ക്ലാസെടുക്കുമ്പോള്‍ ആരെന്നറിയാത്തൊരാള്‍ മുന്നില്‍ വന്നിരിക്കുന്നത് അസ്വസ്ഥത തന്നെയാണ്
Kerala
ക്ലാസെടുക്കുമ്പോള്‍ ആരെന്നറിയാത്തൊരാള്‍ മുന്നില്‍ വന്നിരിക്കുന്നത് അസ്വസ്ഥത തന്നെയാണ്
ഡോ. ഷിംന അസീസ്
Friday, 3rd May 2019, 2:39 pm

പര്‍ദ്ദ ധരിക്കുന്നതില്‍ യാതൊരു എതിര്‍പ്പുമില്ല. അതൊരു വസ്ത്രമാണ്, ബിക്കിനി ധരിക്കണോ പര്‍ദ്ദ ധരിക്കണോ എന്നതൊക്കെ ആ സ്ത്രീയുടെ ഇഷ്ടമാണ്. അങ്ങനെ മാത്രം ആയിരിക്കുകയും വേണം. ഒരു ഇസ്‌ലാം മതവിശ്വാസിക്ക് ഇസ്‌ലാം അനുശാസിക്കുന്ന രീതിയില്‍ മാന്യമായ വസ്ത്രധാരണവും നടത്താം. നിഖാബ് അങ്ങനെയല്ല, മതത്തിന്റെ പേര് പറഞ്ഞ് ഇങ്ങനെയൊന്ന് പൊക്കിക്കൊണ്ടുവരണമെന്നുമില്ല. മതവിശ്വാസിയോട് മുഖവും മുന്‍കൈകളുമൊഴിച്ചുള്ള ഭാഗങ്ങള്‍ മറയ്ക്കാനേ ഇസ്‌ലാം പറയുന്നുള്ളൂ.

ലോകത്തെമ്പാടു നിന്നും ലക്ഷക്കണക്കിന് ഇസ്‌ലാം മതവിശ്വാസികളായ സ്ത്രീകളും പുരുഷന്മാരും തോളോട് തോള്‍ ചേര്‍ന്ന് വിശുദ്ധഹജ്ജ് നിര്‍വഹിക്കുമ്പോള്‍ അവിടെപ്പോലുമില്ലാത്തതാണീ മുഖംമൂടി സമ്പ്രദായം. ഇതുപോലുള്ള കപടതീവ്രവിശ്വസങ്ങളെ മുളയിലേ ആട്ടിയോടിച്ചില്ലെങ്കില്‍ അല്ലെങ്കില്‍ തന്നെ പലതിനും അനാവശ്യപഴി കേള്‍ക്കേണ്ടി വരുന്നൊരു സമുദായത്തെ കൂടുതല്‍ അപരവല്‍ക്കരിക്കാന്‍ ഇത് കാരണമാവും.

നിഖാബ് ധരിച്ച് കോളേജില്‍ വരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനികളോടുള്ള പൂര്‍ണ ബഹുമാനത്തോടെ തന്നെ പറയട്ടെ, ഞാന്‍ ക്ലാസെടുക്കുമ്പോള്‍ ആരെന്നറിയാത്തൊരാള്‍ മുന്നില്‍ വന്നിരിക്കുന്നത് അസ്വസ്ഥതയാണ്. ക്ലാസെടുക്കുന്ന നേരത്ത് എല്ലാവരുടേയും മുഖത്ത് നോക്കുമ്പോള്‍ ഒരു ഭാഗം മാത്രം ഇരുളടഞ്ഞിരിക്കുന്നത് ഒരു അപൂര്‍ണതയാണ്. നിങ്ങള്‍ക്ക് പഠിപ്പിക്കുന്ന കാര്യങ്ങള്‍ മനസ്സിലാവുന്നുണ്ടോ, നിങ്ങള്‍ ക്ലാസില്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നൊക്കെ നിങ്ങളുടെ മുഖാവരണത്തിനു പുറത്ത് ഡിജിറ്റല്‍ ഡിസ്പ്ലേ ആയി തെളിയുകയൊന്നുമില്ലല്ലോ…. അറ്റന്റന്‍സ് എടുക്കുമ്പോള്‍ നിങ്ങള്‍ ആരെന്നാണ് ഞങ്ങള്‍ കരുതേണ്ടത്? നിങ്ങള്‍ രോഗികളുടെ അടുത്ത് ചെന്ന് പഠിക്കുമ്പോള്‍ മുഖം കാണിക്കാതെ എങ്ങനെയാണ് ആശയവിനിമയം പൂര്‍ത്തിയാകുക? വൈവ പരീക്ഷകള്‍ക്ക് ഉത്തരം പറയുന്നതില്‍ അവരുടെ ആറ്റിറ്റിയൂഡ്, ആത്മവിശ്വാസം തുടങ്ങിയവ എങ്ങനെ വിലയിരുത്താനാവും?

ഒക്കെ പോട്ടെ, നിങ്ങളല്ലാത്തൊരാള്‍ ക്ലാസിലോ വാര്‍ഡിലോ കയറി നിങ്ങളുടെ ഇടയിലിരുന്നാല്‍ എങ്ങനെ തിരിച്ചറിയും? തീവ്രവാദവും അത് പിന്‍തുടരുന്നവരും തമാശയല്ല, എവിടെയും എങ്ങും പ്രത്യക്ഷപ്പെടാവുന്ന ഒന്നായിരിക്കുന്നു അത്. മെഡിക്കല്‍ കോളേജില്‍ നിഖാബ് ഒരു ബുദ്ധിമുട്ട് തന്നെയാണ്. പ്രശ്നം മതമല്ല, സുരക്ഷയെ ചോദ്യം ചെയ്യുന്ന ഒന്നാണ്. ക്യാമ്പസില്‍ കൂടെയിരിക്കുന്നതും നടക്കുന്നതും ആരെന്നറിയാനുള്ള അവകാശം ഞങ്ങള്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെയുണ്ട്.

നിഖാബ് സുരക്ഷയല്ല, ചുറ്റുമുള്ളവര്‍ക്ക് അരക്ഷയാണ് പകരുന്നത്. മുഖമില്ലാത്ത ഡോക്ടര്‍ക്ക് പരിമിതികളേറെയാണ് എന്നുമറിയുക. പീഡിയാട്രി വാര്‍ഡിലെ കുഞ്ഞുങ്ങള്‍, പ്രായമായവര്‍ തുടങ്ങിയവര്‍ക്കൊപ്പമെല്ലാം പുരുഷന്‍മാരുണ്ടാകാം. അവിടെ രോഗിയേക്കാള്‍ പ്രാധാന്യം ചുറ്റുപാടുമുള്ളവര്‍ക്കാണോ നല്‍കേണ്ടത്? നമ്മുടെ മുഖത്തെ ചിരി അവരുടെ അവകാശമാണ്. അതിനോളം വലുതല്ല ഒരു മരുന്നും.

എം.ഇ.എസ് ചെയ്തത് നൂറ്റൊന്ന് ശതമാനം ശരിയാണ്. വസ്ത്രം തിരഞ്ഞെടുക്കുന്നത് വ്യക്തിസ്വാതന്ത്ര്യം തന്നെ. പക്ഷേ, ആ പേരും പറഞ്ഞ് അതിനിടയിലൂടെ മുഖമില്ലാതാകുന്നവര്‍ സൃഷ്ടിക്കുന്ന ആശങ്കകള്‍ വളരെ വലുതാണ്.