നിതീഷ് കുമാറിനെതിരായ വിവാദ പരാമര്‍ശം; ബിഹാര്‍ എം.പിക്ക് മൂന്ന് വര്‍ഷം തടവ് വിധിച്ച് കോടതി
national news
നിതീഷ് കുമാറിനെതിരായ വിവാദ പരാമര്‍ശം; ബിഹാര്‍ എം.പിക്ക് മൂന്ന് വര്‍ഷം തടവ് വിധിച്ച് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 31st July 2022, 2:15 pm

പട്‌ന: മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ സംഭവത്തില്‍ മുന്‍ എം.പി അരുണ്‍ കുമാറിന് തടവുശിക്ഷ വിധിച്ച് കോടതി. ബിഹാറിലുള്ള ജഹനാബാദ് പ്രത്യേക കോടതിയുടേതാണ് വിധി. മൂന്ന് വര്‍ഷത്തേക്കാണ് അരുണ്‍ കുമാറിന് തടവുശിക്ഷ വിധിച്ചിരിക്കുന്നത്.

2015ല്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് ശിക്ഷ വിധിച്ചത്. 5000രൂപ പിഴയടക്കണമെന്നും കോടതി അറിയിച്ചു.

പ്രത്യേക കോടതിയുടെ വിധിയ്‌ക്കെതിരെ അരുണ്‍കുമാര്‍ മേല്‍ക്കോടതിയെ സമീപിച്ചിരുന്നു.

ഇതേ കേസില്‍ മധേപുരയിലെ മുന്‍ ലോക്സഭാ എം.പിയായ പപ്പു യാദവിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ കൃത്യമായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കോടതി ഇദ്ദേഹത്തെ വെറുതെവിട്ടിരുന്നു.

ബര്‍ഹ്, മൊകാമ മേഖലകളില്‍ ഭൂമിഹാര്‍ ആക്രമിക്കപ്പെടുന്നുവെന്ന് ആരോപിച്ച അരുണ്‍ കുമാര്‍ ”ഞങ്ങള്‍ വളകള്‍ ധരിക്കുന്നില്ലെന്നും ഞങ്ങളുടെ ബഹുമാനത്തെ വ്രണപ്പെടുത്തിയതിന് മുഖ്യമന്ത്രിയുടെ നെഞ്ച് തകര്‍ക്കുമെന്നും” പറഞ്ഞു. ജെ.ഡി.യു നേതാവ് ചന്ദ്രിക പ്രസാദ് യാദവാണ് കേസ് ഫയല്‍ ചെയ്തത്.

Content Highlight: Former MP Arun Kumar gets three year imprisonment in case for defaming Nitish Kumar