ആര്‍ക്കു വേണ്ടിയാണ് നസീറിനെ വെട്ടിയരിഞ്ഞത് ?
ഇക്കഴിഞ്ഞ പാര്‍ലമെന്റ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പിന് ശേഷം തലശ്ശേരിയില്‍ വെച്ച് അതിക്രൂരമായി വെട്ടിയരിയപ്പെട്ട സി.ഓ.ടി.നസീര്‍ എന്ന വടകര മണ്ഡലത്തിലെ വിമത സി.പി.ഐ.എം സ്ഥാനാര്‍ത്ഥി, തന്നെ ആക്രമിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് എം.എല്‍.എ യും സി.പി.ഐ.എം നേതാവുമായ എ.എന്‍.ഷംസീര്‍ ആണെന്ന് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
മാത്രമല്ല, മറ്റൊരാളില്‍ നിന്നും തനിക്ക് ഭീഷണിയോ വൈരാഗ്യമോ നേരിട്ടിട്ടില്ല എന്നും അദ്ദേഹം തറപ്പിച്ച് പറയുന്നു.
എ.എന്‍.ഷംസീര്‍ കഴിഞ്ഞ ഏപ്രില്‍ 28 ന് എം.എല്‍.എ ഓഫീസില്‍ വെച്ച് തന്നോട് അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കയും തന്നെ ഭീഷണിപ്പെടുത്തുകയും ഇറക്കി വിടുകയും ചെയ്തു എന്ന് നസീര്‍ പറയുന്നുണ്ട്. അതിന് നിദാനമായി നസീര്‍ മനസ്സിലാക്കുന്നത്, മുന്‍പ് മുര്‍സിപ്പല്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണവുമായി തനിക്കും കൂടെയുള്ള മറ്റു പലര്‍ക്കും ഉണ്ടായിരുന്ന ചില വ്യത്യസ്ഥ അഭിപ്രായങ്ങളും ആക്ഷേപങ്ങളും പലവിധത്തില്‍ ഉന്നയിച്ചിട്ടുള്ളതുകൊണ്ടാകാമായിരിക്കാമെന്നാണ്.
സ്റ്റേഡിയത്തിന്റെ ഉല്‍ഘാടന ദിവസം ഒരു പ്രതിഷേധക്കുറിപ്പ് ചിലര്‍ വേദിയില്‍ വിതരണം ചെയ്തിരുന്നെന്നും ഷംസീര്‍ അത് പിടിച്ചു വാങ്ങി വിതരണം തടഞ്ഞിരുന്നെന്നും നസീര്‍ ഓര്‍മ്മിക്കുന്നു. സ്റ്റേഡിയത്തിന്റെ നിര്‍മ്മാണച്ചിലവായ 4 കോടിയില്‍ 2 കോടി രൂപ ചിലവഴിച്ചിട്ടുള്ളത് പുല്ല് പിടിപ്പിക്കാനാണെന്നും അത്തരം ചില പ്രവര്‍ത്തനങ്ങളോടായിരുന്നു തങ്ങള്‍ക്ക് എതിര്‍പ്പ് എന്നുമാണ് നസീര്‍ പറയുന്നത്. ആ വിഷയവുമായി ബന്ധപ്പെട്ട് നസീര്‍ ഒരു ഘട്ടത്തിലും അഴിമതി എന്ന വാക്ക് ഉപയോഗിച്ചു കണ്ടില്ല എന്നതും ശ്രദ്ദേയമാണ്. ഇന്ന് ഒരു വാര്‍ത്താ ചാനലില്‍ നസീറിന്റെ വാക്കുകളെ ശ്രദ്ധാപൂര്‍വ്വം കേട്ടതില്‍ നിന്നാണ് ഞാനിത് എഴുതുന്നത്.
തന്നെ ആക്രമിച്ചവരില്‍ രണ്ട് പേര്‍ എ.എന്‍ ഷംസീറുമായി നല്ല ബന്ധമുള്ളവരാണെന്നും നസീര്‍ പറയുന്നുണ്ട്.
