ന്യൂദല്‍ഹി: കര്‍ഷക സമരത്തെ അനുനയിപ്പിക്കാന്‍ പുതിയ ശ്രമങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. ഡിസംബര്‍ 25 ന് രാജ്യത്ത 9 കോടി കര്‍ഷകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വിര്‍ച്വല്‍ മീറ്റിംഗ് നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഈ കൂടിക്കാഴ്ചയില്‍ കര്‍ഷക നിയമങ്ങളെപ്പറ്റിയുള്ള തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.
കൂടിക്കാഴ്ചയില്‍ പ്രധാന്‍മന്ത്രി കിസാന്‍ പദ്ധതി പ്രകാരം 18000 കോടി രൂപയുടെ ധനസഹായം കര്‍ഷകര്‍ക്കായി നല്‍കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ആറ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകരുമായിട്ടായിരിക്കും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുക. കര്‍ഷകബില്ലുമായി ബന്ധപ്പെട്ട തങ്ങളുടെ അനുഭവങ്ങളും കാര്‍ഷികമേഖലയില്‍ ഊന്നല്‍ നല്‍കേണ്ട പദ്ധതികളെപ്പറ്റിയും പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ കര്‍ഷകര്‍ക്ക് അവസരമുണ്ടാകും, പ്രധാനമന്ത്രിയുടെ ഓഫീസ് കുറിപ്പില്‍ പറയുന്നു.
നേരത്തേ മധ്യപ്രദേശിലെ കര്‍ഷകരോടും സമാനമായ രീതിയില്‍ സംവദിക്കാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. കര്‍ഷക പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെയായിരുന്നു ഈ തീരുമാനവും.
ഡിസംബര്‍ 18 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രധാനമന്ത്രിയുടെ പ്രസംഗം വീഡിയോ ലിങ്ക് വഴി 23,000 ത്തോളം ഗ്രാമങ്ങളിലേക്ക് സംപ്രേഷണം ചെയ്യുമെന്നായിരുന്നു അറിയിപ്പില്‍ പറഞ്ഞിരുന്നത്.
നേരത്തേ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്ക് മുന്നില്‍ വിനയത്തോടെ തല കുനിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് മോദി പറഞ്ഞിരുന്നതെങ്കിലും അതിനുള്ള നീക്കങ്ങള്‍ ഇതുവരെ നടത്തിയിട്ടില്ല.
എന്നാല്‍ നിയമം പിന്‍വലിക്കുന്നതുവരെ തങ്ങള്‍ പ്രതിഷേധം തുടരുമെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍. പഞ്ചാബ് സര്‍ക്കാരും കര്‍ഷകര്‍ക്ക് പൂര്‍ണ പിന്തുണയുമായി രംഗത്തുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക