ടി-20 ഫോര്‍മാറ്റില്‍ റിഷബ് പന്ത് ടീമിന് ബാധ്യതയാണെന്ന് മുന്‍ ഇന്ത്യന്‍ താരം രീതിന്ദര്‍ സോധി. റിഷബ് പന്ത് ഇപ്പോള്‍ ഇന്ത്യക്ക് വെറുമൊരു ബാധ്യത മാത്രമാണെന്നും പന്തിന് പകരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നുമാണ് സോധി ആവശ്യപ്പെടുന്നത്.
ടി-20 ഫോര്‍മാറ്റില്‍ നിരന്തരമായി പരാജയപ്പെടുമ്പോഴും ഇന്ത്യ റിഷബ് പന്തിന് അവസരങ്ങള്‍ നല്‍കിക്കൊണ്ടേയിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നിന്നും ഒരിക്കല്‍ മാത്രമാണ് പന്ത് ഇരട്ടയക്കം കണ്ടത്. ഇന്ത്യ – ന്യൂസിലാന്‍ഡ് മൂന്നാം ടി-20യില്‍ 11 റണ്‍സ് നേടിയായിരുന്നു പന്ത് പുറത്തായത്. ആ മത്സരമാണെങ്കില്‍ മഴ മൂലം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
പന്തിന് വീണ്ടും വീണ്ടും അവസരം ലഭിക്കുകയും സഞ്ജു ബെഞ്ചില്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സോധി വിമര്‍ശനവുമായി രംഗത്തെത്തിയത്.
റിഷബ് പന്തിന് ഇതിനോടകം തന്നെ അവസരങ്ങളെമ്പാടും ലഭിച്ചെന്നും താരത്തെ പുറത്താക്കണമെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സോധി ഇക്കാര്യം പറഞ്ഞത്.
‘അവനിപ്പോള്‍ വലിയൊരു ബാധ്യതയായി മാറിയിരിക്കുന്നു. അവനെ പുറത്താക്കാനുള്ള സമയമാണിത്. സഞ്ജു സാംസണ് ഒരു അവസരം ലഭിക്കേണ്ടത് അനിവാര്യമാണ്. പന്തിനേക്കാള്‍ മികച്ചൊരു താരത്തിന് അവസരം നല്‍കിയേ മതിയാവൂ. ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഇനിയൊരു തോല്‍വി താങ്ങാനാവില്ല,’ സോധി പറഞ്ഞു.
‘നിങ്ങളൊരാള്‍ക്ക് ഒരുപാട് അവസരങ്ങള്‍ നല്‍കുമ്പോള്‍ അവിടെ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നു. പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കണം.
പന്തിന് എത്രത്തോളം അവസരം ലഭിച്ചുവെന്നത് നമുക്കറിയാവുന്നതാണ്. സമയം അതിക്രമിക്കുകയാണ്. പന്ത് മികച്ച പ്രകടനം കാഴ്ചവെക്കേണ്ടതുണ്ട്. എല്ലാത്തിനും ഒരു പരിധിയുണ്ട്.
ഒരാളെ മാത്രം നമുക്ക് എല്ലാ കാലവും ആശ്രയിക്കാന്‍ സാധിക്കില്ല. അവന് മികച്ച പ്രകടനം ഇനിയും നടത്താന്‍ സാധിക്കുന്നില്ലെങ്കില്‍ പുറത്തേക്കുള്ള വഴി കാണിച്ചുകൊടുക്കുക,’ സോധി കൂട്ടിച്ചേര്‍ത്തു.
അതേസമയം, വരാനിരിക്കുന്ന ഇന്ത്യ – ന്യൂസിലാന്‍ഡ് ഏകദിന പരമ്പരയില്‍ സഞ്ജുവിന് അവസരം നല്‍കണമെന്ന് ദിനേഷ് കാര്‍ത്തിക്കും അഭിപ്രായപ്പെട്ടിരുന്നു.
‘ശിഖര്‍ ധവാനും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് വേണം ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാന്‍. മൂന്നാം നമ്പറില്‍ ശ്രേയസ് അയ്യര്‍ ഇറങ്ങും. നാലാം നമ്പറിലും അഞ്ചാം നമ്പറിലും റിഷബ് പന്തും സൂര്യകുമാര്‍ യാദവും നമുക്കൊപ്പമുണ്ട്. ആറാം നമ്പറില്‍ താന്‍ മികച്ച താരമാണെന്ന് സഞ്ജു സാംസണ്‍ ഇതിനോടകം തന്നെ തെളിയിച്ചതാണ്. ഇതിന് ശേഷം അഞ്ച് ബൗളര്‍മാരും ഉണ്ടാകും.
വാഷിങ്ടണ്‍ സുന്ദറിനും ഷര്‍ദുല്‍ താക്കൂറിനും എന്തായാലും അവസരം നല്‍കണമെന്നാണ് എന്റെ അഭിപ്രായം. ശേഷം മൂന്ന് പേസര്‍മാരെയും ഉള്‍പ്പെടുത്താം,’ ദിനേഷ് കാര്‍ത്തിക് പറയുന്നു.