മനസ്സിലാക്കിയിടത്തോളം അതിക്രൂരമായി ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആക്രമിക്കപ്പെട്ട ഈ കേസില്‍ വേണ്ടത്ര വേഗതയില്‍ അന്വേഷണം നടക്കുന്നില്ല എന്നത് വസ്തുതയായി അവശേഷിക്കുന്നു എന്ന് പറയാം. പ്രത്യേകിച്ചും ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ സ്വന്തം നാടായ കണ്ണൂരാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
സി.പി.ഐ.എമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന നസീര്‍ പാര്‍ട്ടിയോടുള്ള ചില അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ പാര്‍ട്ടിക്ക് പുറത്തായ ആളാണ്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. വടകര മണ്ഡലത്തിലെ സവിശേഷമായ രാഷ്ട്രീയ പശ്ചാത്തലം കൂടെ ഈ വിഷയത്തില്‍ ശ്രദ്ദേയമാണ്. ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി വടകരയില്‍ മത്സരിച്ചത് സി.പി.ഐ.എമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജനാണ്. ഈ അവസരത്തില്‍, ഏഴ് വര്‍ഷം മുന്‍പ് കേരള രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച ഒരു കൊലപാതകത്തെക്കുറിച്ചും പരാമര്‍ശിക്കേണ്ടതുണ്ട്.
സി.പി.ഐ.എമ്മില്‍ നിന്നും രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ പുറത്ത് പോയി പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചിരുന്ന ജനകീയ മുഖമുള്ള ടി.പി.ചന്ദ്രശേഖരന്‍ 2012ല്‍ അതിക്രൂരമായി കൊല്ലപ്പെട്ടത് വടകര മേഖലയിലാണ്. കേരളത്തിലെ ഇടതുപക്ഷ ചരിത്രത്തില്‍ ഒരു പാട് പ്രാധാന്യമുള്ള ഒഞ്ചിയമായിരുന്നു ടി.പി.ചന്ദ്രശേഖരന്റെ രാഷ്ട്രീയ തട്ടകം.
പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോയെങ്കിലും ടി.പി. ചന്ദ്രശേഖരന്‍, സി.പി.എമ്മിന്റെ രാഷ്ട്രീയ എതിരാളികളായ കോണ്‍ഗ്രസ്സിന്റേയോ ബി.ജെ.പി.യുടെയോ നേതൃത്വത്തിലുള്ള മുന്നണികളിലേക്ക് ചേക്കേറിയില്ല. പകരം ഒഞ്ചിയം കേന്ദ്രമാക്കി തന്റെ നേതൃത്വത്തില്‍ ഒരു ചെറിയ പാര്‍ട്ടി രൂപീകരിച്ച് ഒരു ബദല്‍ ഇടതുപക്ഷ അന്വേഷണത്തിനായിരുന്നു ടി.പി.ചന്ദ്രശേഖരനും കൂടെയുണ്ടായിരുന്നവരും ശ്രമിച്ചത്.
പല മേഖലകളിലും, സി.പി.എമ്മിന്റെ അനുയായികളോ അനുഭാവികളോ ടി.പി.ചന്ദ്രശേഖരനോടൊപ്പം അണിനിരക്കാന്‍ തയ്യാറായി മുന്നോട്ടു ചെന്നു എന്നതും വസ്തുതയായിരുന്നു. വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ ഒരു തവണ ഇടതുപക്ഷ ഏകോപന സമിതിയുടെ പ്രതിനിധിയായ ടി.പി.ചന്ദ്രശേഖരന്റെ സ്ഥാനാര്‍ത്ഥിത്തം പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുകയും കോണ്‍ഗ്രസ്സിന്റെ വിജയത്തിന് കാരണമാവുകയും ചെയ്തിട്ടുണ്ട് എന്നതും വസ്തുതയാണ്.
