കായിക ലോകത്തിന് ഇനി വിശ്രമമില്ലാത്ത നാളുകളാണ്. ഐ.സി.സി. ടി-20 ക്രിക്കറ്റ് വേള്‍ഡ് കപ്പും ഫിഫ ലോകകപ്പും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐ.സി.സി മെന്‍സ് ലോകകപ്പുമാണ് കായിക ലോകത്തെ പ്രധാന ചര്‍ച്ച വിഷയം.
പുതിയ ജേഴ്‌സിയും കിറ്റുമൊക്കെ പുറത്തിറക്കുന്ന തിരക്കിലാണ് ടീമുകള്‍. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സിക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.
ഇന്ത്യയുടെ തൊട്ടയല്‍പക്കമായ പാകിസ്ഥാന്റെ ജേഴ്‌സിയും ‘പുറത്തുവന്നിരിക്കുകയാണ്’. പാകിസ്ഥാന്‍ ടീം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും ജേഴ്‌സിയുടെ ചിത്രം ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
പാകിസ്ഥാന്റെ പുതിയ ജേഴ്‌സി അണിഞ്ഞുനില്‍ക്കുന്ന പാക് നായകന്‍ ബാബറിന്റെ ചിത്രമാണ് ചോര്‍ന്നത്. ഇതോടെയാണ് പാകിസ്ഥാന്‍ ടീം എയറിലായിരിക്കുന്നത്.
ഇത് പാകിസ്ഥാന്റെ ജേഴ്‌സി തന്നെയാണോ എന്ന കാര്യത്തില്‍ ഉറപ്പായിട്ടില്ല. എന്നാല്‍ ഇത് പാകിസ്ഥാന്റെ ജേഴ്‌സി തന്നെയാണെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. ഇതോടെ ട്രോളുകളും മീമുകളുമായി പാക് നായകന്‍ സോഷ്യല്‍ മീഡിയയില്‍ ആടിത്തിമിര്‍ക്കുകയാണ്.
തണ്ണിമത്തന് സമാനമായ ഡിസൈനാണ് പാകിസ്ഥാന്റെ പുതിയ ജേഴ്‌സിക്കുള്ളത്. പാകിസ്ഥാന്റെ ഐക്കോണിക് കടും പച്ച നിറത്തിന് പുറമെ ഇളം പച്ചയും മഞ്ഞ കലര്‍ന്ന പച്ച നിറവുമാണ് ജേഴ്‌സിക്കുള്ളത്. ഇതോടെയാണ് പാക് ടീം എയറിലായിരിക്കുന്നത്.
നേരത്തെ പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ടീമിന്റെ ജേഴ്‌സിയും ഇത്തരത്തില്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയിരുന്നു. കടും പച്ചയും നിറമുള്ള ടീമിന്റെ ജേഴ്‌സി കേരള വനം വകുപ്പിന്റെ ബോര്‍ഡിനോടും എസ്.ഡി.പി.ഐയുടെ കൊടിയോടും ഉപമിച്ചായിരുന്നു ട്രോളന്‍മാര്‍ പറങ്കികളെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും എയറില്‍ കയറ്റിയത്.
ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി-20 ലോകകപ്പിനുള്ള ടീമിനെ പാകിസ്ഥാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഏഷ്യാ കപ്പില്‍ കളിച്ച ടീമില്‍ നിന്നും മാറ്റങ്ങള്‍ വരുത്തിയാണ് സ്‌ക്വാഡ് പ്രഖ്യാപിച്ചത്.
പരിക്കേറ്റ് പുറത്തായ ഷഹീന്‍ ഷാ അഫ്രിദി ടീമിലേക്കെത്തിയതാണ് പ്രധാന മാറ്റം. ഇതിന് പുറമെ ഫഖര്‍ സമാനെ സ്‌ക്വാഡില്‍ നിന്നും പുറത്താക്കുകയും റിസര്‍വ് ടീമില്‍ ഉള്‍പ്പെടുത്തിയതും ആരാധകരെ ഞെട്ടിച്ചിരുന്നു.
ഒറ്റ അന്താരാഷ്ട്ര ടി-20 മത്സരം പോലും കളിക്കാത്ത ഷാന്‍ മസൂദിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത് പാകിസ്ഥാന്റെ സര്‍പ്രൈസ് നീക്കമായാണ് വിലയിരുത്തിപ്പോരുന്നത്.
പാകിസ്ഥാന്‍ ടി-20 വേള്‍ഡ് കപ്പ് സ്‌ക്വാഡ്:
ബാബര്‍ അസം (ക്യാപ്റ്റന്‍), ഷദാബ് ഖാന്‍ (വൈസ് ക്യാപ്റ്റന്‍), ആസിഫ് അലി, ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഇഫ്തിഖര്‍ അഹമ്മദ്, കുഷ്ദില്‍ ഷാ, മുഹമ്മദ് ഹസ്‌നെയ്ന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് വസീം, നസീം ഷാ, ഷഹീന്‍ ഷാ അഫ്രീദി, ഷാന്‍ ഷാ അഫ്രിദി. മസൂദ്, ഉസ്മാന്‍ ഖാദിര്‍.
റിസര്‍വ് താരങ്ങള്‍
ഫഖര്‍ സമാന്‍, മുഹമ്മദ് ഹാരിസ്, ഷഹനവാസ് ദഹാനി
Content Highlight: Fans troll Pakistan Cricket Team Jersey