ശിവലിംഗത്തിൽ ദ്വാരമുണ്ടാകില്ല; ഗ്യാൻവാപിയിൽ കണ്ടെത്തിയ ഫൗണ്ടനിൽ ദ്വാരമുണ്ട്: കാശി ക്ഷേത്രം മുൻ മുഖ്യപൂജാരി
national news
ശിവലിംഗത്തിൽ ദ്വാരമുണ്ടാകില്ല; ഗ്യാൻവാപിയിൽ കണ്ടെത്തിയ ഫൗണ്ടനിൽ ദ്വാരമുണ്ട്: കാശി ക്ഷേത്രം മുൻ മുഖ്യപൂജാരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th February 2024, 10:53 pm

വാരണാസി: ഗ്യാന്‍വാപി മസ്ജിദിലെ വുസുഖാനയില്‍ കണ്ടത് ശിവലിംഗമാണോ എന്ന് ഉറപ്പിക്കാന്‍ കഴിയില്ലെന്ന് കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ മുന്‍ മുഖ്യപൂജാരി (മഹന്ത്) രാജേന്ദ്ര തിവാരി. മസ്ജിദുനുള്ളില്‍ കണ്ടത് വെറും ഫൗണ്ടന്‍ ആണോ എന്ന സംശയം മുമ്പേ താന്‍ അധികാരികളെ അറിയിച്ചിരുന്നതായി രാജേന്ദ്ര തിവാരി പറഞ്ഞു.

അസിസ്റ്റന്റ് കമ്മീഷ്ണറുടെ നേതൃത്വത്തില്‍ മസ്ജിദില്‍ നടത്തിയ പരിശോധനയില്‍ ശിവലിംഗമെന്ന് കരുതപ്പെടുന്ന വസ്തുവില്‍ 63 സെന്റിമീറ്റര്‍ വരുന്ന ഒരു ദ്വാരമുള്ളതായി കണ്ടെത്തിയിരുന്നുവെന്ന് രാജേന്ദ്ര തിവാരി ചൂണ്ടിക്കാട്ടി. പരിശോധനയെ തുടര്‍ന്ന് ശിവലിംഗത്തില്‍ ഒരുകാരണവശാലും ദ്വാരം ഉണ്ടാകില്ല എന്ന് താന്‍ വ്യക്തമാക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ പരിശോധനകള്‍ നടത്തിയതിന് ശേഷം മാത്രമേ വിഗ്രഹത്തെ ഭഗവാന്‍ എന്ന് വിളിക്കാന്‍ കഴിയുള്ളുവെന്ന് രാജേന്ദ്ര തിവാരി പറഞ്ഞു. പക്ഷെ അധികാരികള്‍ തന്റെ വാക്കുകള്‍ തള്ളിക്കളഞ്ഞുവെന്നും കൂടുതല്‍ പരിശോധനയില്ലാതെ കല്ലുകൊണ്ടുള്ള ഏതോ ഒരു നിര്‍മിതിയെ ഭഗവാനാക്കിയെന്നും കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ മുന്‍ മുഖ്യപൂജാരി ചൂണ്ടിക്കാട്ടി.

ഭഗവാന്‍ ആരെന്ന് തീരുമാനിക്കേണ്ടത് മീഡിയ ട്രയല്‍ വഴിയല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഗ്യാന്‍വാപിയിലെ മസ്ജിദ് തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി ശിങ്കാര്‍ ഗൗരിയില്‍ ദര്‍ശനത്തിനുള്ള അവകാശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച അഞ്ച് വനിതകളും ആര്‍.എസ്.എസുമായി ബന്ധമുള്ളവരാണ് എന്നും രാജേന്ദ്ര തിവാരി സൂചിപ്പിച്ചു.

‘ശിങ്കാര്‍ ഗൗരിയുടെ വിഗ്രഹം പള്ളിയുടെ മതില്‍ക്കെട്ടിന് പുറത്താണ്. വര്‍ഷങ്ങളായി അവിടെ പൂജ നടക്കുന്നുണ്ട്. ഇതുകൊണ്ട് തന്നെ പൂജ ചെയ്യാന്‍ സംഘികളായ സ്ത്രീകള്‍ കോടതിയില്‍ പോവുകയും ഇത്രയും അപഹാസ്യകരമായ ഹരജി കോടതി നിരസിക്കാതിരിക്കുകയും ചെയ്തത് സംഘപരിവാറിന്റെ ഗൂഢാലോചന വ്യക്തമാക്കുന്നു,’ രാജേന്ദ്ര തിവാരി പറഞ്ഞു.

ഇതിനുപുറമെ കാശിയിലെ അന്നപൂര്‍ണ ക്ഷേത്രത്തില്‍ നിന്ന് 104 വര്‍ഷം മുന്‍പ് മോഷണം പോയെന്ന പേരില്‍ ഒരു വിഗ്രഹം കാനഡയില്‍ നിന്ന് ഒരു സംഘം തിരികെ കൊണ്ടുവന്നു. താന്‍ അന്നപൂര്‍ണ ക്ഷേത്രത്തിന്റെ മഹാന്തിനോട് ചോദിച്ചപ്പോള്‍ അങ്ങനെയൊരു മൂര്‍ത്തി മോഷണം പോയിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞതെന്നും രാജേന്ദ്ര തിവാരി വ്യക്തമാക്കി.

Content Highlight: Former head priest of Kashi Vishwanath Temple says it is not possible to confirm if it is Shiva lingam seen in Vusukhana of Gyanwapi