ആ പശ്ചാത്തലത്തിലാണ് നാടിനെ നടുക്കിയതും, നാടിതുവരെ കാണാത്തത്ര പൈശാചികവുമായ രീതിയില്‍ ടി.പി. ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെടുന്നത്. കൊലയാളികളായി ചില വാടകഗുണ്ടകളും, ആസൂത്രകരായി രണ്ട് പ്രാദേശിക സി.പി.എം നേതാക്കളും ശിക്ഷിക്കപ്പെടുകയുമുണ്ടായി. എന്നാല്‍ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജനടക്കം സി.പി.എമ്മിന്റെ പല ഉന്നത നേതാക്കള്‍ക്കും ആ കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന ആക്ഷേപം ഉയര്‍ന്നു വരികയും അത് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുകയും ചെയ്തിട്ടുള്ളതാണ്.
ഗൂഢാലോചനാ വിഷയത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നിരാഹാര സമരം വരെ നടത്തിയതാണ് ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ. എന്നാല്‍ ഭരണത്തിലുണ്ടായിരുന്ന UDF ഉം ആരോപണ വിധേയരായ സി.പി.എം ഉം ചേര്‍ന്ന് അന്വേഷണങ്ങള്‍ അട്ടിമറിച്ചു എന്നും അതുമൂലം ഗൂഢാലോചന പുറത്തു കൊണ്ടുവരാന്‍ കഴിഞ്ഞില്ല എന്നതും ഇപ്പോഴും കേരള രാഷ്ട്രീയത്തില്‍ സജീവമായി നില്‍ക്കുന്ന സംശയവും ചര്‍ച്ചയുമാണ്.
ആ കൊലപാതകത്തില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കെല്ലാം കയ്യയച്ച് സഹായം ചെയ്യാന്‍ പ്രത്യക്ഷമായിത്തന്നെ സി.പി.എം പ്രാദേശിക ഘടകങ്ങളും പാര്‍ട്ടിയുടെ സമുന്നത നേതാക്കളുമടക്കം മുന്നോട്ട് വന്നതും കേരളം കണ്ടതാണ്. ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കുഞ്ഞനന്തന്‍ എന്ന നേതാവ് ഇപ്പോഴും പാര്‍ട്ടിയുടെ ഏരിയാ കമ്മിറ്റി അംഗമാണ്. ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്ന സമയത്ത് അദ്ദേഹത്തിന്റെ ഭാര്യയും മുന്‍ SFI DYFI സംസ്ഥാന – ദേശീയ നേതാവുമായിരുന്നിട്ടുള്ള ശ്രീമതി കെ.കെ.രമയുടെ പിതാവ് സി.പി.എമ്മിന്റെ ഒരു ഏരിയാ കമ്മിറ്റി അംഗമായിരുന്നു എന്ന വസ്തുതയും മറന്നു കൂടാ.
ടി.പി. യുടെ കൊലപാതകത്തിനു ശേഷം അദ്ദേഹം പാര്‍ട്ടിയില്‍ നിന്നും അകലുകയും പിന്നീട് പുറത്താക്കപ്പെടുകയുമാണ് ഉണ്ടായത്. കൊലപാതകത്തില്‍ ശിക്ഷയില്‍ കഴിയുന്ന വാടകക്കൊലയാളികളും എ.എന്‍. ഷംസീറുമായുള്ള ചില ബന്ധങ്ങളെക്കുറിച്ച് ആരോപണങ്ങളുയര്‍ന്നിട്ടുള്ളതാണ്. ശിക്ഷയനുഭവിക്കുന്ന കുഞ്ഞനന്തനും മറ്റ് വാടകക്കൊലയാളികളും ഇടയ്ക്കിടെ പരോളില്‍ ഇറങ്ങുന്നതും, പരോളിലിറങ്ങിയ വാടകക്കൊലയാളി വിവാഹം കഴിക്കുന്നതും വിവാഹത്തില്‍ ഷംസീര്‍ പങ്കെടുക്കുന്നതും പല തവണ രാഷ്ട്രീയകേരളം ചര്‍ച്ച ചെയ്തതാണ്.
ഇനി ഇപ്പോഴത്തെ വിഷയത്തിലേക്ക് വരുമ്പോള്‍, വടകരയിലെ സി.പി.എം സ്ഥാനാര്‍ത്ഥിയായ പി.ജയരാജന്റെ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ നിയോജക മണ്ഡല അടിസ്ഥാനത്തിലുള്ള ചുമതലക്കാരന്‍ എ.എന്‍. ഷംസീറായിരുന്നു. പി.ജയരാജനെ കേരളത്തിലെ ആക്രമരാഷ്ട്രീയത്തിന്റെ പ്രതീകമായും കൊലപാതക രാഷ്ട്രീയത്തിന്റെ മുഖമായുമാണ് UDF ഉം NDA യും വടകര മണ്ഡലത്തില്‍ അവരുടെ മുഖ്യ പ്രചാരണ വിഷയമാക്കിയത്. UDF നെ ഈ തെരെഞ്ഞെടുപ്പില്‍ പിന്തുണക്കുവാന്‍ ടി.പി.ചന്ദ്രശേഖരന്റെ പാര്‍ട്ടിയായ RMP പരസ്യമായി മുന്നോട്ടു വന്നിരുന്നു.
പി.ജയരാജനെന്ന ”കൊലപാതക രാഷ്ട്രീയക്കാരനെ’ പരാജയപ്പെടുത്തുക എന്നതു മാത്രമായിരുന്നു RMP യുടെ മുഖ്യ പ്രചാരണം. ഈ പശ്ചാത്തലത്തിലാണ് സി.പി.എമ്മുമായി അഭിപ്രായഭിന്നതയുടെ പേരില്‍ പ്രത്യക്ഷ സമരത്തിനിറങ്ങിയ നസീറിന്റെ പേര് കേരളത്തില്‍ ചര്‍ച്ചയാവുന്നത്. സി.പി.എമ്മില്‍ നിന്നും സമീപകാലത്ത് പുറത്ത് പോയി മറ്റ് പാര്‍ട്ടികളിലൊന്നും ചേരാതെ പാര്‍ട്ടിക്കെതിരെ പ്രാദേശികമായി പ്രവര്‍ത്തിക്കുകയും വടകരയില്‍ പി.ജയരാജനെതിരെ മത്സരിക്കുകയും ചെയ്ത സി.ഓ.ടി. നസീര്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ തുടക്കത്തില്‍ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇപ്പറഞ്ഞ തെരെഞ്ഞെടുപ്പ് കഴിഞ്ഞ്, ഫലം പുറത്ത് വരുന്നതിനു മുമ്പാണ് നാമിന്ന് മീഡിയകളിലൂടെ പുറത്തു വന്ന CCTV ദൃശ്യത്തില്‍ കണ്ട പൈശാചികമായ അക്രമണം നസീറിനു നേരെ നടക്കുന്നത്.
