Football
ലോകത്തിലെ മികച്ച ഫുട്‌ബോളര്‍, മെസിയെന്താണ് എംബാപ്പെയില്‍ നിന്നും ഒന്നും പഠിക്കാത്തത്; 2-0ന്റെ വിജയത്തിന് ശേഷം എംബാപ്പെയെ പുകഴ്ത്തി ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2022 Sep 23, 03:07 am
Friday, 23rd September 2022, 8:37 am

നേഷന്‍സ് ലീഗില്‍ ഫ്രാന്‍സ് എതിരില്ലാത്ത രണ്ട് ഗോളിന് ഓസ്ട്രിയയെ തകര്‍ത്തതിന് പിന്നാലെ പി.എസ്.ജിയുടെ ഫ്രാന്‍സ് ഇന്റര്‍നാഷണല്‍ താരം കിലിയന്‍ എംബാപ്പെയെ പുകഴ്ത്തി ആരാധകര്‍. മത്സരത്തില്‍ ഒരു ഗോളാണ് എംബാപ്പെ സ്‌കോര്‍ ചെയ്തത്.

മികച്ച പ്രകടനമായിരുന്നു എംബാപ്പെ മത്സരത്തിലുടനീളം നടത്തിയത്. ഗോളടി മാത്രം ശീലമാക്കിയ എംബാപ്പെ ഗോള്‍ അടിപ്പിക്കാനുള്ള ശ്രമവും നടത്തിയിരുന്നു.

കളിയുടെ 26ാം മിനിട്ടില്‍ ഫ്രഞ്ച് താരം ഔറേലിയന്‍ ചൗമേനി ഗോള്‍ നേടിയിരുന്നെങ്കില്‍ ഒരു മികച്ച അസിസ്റ്റ് എംബാപ്പെയുടെ പേരില്‍ കുറിക്കപ്പെട്ടേനെ.

ഒമ്പത് മിനിട്ടിന് ശേഷം എംബാപ്പെയുടെ ഷോട്ട് ഓസ്ട്രിയന്‍ ഗോള്‍ കീപ്പര്‍ തടുത്തിട്ടതോടെ താരം ഉണര്‍ന്നു കളിച്ചു. പക്ഷേ, ആദ്യ പകുതിയില്‍ ഗോള്‍ മാത്രം അകന്നുനിന്നു.

രണ്ടാം പകുതിയുടെ പത്താം മിനിട്ടില്‍ എംബാപ്പെ കാത്തിരുന്ന നിമിഷമെത്തി. അഞ്ച് ഓസ്ട്രിയന്‍ പ്രതിരോധ ഭടന്‍മാരെ കാഴ്ചക്കാരാക്കി എംബാപ്പെയുടെ ഷോട്ട് ഓസ്ട്രിയന്‍ വലയില്‍ വിശ്രമിച്ചു.

പത്ത് മിനിട്ടിന് ശേഷം എ.സി. മിലാന്‍ സൂപ്പര്‍ താരം ഒലിവര്‍ ജിറൂഡ് ഫ്രാന്‍സിന്റെ ലീഡ് ഉയര്‍ത്തി. ഇതോടെ ഫ്രാന്‍സ് എതിരില്ലാത്ത രണ്ട് ഗോളിന്റെ വിജയം ആഘോഷിക്കുകയായിരുന്നു.

മത്സരത്തിന് പിന്നാലെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത് ഫ്രാന്‍സിന്റെ പത്താം നമ്പറുകാരന്‍ കിലിയന്‍ എംബാപ്പെ തന്നെയായിരുന്നു. താരത്തിന്റെ മികച്ച പ്രകടനത്തിന് പിന്നാലെ എംബാപ്പെയെ പുകഴ്ത്തി ആരാധകര്‍ രംഗത്തെത്തുകയായിരുന്നു.

ഫ്രാന്‍സിന്റെ എക്കാലത്തേയും മികച്ച താരമാകാന്‍ എംബാപ്പെക്ക് സാധിക്കുമെന്നും എംബാപ്പെയുടെ ധാര്‍ഷ്ട്യം നിറഞ്ഞ മനോഭാവം ടീമിന് എപ്പോഴും ഗുണമായി മാത്രമേ ഭവിച്ചിട്ടുള്ളൂ എന്നും ആരാധകര്‍ പറയുന്നു.

ഒരു ആരാധകന്‍ അല്‍പം കൂടി കടന്ന് മെസിയെന്താണ് എംബാപ്പെയില്‍ നിന്ന് ഒന്നും പഠിക്കാന്‍ ശ്രമിക്കാത്തത് എന്നുപോലും ചോദിച്ചു.

അതേസമയം, കിരീടം നിലനിര്‍ത്തുക എന്ന ഒറ്റ ഉദ്ദേശത്തിലാണ് ഫ്രാന്‍സ് ഖത്തറിലേക്ക് വിമാനം കയറാന്‍ ഒരുങ്ങുന്നത്. 2018ല്‍ ആവര്‍ത്തിച്ച അതേ ഡോമിനന്‍സ് ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കാനാവും ലെ ബ്ലൂസ് കച്ച കെട്ടിയിറങ്ങുന്നത്.

ഗ്രൂപ്പ് ഡിയിലാണ് നിലവിലെ ചാമ്പ്യന്‍മാര്‍ ഇത്തവണ. ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, ടുണീഷ്യ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

 

Content Highlight: Fans praises Mbappe after France defeated Austria