Advertisement
Kerala News
കാട്ടാനകളുടെ ആക്രമണം; വനംവകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jan 25, 08:30 am
Wednesday, 25th January 2023, 2:00 pm

കട്ടപ്പന: ഇടുക്കിയില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടു. ഇടുക്കി ശാന്തന്‍പാറ പന്നിയാര്‍ എസ്റ്റേറ്റിലായിരുന്നു സംഭവം.

ഇടുക്കി അയ്യപ്പന്‍കുടി സ്വദേശി ശക്തിവേല്‍ ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെയാണ് കാട്ടാന ആക്രമണമുണ്ടായത്. എസ്റ്റേറ്റിലെ കാട്ടാനക്കൂട്ടത്തെ ഓടിക്കാന്‍ എത്തിയതായിരുന്നു ശക്തിവേല്‍. എന്നാല്‍ ഇതിനിടെ ആനയുടെ ചവിട്ടേല്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

പന്നിയാര്‍ എസ്റ്റേറ്റിന് സമീപമുള്ള തേയിലത്തോട്ടത്തോട് ചേര്‍ന്ന് ഏതാണ്ട് പത്തോളം കാട്ടാനകളുടെ കൂട്ടമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ആനകളെ ഓടിക്കാന്‍ സമീപവാസികള്‍ ശക്തിവേലിനെ വിവരമറിയിക്കുകയായിരുന്നു.

എന്നാല്‍ ശക്തിവേലിന് കാട്ടാനക്കൂട്ടത്തില്‍ നിന്നും ആക്രമണമുണ്ടായ വിവരം സംഭവം നടന്ന സമയത്ത് പുറത്തറിഞ്ഞിരുന്നില്ല. പിന്നീട് ഇദ്ദേഹത്തിന്റെ സ്‌കൂട്ടര്‍ അനാഥമായി കിടക്കുന്നത് കണ്ട് ആളുകള്‍ ചെന്ന് നോക്കിയപ്പോഴാണ് ഇദ്ദേഹം പരിക്കേറ്റ് കിടക്കുന്നതായി കണ്ടത്.

ഉടന്‍തന്നെ സംഭവം വനംവകുപ്പിനെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. പിന്നീട് ദേവികുളം റേഞ്ച് ഓഫീസറുടെയും മൂന്നാര്‍ ഡി.എഫ്.ഒയുടെയും നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ശക്തിവേലിനെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു.

വനംവകുപ്പിലെ താല്‍ക്കാലിക വാച്ചറായ ശക്തിവേല്‍ ആനയിറങ്ങുന്ന പ്രദേശങ്ങളില്‍ കാട്ടാനകളെ ഓടിക്കുന്നതിന് വേണ്ടി നിയോഗിച്ച സംഘത്തിന്റെ ഭാഗമായിരുന്നു.

Content Highlight: Forest Department watcher died of elephant attack