ആക്രമണം അഥവാ വധശ്രമം നടന്ന ഉടനെ തന്നെ സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രതിയോഗികള്‍ ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം തന്നെ ഏകപക്ഷീയമായി പി.ജയരാജനെതിരായിട്ടായിരുന്നു എന്നതും ശ്രദ്ദേയമാണ്. ഈ തെരെഞ്ഞെടുപ്പോടുകൂടെ കേരളത്തിലാകമാനം രാഷ്ട്രീയ പ്രതിയോഗികളാലും മാധ്യമങ്ങളാലും ‘കൊലപാതക രാഷ്ട്രീയക്കാരന്‍’ എന്നൊരു ഡാര്‍ക്ക് ഇമേജ് പി.ജയരാജനെന്ന സി.പി.എം നേതാവിന് മേല്‍ ചാര്‍ത്തപ്പെട്ടിട്ടുണ്ട് എന്നതും വസ്തുതയാണ്. ഒരിക്കല്‍ രാഷ്ട്രീയ എതിരാളികളാല്‍ അതിക്രൂരമായി വെട്ടിയരിയപ്പെട്ട് മരണത്തില്‍ നിന്നും അതിശയകരമായി രക്ഷപ്പെട്ട് ഇപ്പോഴും അറ്റുപോയി തുന്നിച്ചേര്‍ത്ത കയ്യുമായി താന്‍ വിശ്വസിക്കുന്ന പാര്‍ട്ടിക്കുവേണ്ടി നിസ്വാര്‍ത്ഥമായി, നേതൃത്വപരമായി പ്രവര്‍ത്തിക്കുന്ന ആളെന്ന നിലയില്‍ കേരളത്തിലെ മുഴുവന്‍ സി.പി.എം പ്രവര്‍ത്തകരുടെയും ഹൃദയം കവര്‍ന്നയാളാണ് പി.ജയരാജന്‍ എന്നതും വിസ്മരിച്ചുകൂടാ. മറ്റേതൊരു സ്ഥാനാര്‍ത്ഥിയുടെ പരാജയത്തേക്കാളും പി.ജയരാജന്റെ പരാജയം കേരളത്തിലെ, പ്രത്യേകിച്ചും കണ്ണൂര്‍ ജില്ലയിലെ സി.പി.എമ്മിന്റെ അനുയായികള്‍ക്ക് അസഹനീയമായിരിക്കുമെന്നത് ഊഹിക്കാവുന്നതേയുള്ളൂ.
കേരളത്തില്‍ ഇക്കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ സി.പി.എം മത്സരിപ്പിച്ച സ്ഥാനാര്‍ത്ഥികളില്‍ മൂന്ന് പേര്‍ ജില്ലാ സെക്രട്ടറി പദവി വഹിച്ചിരുന്നവരാണ്. കോട്ടയത്ത് വാസവന്‍, എറണാകുളത്ത് പി.രാജീവ്, പിന്നെ വടകരയില്‍ പി.ജയരാജന്‍. ഈ മൂന്ന് ജില്ലാ സെക്രട്ടറിമാരെ മത്സരത്തിനിറക്കിയപ്പോള്‍ കണ്ണൂര് മാത്രമാണ് പി.ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിക്കൊണ്ട് മറ്റൊരാളെ സെക്രട്ടറിയായി തിരഞ്ഞെടുക്കുന്നത്. പി.ജയരാജനേക്കാള്‍ പാര്‍ട്ടിയില്‍ താരതമ്യേന ജൂനിയര്‍മാരായ പി.രാജീവിനും കോട്ടയത്ത് വാസവനും തെരെഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ അതത് ജില്ലകളില്‍ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതലകളാണ് പാര്‍ട്ടി നിശ്ചയിച്ചത് എന്നത് ഈ അവസരത്തില്‍ സവിശേഷ ശ്രദ്ധയാകര്‍ഷിക്കേണ്ട സി.പി.എമ്മിന്റെ ആഭ്യന്തര വിഷയമാണ്.
തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പാര്‍ട്ടിക്കെതിരെ മത്സരിച്ച വിമതന്‍ കൊല്ലപ്പെടുകയാണെങ്കില്‍, ആ കൃത്യത്തിനു പുറകില്‍ പ്രവര്‍ത്തിച്ച ആളെന്ന നിലയില്‍ സ്വാഭാവികമായും സംശയിക്കപ്പെടുന്ന പേര് കേരളം മുഴുവന്‍ ക്യാമ്പയിന്‍ ചെയ്യപ്പെട്ട സ്ഥാനാര്‍ത്ഥിയായ ‘കൊലപാതക രാഷ്ട്രീയക്കാരന്‍’ തന്നെയായിരിക്കുമെന്നത് സാമാന്യയുക്തിയാണ്. അതു കൊണ്ടു കൂടെയായിരിക്കാം, ഇതിനു മുന്‍പ് മറ്റേതൊരാള്‍ ആക്രമിക്കപ്പെട്ട് സി.പി.എം പ്രതിസ്ഥാനത്ത് ആരോപിക്കപ്പെടുമ്പോഴും ചെയ്യാതിരുന്നിട്ടുള്ള ഒരു നടപടിക്രമം പി.ജയരാജനില്‍ നിന്നുമുണ്ടായത്. അദ്ദേഹം, ആക്രമിക്കപ്പെട്ട നസീറിനെ ആശുപത്രിയില്‍ പോയി സന്ദര്‍ശിച്ചു. ആ സന്ദര്‍ശനത്തിനും ശേഷമാണ് കോണ്‍ഗ്രസ് നേതാക്കളും ആര്‍.എം.പി.നേതാക്കളും തുടക്കത്തില്‍ത്തന്നെ ആക്രമണത്തിന്റെ ഉത്തരവാദിയെന്ന് ആരോപണമുന്നയിച്ച പി.ജയരാജന്, ആക്രമിക്കപ്പെട്ട നസീര്‍ ക്ലീന്‍ ചിറ്റ് നല്‍കുന്നത്.
പകരം, എ.എന്‍ ഷംസീറിനെ ചുറ്റിപ്പറ്റിയുള്ള ആരോപണവും, സി.പി.എമ്മിനകത്ത് ഉണ്ടെന്ന പറയപ്പെടുന്ന അധികാര മത്സരവുമായി ബന്ധപ്പെട്ട മറ്റൊരു വേര്‍ഷന്‍ സംശയവും മാധ്യമങ്ങളിലും ചര്‍ച്ചകളിലും ഒളിഞ്ഞും തെളിഞ്ഞും ഉയര്‍ന്നു വരുന്നത്. കണ്ണൂരിലെ പാര്‍ട്ടിക്കകത്ത് തങ്ങളേക്കാള്‍ വലുതാവുന്ന ജയരാജനെ ഒതുക്കുന്നതിനു വേണ്ടി സി.പി.എമ്മിനകത്തു തന്നെയുള്ള ചിലര്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ജയരാജന്റെ വടകരയിലെ സ്ഥാനാര്‍ത്ഥിത്തമെന്നും അതിന്റെ പര്യവസാനമാണ് നസീറിനെതിരെ നടന്ന വധശ്രമവുമെന്നാണത്.
എന്തായാലും ഈ വിഷയങ്ങളൊക്കെ പൊതുജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാവുമ്പോള്‍ ചില ചോദ്യങ്ങള്‍ സജീവമാകുന്നു. എന്തിനാണ് നസീര്‍ ആക്രമിക്കപ്പെട്ടത് ? ആരൊക്കെയാണ് ആക്രമണത്തിന് പിന്നില്‍ ? കേരളത്തില്‍ ഇത്തരം പൈശാചികമായ രാഷ്ട്രീയ കുറ്റകൃത്യങ്ങള്‍ക്ക് അറുതിയില്ലേ ?
രാഷ്ട്രീയ കേരളം ഇന്ന് ഉറ്റുനോക്കുന്നത് ഈ കേസിലെങ്കിലും യഥാര്‍ത്ഥ പ്രതികളും ഗൂഢാലോചന നടത്തിയവരും നിയമത്തിനു മുന്നില്‍ വെളിപ്പെടുമോ എന്നും ശിക്ഷിക്കപ്പെടുമോ എന്നുമാണ്. അഥവാ അങ്ങിനെ സംഭവിക്കുകയാണെങ്കില്‍ കേരളത്തിലെ അക്രമ രാഷ്ട്രീയത്തിന്റെ നടപ്പു രീതികള്‍ക്കുള്ള ഒരു തിരിച്ചടിയായിരിക്കുമത് എന്ന കാര്യത്തില്‍ സംശയമില്ല.