പൂനെ: കാലാവസ്ഥ പ്രവചനം, സമുദ്ര വിഭവങ്ങളുടെ അതിവേഗ നിര്‍ണ്ണയം തുടങ്ങിയവ എളുപ്പം സാധ്യമാക്കാന്‍ ഇന്ത്യയുടെ അതിവേഗ സൂപ്പര്‍ കമ്പ്യൂട്ടറായ പരം യുവ -2 പ്രവര്‍ത്തന സജ്ജമായി.
സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിംഗ് (സി ഡാക്) തയാറാക്കിയ സൂപ്പര്‍ കംപ്യൂട്ടറിന്റെ ഉദ്ഘാടനം കേന്ദ്ര ഇലക്‌ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് സെക്രട്ടറി ജെ. സത്യനാരായണ ഉദ്ഘാടനം ചെയ്തു. ഇപ്പോഴത്തെ സൂപ്പര്‍ കംപ്യൂട്ടറുകളേക്കാള്‍ പത്തിരട്ടി അതായത് 524 ടെറാഫ്‌ളോപ്പ് (ഒരു ടെറാഫ്‌ളോപ്പ്- ഒരു സെക്കന്‍ഡില്‍ ആയിരം കോടി ഫ്‌ളോട്ടിംഗ് പ്രവര്‍ത്തികള്‍) വേഗമാണ് പരം യുവ-2 നുള്ളത്. []
58,000 ഗ്രാമങ്ങളിലെ കാലാവസ്ഥ വ്യതിയാനം വളരെ പെട്ടെന്ന് നിര്‍ണ്ണയിക്കാന്‍ ഈ കമ്പ്യൂട്ടറിന് കഴിയും. വിദ്യഭ്യാസ സ്ഥാപനങ്ങളിലേക്ക് ഇത് വലിയൊരു മുതല്‍കൂട്ടാവുമെന്നും കമ്പ്യൂട്ടറിന്റെ ഡാറ്റ അനലിസ്റ്റായ ഡര്‍ബാറി പറഞ്ഞു. മറ്റ് കമ്പ്യൂട്ടറുകളെ അപേക്ഷിച്ച് 35 ശതമാനം വരെ ഊര്‍ജ്ജം ലാഭിക്കാന്‍ ഇതിന് കഴിയും എന്നത് പരം യുവയുടെ ഏറ്റവും വലിയ പ്രത്യേകതയായി എടുത്തുപറയുന്നു.
150 ശാസ്ത്രജ്ഞന്‍മാരുടെ അധ്വാനഫലമായിട്ടാണ് ഇന്ത്യ ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചത്. സാങ്കേതിക വിദ്യയിലെ നൂതനമായ കാല്‍വെപ്പാണ് പരം യുവ സൂപ്പര്‍ കമ്പ്യൂട്ടറെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ ഇത്തരത്തിലുള്ള കമ്പ്യൂട്ടറുകള്‍ നിലവില്‍ അമേരിക്കപോലുള്ള വികസിത രാജ്യങ്ങളില്‍ മാത്രമാണുള്ളത്.
ഏകദേശം 500 കോടി രൂപയാണ് അതിവേഗ സൂപ്പര്‍ കമ്പ്യൂട്ടറിന്റെ നിര്‍മ്മാണചിലവ്. എന്നാല്‍ 150 കോടി രൂപക്ക് ഇത് ലഭ്യമാക്കും. സാമ്പത്തികലാഭം കണക്കിലെടുത്തല്ല ഇത്തരമൊരു കമ്പ്യൂട്ടര്‍ നിര്‍മ്മിച്ചതെന്നും വികസ്വര രാജ്യങ്ങള്‍ക്ക് അനിവാര്യമായതിനാലാണെന്നും ശാസ്ത്രജ്ഞനായ ഡിക്‌സിറ്റ് പറഞ്ഞു.