അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരുവര്‍ഷം; പ്രധാനപ്രതിയടക്കം രണ്ടുപേരെ പിടികൂടാനാകാതെ പൊലീസ്
abhimanyu murder
അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരുവര്‍ഷം; പ്രധാനപ്രതിയടക്കം രണ്ടുപേരെ പിടികൂടാനാകാതെ പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd July 2019, 8:20 am

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍വെച്ച് എസ്.എഫ്.ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരുവര്‍ഷം. ഇന്നുതന്നെ കേസിന്റെ വിചാരണയ്ക്ക് എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ തുടക്കമാകും. വര്‍ഷം ഒന്നു തികഞ്ഞെങ്കിലും 16 പ്രതികളുള്ള കേസില്‍ അഭിമന്യുവിനെ കുത്തിവീഴ്ത്തിയ പ്രധാന പ്രതിയടക്കം രണ്ടുപേരെ പൊലീസിന് ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല.

2018 ജൂലൈ രണ്ടിന് പുലര്‍ച്ചെയാണ് രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയായ അഭിമന്യു കോളേജിന് പിന്‍ഭാഗത്തെ റോഡിന് സമീപം കുത്തേറ്റ് വീണത്. നവാഗതരെ സ്വാഗതം ചെയ്യുന്ന എസ്.എഫ്.ഐയുടെ ചുവരെഴുത്ത് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ മായ്ച്ചുകളഞ്ഞതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയിലായിരുന്നു സംഭവം.

16 പ്രതികളെ ഉള്‍പ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും അഭിമന്യുവിനെ കുത്തിയ പനങ്ങാട് സ്വദേശി സഹല്‍, സുഹൃത്ത് അര്‍ജുനെ കുത്തിപ്പരിക്കേല്‍പ്പിച്ച ഷഹീം എന്നീ പ്രതികളെ ഇതുവരെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയും ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനുമായ മുഹമ്മദ് ആണ് ഒന്നാം പ്രതി. മുഹമ്മദ് ഗൂഢാലോചന നടത്തി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്‌തെന്നാണ് കുറ്റപത്രം. ആകെ 16 പ്രതികളുള്ള കേസില്‍ 10 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. നാല് പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. പിടിയിലാകാനുള്ള പ്രധാന പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

എല്ലാ പ്രതികളെയും ഉടന്‍ പിടികൂടിയില്ലെങ്കില്‍ കോടതിക്കു മുന്നില്‍ ജീവനൊടുക്കുമെന്ന് അഭിമന്യുവിന്റെ മാതാപിതാക്കള്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

നേരത്തെ അഭിമന്യുവിന്റെ ജീവിതം ആസ്പദമാക്കി നിര്‍മ്മിച്ച നാന്‍ പെറ്റ മകന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് മന്ത്രി എം.എം മണി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെ അഭിമന്യുവിന്റെ അമ്മാവന്‍ ലോകന്‍ പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാണിച്ച് കമന്റ് ചെയ്തിരുന്നു.

കേസന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസുകാരെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും പ്രതികള്‍ വിദേശത്തേക്ക് കടന്നതായി പറയപ്പെടുന്നുവെന്നും മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ലോകന്‍ കമന്റില്‍ ലോകന്‍ പറഞ്ഞിരുന്നു.

നേരത്തെ കേസിലെ മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യുമെന്ന് മന്ത്രിമാരും സി.പി.ഐ.എം നേതാക്കളും നേരത്തെ പറഞ്ഞിരുന്നു.