ഐ.പി.എല്‍ 2023ന്റെ ആവേശം ഇപ്പോഴേ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. ഡിസംബറില്‍ നടക്കുന്ന മിനി ലേലത്തിന് മുമ്പായി ഓരോ ടീമും അവര്‍ നിലനിര്‍ത്തിയ താരങ്ങളുടെയും റിലീസ് ചെയ്ത താരങ്ങളുടെയും ലിസ്റ്റ് പുറത്തുവിട്ടുമുണ്ട്.
കഴിഞ്ഞ സീസണില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനങ്ങളിലായിരുന്നു മള്‍ട്ടിപ്പിള്‍ ടൈംസ് ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും. 14 മത്സരത്തില്‍ നിന്നും നാല് ജയവും പത്ത് തോല്‍വിയുമായിരുന്നു ഇരുവര്‍ക്കുമുണ്ടായിരുന്നത്. അതിനാല്‍ തന്നെ ഇരു ടീമുകളുടെയും തിരിച്ചുവരവിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകര്‍ ഈ ലോകകപ്പിനെ ഒരുപക്ഷേ ഏറെ വൈകാരികമായിട്ടായിരിക്കും സമീപിക്കുക എന്ന കാര്യം ഉറപ്പാണ്. കാരണം 2023ലേത് എം.എസ്. ധോണിയുടെ അവസാന ഐ.പി.എല്‍ ആയിരിക്കാന്‍ സാധ്യതകളേറെയാണ്.
എം.എസ്. ധോണി പടിയിറങ്ങുന്നതോടെ സി.എസ്.കെയെ ആര് നയിക്കും എന്ന ചോദ്യവും ഉയരുന്നുണ്ട്. കഴിഞ്ഞ സീസണില്‍ ജഡേജക്ക് ക്യാപ്റ്റന്‍സി കൈമാറുകയും എന്നാല്‍ സീസണിന്റെ പകുതിയോടെ ധോണിക്ക് വീണ്ടും നായകസ്ഥാനം ഏറ്റെടുക്കേണ്ടതായും വന്നിരുന്നു.
ഇതോടെയാണ് ധോണിക്ക് ശേഷം ഇനിയാര് എന്ന ചോദ്യവും ഉയര്‍ന്നത്.
ചെന്നൈ നായകസ്ഥാനത്തേക്ക് ധോണിയുടെ പിന്‍ഗാമിയെ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ഡൊമസ്റ്റിക് ലെജന്‍ഡുമായ വസീം ജാഫര്‍. അധികമാരും നിര്‍ദേശിക്കാത്ത ഒരു താരത്തെയാണ് ചെന്നൈ നായകനായി വസീം ജാഫര്‍ വിഭാവനം ചെയ്യുന്നത്.
യുവതാരം ഋതുരാജ് ഗെയ്ക്വാദിനെയാണ് വസീം ജാഫര്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് നിര്‍ദേശിക്കുന്നത്.
‘വിക്കറ്റ് കീപ്പറുടെ റോളില്‍ അവര്‍ ഡെവോണ്‍ കോണ്‍വേയെ മാത്രമേ പരിഗണിക്കൂ എന്നാണ് എനിക്ക് തോന്നുന്നത്. അവനാണ് ക്യൂവിലെ അടുത്തയാള്‍. എം.എസ്. മറ്റാരെയെങ്കിലും പരീക്ഷിക്കാനും സാധ്യതയുണ്ട്. അതാരായിരിക്കുമെന്ന് എനിക്കറിയില്ല.
എനിക്ക് തോന്നുന്നത് ധോണിക്ക് ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കാന്‍ പോന്ന ഒരാളെ അവര്‍ കണ്ടെത്തുമെന്നാണ്. ഗെയ്ക്വാദ് അവരില്‍ ഒരാളായിരിക്കും. കാരണം അവന്‍ യുവതാരമാണ്. ആഭ്യന്തര ക്രിക്കറ്റില്‍ മഹാരാഷ്ട്രയെ നയിക്കുന്നവനാണ്. അവര്‍ ചിലപ്പോഴവനെ വളര്‍ത്തിയെടുക്കുകയും എന്തെങ്കിലും ചുമതലകളേല്‍പ്പിക്കുകയും ചെയ്‌തേക്കാം.