ പാചകവാതകം മറ്റൊരു ടാങ്കറിലേക്കു നീക്കം ചെയ്യുന്ന ജോലി ഏറെ വൈകി ആരംഭിച്ചെങ്കിലും രാത്രി എട്ടു മണിയോടെ നിര്‍ത്തിവയ്ക്കുകയായിരുന്നു.