ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മുംബൈ ഇന്ത്യന്‍സ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തില്‍ ക്രിക്കറ്റിന്റെ പൂര്‍ണ സൗന്ദര്യം ആസ്വദിക്കാന്‍ ആരാധകര്‍ക്ക് സാധിച്ചിരുന്നു. ബാറ്റുകൊണ്ടും പന്തുകൊണ്ടും മാത്രമല്ല, ഫീല്‍ഡര്‍മാരും കഴിഞ്ഞ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചിരുന്നു. ക്രിക്കറ്റെന്നാല്‍ ബൗളറും ബാറ്ററും മാത്രമല്ല എന്ന് തെളിയിക്കുന്ന ചില മത്സരങ്ങളില്‍ ഒന്നായിരുന്നു കഴിഞ്ഞ ദിവസം ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ കണ്ടത്.
ഇരു ടീമിന്റെയും ഫീല്‍ഡര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അതില്‍ എടുത്ത് പറയേണ്ട പേരുകള്‍ സണ്‍റൈസേഴ്‌സ് നായകന്‍ ഏയ്ഡന്‍ മര്‍ക്രമിന്റെയും മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍ താരം ടിം ഡേവിഡിന്റെയുമാണ്.
മത്സരത്തില്‍ ആകെ വീണ 15 വിക്കറ്റുകളില്‍ എട്ടിലും ഇവരുടെ കയ്യൊപ്പ് പതിഞ്ഞിരുന്നു. മുംബൈ ഇന്ത്യന്‍സിനെതിരെ മര്‍ക്രം മൂന്ന് തകര്‍പ്പന്‍ ക്യാച്ചുകളുമായി കളം നിറഞ്ഞാടിയപ്പോള്‍ നാല് ക്യാച്ചും ഒരു റണ്‍ ഔട്ടുമാണ് ടിം ഡേവിഡ് തന്റെ പേരില്‍ കുറിച്ചത്.
മത്സരത്തിലെ ആദ്യ വിക്കറ്റില്‍ തന്നെ മര്‍ക്രം തന്റെ പേരെഴുതിച്ചേര്‍ത്തിരുന്നു. ടി. നടരാജന്റെ പന്തില്‍ ഷോട്ട് കളിച്ച രോഹിത് ശര്‍മ മര്‍ക്രമിന്റെ കയ്യില്‍ ചെന്ന് അവസാനിക്കുകയായിരുന്നു. 18 പന്തില്‍ നിന്നും 28 റണ്‍സായിരുന്നു പുറത്താകുമ്പോള്‍ താരത്തിന്റെ സമ്പാദ്യം.
രോഹിത്തിന് പുറമെ ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവുമാണ് മര്‍ക്രമിന്റെ കയ്യില്‍ ഒടുങ്ങിയത്. മാര്‍കോ യാന്‍സെന്റെ പന്തില്‍ 38 റണ്‍സ് നേടി കിഷന്‍ തിരികെ നടന്നപ്പോള്‍ ഏഴ് റണ്‍സ് മാത്രം നേടിയാണ് സ്‌കൈ പുറത്തായത്. യാന്‍സെന്‍ തന്നെയായിരുന്നു സൂര്യക്കെതിരെയും പന്തെറിഞ്ഞത്.
സണ്‍റൈസേഴ്‌സിന് മര്‍ക്രമുണ്ടെങ്കില്‍ തങ്ങള്‍ക്ക് ടിം ഡേവിഡ് ഉണ്ടെന്നായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ മറുപടി. സണ്‍റൈസേഴ്‌സിന്റെ ടോപ് സ്‌കോററായ മായങ്ക് അഗര്‍വാള്‍ അടക്കം അഞ്ച് പേരാണ് ഡേവിഡിന്റെ ഫീല്‍ഡിങ് മികവില്‍ തിരിച്ചുകയറിയത്.
അഭിഷേക് ശര്‍മക്കായിരുന്നു ടിം ഡേവിഡിന്റെ കൈകൊണ്ട് പുറത്താകാനുള്ള ആദ്യ അവസരം. പീയൂഷ് ചൗളയുടെ പന്തിലായിരുന്നു ശര്‍മ പുറത്തായത്. പിന്നാലെ ഹെന്റിച്ച് ക്ലാസന്‍, മായങ്ക് അഗര്‍വാള്‍, മാര്‍ക്കോ യാന്‍സെന്‍ എന്നിവരും ഡേവിഡിന്റെ കയ്യിലൊതുങ്ങി.
#MumbaiIndians are on a rampage.@timdavid8 with two key catches as Klaasen and Mayank Agarwal depart in quick succession.
സണ്‍റൈസേഴ്‌സിന്റെ അവസാന പ്രതീക്ഷയായ വാഷിങ്ടണ്‍ സുന്ദറിനെ റണ്‍ ഔട്ടാക്കിയാണ് ടിം ഡേവിഡ് ഫീല്‍ഡിങ്ങിലെ തന്റെ മായാജാലം കാണിച്ചത്. ആറ് പന്തില്‍ നിന്നും പത്ത് റണ്‍സ് നേടി നില്‍ക്കവെയാണ് താരം മടങ്ങിയത്.
Content Highlight: Fielding performance of Tim David and Aiden Markram