പൂനെ: മുഗൾ ഭരണാധികാരി ഔറംഗസേബ് ആലംഗീറിനെ അനുകൂലിച്ച് പരമാർശം നടത്തിയതിന് മഹാരാഷ്ട്ര സമാജ്‌വാദി പാർട്ടി (എസ്.പി) നേതാവും എം.എൽ.എയുമായ അബു ആസ്മിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പൊലീസ്. ഔറംഗസേബ് ക്രൂരനായ നേതാവല്ല എന്ന് അബു ആസ്മി പറഞ്ഞിരുന്നു.
മഹാരാഷ്ട്ര നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തിൽ മുംബൈയിൽ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് ആസ്മി ഇക്കാര്യം പറഞ്ഞത്. ‘ഔറംഗസേബ് നിരവധി ക്ഷേത്രങ്ങൾ പണിതു. വാരണാസിയിൽ, ഒരു ഹിന്ദു പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച പുരോഹിതനിൽ നിന്ന് ആ കുട്ടിയെ രക്ഷിച്ചു. ആ പുരോഹിതനെ ആനകളെക്കൊണ്ട് ചവിട്ടിക്കൊന്നു’ എന്ന് ആസ്മി പറഞ്ഞിരുന്നു.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെയും ഔറംഗസേബിനോട് താരതമ്യപ്പെടുത്തിയ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ സമീപകാല പ്രസ്താവനയ്ക്ക് മറുപടിയായി, ഔറംഗസേബിനെ ബി.ജെ.പി തെറ്റായി ചിത്രീകരിക്കുകയാണെന്ന് ആസ്മി പ്രതികരിച്ചിരുന്നു.
അദ്ദേഹത്തിന്റെ പരാമർശത്തിന് പിന്നാലെ ശിവസേന എം.പി നരേഷ് മാസ്‌കെ താനെയിലെ വാഗലെ എസ്റ്റേറ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് ഭാരതീയ ന്യായ സംഹിത (ബി.എൻഎസ്) സെക്ഷൻ 299, 302, 356(1), 356(2) എന്നിവ പ്രകാരം ആസ്മിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.
എങ്കിലും അദ്ദേഹം തന്റെ നിലപാടിൽ തന്നെ ഉറച്ച് നിന്ന്. ‘ഔറംഗസേബിനെ ഒരു ക്രൂരനായ ഭരണാധികാരിയായി ഞാൻ കരുതുന്നില്ല. ആ കാലഘട്ടത്തിൽ അധികാര പോരാട്ടങ്ങൾ മതപരമായിരുന്നില്ല, രാഷ്ട്രീയമായിരുന്നു. ഛത്രപതി ശിവാജിയുടെ സൈന്യത്തിൽ നിരവധി മുസ്‌ലിങ്ങൾ ഉണ്ടായിരുന്നതുപോലെ, ഔറംഗസേബിന്റെ സൈന്യത്തിലും നിരവധി ഹിന്ദുക്കൾ ഉണ്ടായിരുന്നു,’ അദ്ദേഹം പറഞ്ഞു.
ഔറംഗസേബിന്റെ ഭരണകാലത്ത് ഇന്ത്യയുടെ അതിർത്തികൾ അഫ്ഗാനിസ്ഥാൻ വരെ വ്യാപിച്ചിട്ടുണ്ടെന്നും, മതപരമായ കാഴ്ചപ്പാടിലൂടെ ഔറംഗസേബിനെ അന്യായമായി അധിക്ഷേപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ പരാമർശങ്ങൾക്ക് പിന്നാലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ ആസ്മിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.
അദ്ദേഹത്തിന്റെ പരാമർശങ്ങളെ ഷിൻഡെ ശക്തമായി അപലപിച്ചു. ‘ഛത്രപതി സംബാജി മഹാരാജ് ഒരു ദേശസ്‌നേഹിയും യഥാർത്ഥ ദേശീയവാദിയുമായിരുന്നു എന്നതിനാൽ ആസ്മി ഇതിന് മാപ്പ് പറയണം. സംബാജി മഹാരാജിനെ 40 ദിവസത്തെ ക്രൂരമായ പീഡനത്തിനും വധശിക്ഷയ്ക്കും ഇരയാക്കിയത് ഔറംഗസേബാണ്. ഔറംഗസേബിന്റെ ഭരണത്തെ മഹത്വവൽക്കരിക്കുന്നത് ഗുരുതരമായ കുറ്റമാണ്, ഇതിന് അബു ആസ്മി മാപ്പ് പറയണം. ഒരു ദേശസ്‌നേഹിക്കെതിരെ സംസാരിക്കുന്നതിലൂടെ അദ്ദേഹം സ്വയം ദേശവിരുദ്ധനായി നിലകൊള്ളുന്നു’ ഷിൻഡെ പറഞ്ഞു.
Content Highlight: FIR registered against SP leader Abu Azmi for saying Aurangzeb “not cruel”