national news
വൈവാഹിക ജീവിതത്തിലെ പരാജയം ജീവിതത്തിന്റെ അവസാനമല്ല: സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 20, 04:33 am
Thursday, 20th February 2025, 10:03 am

ന്യൂദല്‍ഹി: വിവാഹജീവിതത്തിലെ പരാജയം ജീവിതത്തിന്റെ അവസാനമല്ലെന്ന് സുപ്രീം കോടതി. നവദമ്പതികള്‍ക്ക് വിവാഹമോചനം നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു കോടതി.

വിവാഹിതരായി ഒരു വര്‍ഷത്തിനുള്ളില്‍ വേര്‍പിരിഞ്ഞതിനെ തുടര്‍ന്ന് അതുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ തീരുമാനങ്ങളെടുക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ ജെ.ബി.പര്‍ദ്ദിവാല, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമര്‍ശം.

ദമ്പതികള്‍ക്ക് ആര്‍ട്ടിക്കിള്‍ 142 പ്രകാരമുള്ള പ്രത്യേക അധികാരങ്ങള്‍ ഉപയോഗിച്ച് സുപ്രീം കോടതി വിവാഹ മോചനം അനുവദിക്കുകയും കക്ഷികള്‍ തമ്മിലുള്ള എല്ലാ നിയമനടപടികളും അവസാനിപ്പിക്കുകയും ചെയ്തു.

കക്ഷികള്‍ ഇരുവരും ചെറുപ്പമാണെന്നും മുന്നോട്ട് നോക്കണമെന്നും വിവാഹം പരാജയപ്പെട്ടാല്‍ ഇരുവരുടെയും ജീവിതം അവസാനിക്കുന്നില്ലെന്നും ഭാവിയില്‍ പുതിയ ജീവിതം ആരംഭിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

മഹാരാഷ്ട്രയിലും മധ്യപ്രദേശിലെയും വിവിധ കോടതികളിലായി ക്രിമിനലായും സിവിലായും കുടുംബങ്ങള്‍ ഫയല്‍ ചെയ്ത കേസുകളും കോടതി പരിഗണിച്ചു. ഭര്‍ത്താവിനെതിരെയും ഭര്‍തൃ വീട്ടുകാര്‍ക്കെതിരെയും യുവതി നല്‍കിയ പീഡനപരാതിയും കോടതി പരിഗണിച്ചു.

വിവാഹമോചനം ലഭിക്കുന്നതിലൂടെ നിയമപരമായ തര്‍ക്കങ്ങളുടെ ഭാരമില്ലാതെ ഇരു കക്ഷികള്‍ക്കും മുന്നോട്ട് പോകാന്‍ കഴിയുമെന്നും കക്ഷികള്‍ സമാധാനപരമായി ജീവിക്കാനും ജീവിതത്തില്‍ കൂടുതല്‍ മുന്നോട്ട് പോകാണമെന്നും കോടതി അഭ്യര്‍ത്ഥിച്ചു.

Content Highlight: Failure in marriage is not the end of life: Supreme Court