Sports News
പന്തിനെ ഹെഡ് മാസ്റ്റര്‍ ശകാരിച്ചു, ഇവന്‍ ഡിഫന്‍സ് കളിക്കുന്നത് എനിക്ക് ഇഷ്ടമല്ല; പന്തിനെക്കുറിച്ച് ചര്‍ച്ച ചെയ്ത് മുന്‍ താരങ്ങള്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 03, 10:34 am
Friday, 3rd January 2025, 4:04 pm

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അഞ്ചാമത്തേയും അവസാനത്തേയും മത്സരം സിഡ്‌നിയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരെഞ്ഞെടുത്ത ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ബാറ്റിങ്ങില്‍ ഇന്ത്യ 185 റണ്‍സിനാണ് ഓള്‍ ഔട്ട് ആയത്. തുടര്‍ന്ന് ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് ആദ്യ ദിനം അവസാനിക്കുമ്പോള്‍ 9/1 എന്ന നിലയിലാണ്.

ഇന്ത്യക്കുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് റിഷബ് പന്തായിരുന്നു. ഒരു സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 98 പന്തില്‍ നിന്നും 40 റണ്‍സാണ് താരം നേടിയത്. ഏറെ നേരം ക്രീസില്‍ നിന്ന് ഡിഫന്‍സീവ് സ്റ്റൈലിലാണ് പന്ത് ഓസീസിനെ നേരിട്ടത്. തന്റെ ആക്രമണ രീതി ഉപേക്ഷിച്ച പന്തിനെയാണ് സിഡ്‌നിയില്‍ കാണാന്‍ സാധിച്ചത്.

 

എന്നാല്‍ പന്തിന്റെ ബാറ്റിങ്ങില്‍ അമ്പരന്ന മുന്‍ ഓസ്ട്രേലിയന്‍ താരം കെറി ഒകീഫ് മത്സരത്തിലനിടയില്‍ സംസാരിച്ചിരുന്നു. ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെ കളിയാക്കിയാണ് ഒകീഫ് സംസാരിച്ചത്. ഗംഭീറിന്റെ ഉപദേശങ്ങള്‍ കേട്ടാണ് പന്ത് തന്റെ ശൈലിയില്‍ മാറ്റം വരുത്തിയതെന്ന രീതിയിലാണ് ഒകീഫ് സംസാരിച്ചത്. പന്തിനെ ഹെഡ് മാസ്റ്റര്‍ ശകാരിച്ചു എന്നാണ് ഒകീഫ് പരാമര്‍ശിച്ചത്.

‘റിഷബ് പന്തിനെ ഹെഡ്മാസ്റ്റര്‍ ശകാരിച്ചു, ഇത് ശരിയല്ല. അവന്‍ ഇങ്ങനെയാണ് കളിക്കുന്നത്. റണ്‍സ് നേടുന്നതിന് സഹായിച്ച ആക്രമണോത്സുകത നഷ്ടപ്പെട്ടു, ഇന്നത്തെ അദ്ദേഹത്തിന്റെ സമീപനം മനസിലാക്കാന്‍ പ്രയാസമാണ്,’ മുന്‍ ഓസ്ട്രേലിയന്‍ താരം കെറി ഒകീഫ് സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

തന്റെ ശൈലിയെക്കുറിച്ച് പറയുന്ന കാര്യങ്ങള്‍ അവഗണിക്കാന്‍ മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണും പന്തിനോട് ചര്‍ച്ചയില്‍ പറഞ്ഞിരുന്നു.

‘ഞാന്‍ ടീം ഇന്ത്യയുടെ ക്യാപ്റ്റന്‍ ആണെങ്കില്‍ പന്ത് ഡിഫന്‍സീവ് സ്‌ട്രോക്ക് കളിക്കുന്നത് എനിക്ക് ഇഷ്ടമല്ല. സോഷ്യല്‍ മീഡിയയില്‍ പറയുന്ന കാര്യങ്ങള്‍ അവഗണിച്ച് അദ്ദേഹം ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ തുടരണമെന്ന് ഞാന്‍ കരുതുന്നു,’ വോണ്‍ പറഞ്ഞു.

മത്സരത്തില്‍ താരത്തിന് മികച്ച പിന്തുണ നല്‍കിയത് രവീന്ദ്ര ജഡേജയായിരുന്നു. 95 പന്തില്‍ നിന്നും 26 റണ്‍സ് ആണ് താരം നേടിയത്. രോഹിത് ശര്‍മയ്ക്ക് പകരം ഇലവനില്‍ ഇടം നേടിയ ശുഭ്മന്‍ ഗില്‍ 64 പന്തില്‍ നിന്ന് 20 റണ്‍സും നേടിയിരുന്നു. ക്യാപ്റ്റന്‍ ബുംറ 22 റണ്‍സ് നേടിയാണ് അവസാന വിക്കറ്റില്‍ പിടിച്ച് നിന്നത്.

ഓസ്ട്രേലിയയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് പേസ് ബൗളര്‍ സ്‌കോട്ട് ബോളണ്ട് നടത്തിയത്. വിരാട് കോഹ്ലി, ഓപ്പണര്‍ യശസ്വി ജെയ്സ്വാള്‍ (10), പന്ത് (40), നിതീഷ് കുമാര്‍ റെഡ്ഡി (0) എന്നിവരെ പുറത്താക്കിയാണ് ബോളണ്ട് മികച്ച പ്രകടനം കാഴ്ചവെച്ചത്. മാത്രമല്ല 57ാം ഓവറില്‍ വെറും ഒരു റണ്‍സ് വിട്ടുകൊടുത്ത് നാലാം പന്തിലും അഞ്ചാം പന്തിലും വിക്കറ്റ് വീഴ്ത്തി തിളങ്ങിയിരുന്നു.

 

Content Highlight: Former Cricket Players Talking About Rishabh Pant