രംഗനെ ആവേശത്തില്‍ ഇനിയും എക്‌സ്‌പ്ലോര്‍ ചെയ്യാനുണ്ട്, ആ ടിക്ടോക് വീഡിയോക്ക് വരെ കാരണമുണ്ട്: ഫഹദ് ഫാസില്‍
Entertainment
രംഗനെ ആവേശത്തില്‍ ഇനിയും എക്‌സ്‌പ്ലോര്‍ ചെയ്യാനുണ്ട്, ആ ടിക്ടോക് വീഡിയോക്ക് വരെ കാരണമുണ്ട്: ഫഹദ് ഫാസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 9th May 2024, 2:51 pm

തിയേറ്ററുകളില്‍ ആവേശം നിറച്ച ശേഷം ഒ.ടി.ടിയില്‍ എത്തിയിരിക്കുകയാണ് രംഗണ്ണനും പിള്ളേരും. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി ആവേശം മാറി. ആഗോള തലത്തില്‍ 150 കോടിക്ക് മുകളിലാണ് ചിത്രം കളക്ട് ചെയ്തത്. ബെംഗളൂരുവിലെ ഗ്യാങ്‌സ്റ്ററായ രംഗന്‍ എന്ന കഥാപാത്രമായാണ് ഫഹദ് ആവേശത്തില്‍ എത്തിയിരിക്കുന്നത്. സിനിമയുടെ ഏറ്റവും വലിയ ആകര്‍ഷണവും ഫഹദ് തന്നെയാണ്.

ചിത്രത്തില്‍ രംഗന്‍ എന്ന കഥാപാത്രത്തെ മുഴുവനായി എക്‌സ്‌പ്ലോര്‍ ചെയിതിട്ടില്ലെന്നും അതിനുള്ള സമയം കിട്ടിയില്ലെന്നും ഫഹദ് പറഞ്ഞു. സിനിമ തുടങ്ങി 20ാമത്തെ മിനിറ്റിലാണ് ഈ കഥാപാത്രം വരുന്നതെന്നും അതിനാല്‍ കൂടുതല്‍ സമയം ആ കഥാപാത്രത്തിന് കൊടുക്കാന്‍ പറ്റിയില്ലെന്നും ഫഹദ് പറഞ്ഞു.

രംഗ എന്ന കഥാപാത്രം ഒരു കന്നഡ നടന്റെ ആരാധകനാണെന്നും അതൊന്നും കാണിക്കാന്‍ പറ്റിയില്ലെന്നും താരം പറഞ്ഞു. ഭാവിയില്‍ ഒരു സീക്വലോ പ്രീക്വലോ ചെയ്യുന്നുണ്ടെങ്കില്‍ അതില്‍ ഈ സീനുകള്‍ ഉണ്ടാകുമെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘ആവേശത്തില്‍ രംഗയെ മുഴുവനായി എക്‌സ്‌പ്ലോര്‍ ചെയ്തിട്ടില്ല. സിനിമ തുടങ്ങി 20ാമത്തെ മിനിറ്റിലാണ് രംഗയെ കാണിക്കുന്നത്. ആ സീന്‍ മുതലാണ് രംഗ ഈ കഥയിലേക്ക് വരുന്നത്. അതുകൊണ്ട് രംഗയുടെ മുഴുവന്‍ കഥ ഈ സിനിമയില്‍ കാണിക്കാന്‍ പറ്റില്ല. ഇനി കാണിക്കണം എന്നുണ്ടെങ്കില്‍ അതിനുള്ള സ്ഥലവും ഈ സിനിമയില്‍ ഇല്ല. ഷൂട്ട് ചെയ്യാന്‍ ആഗ്രഹിച്ചിട്ട് ചെയ്യാന്‍ പറ്റാതെ പോയ സീനുകളുണ്ട്, ഷൂട്ട് ചെയ്ത ശേഷം എഡിറ്റിങ്ങില്‍ കളഞ്ഞ കുറച്ചു സീനുകളുണ്ട്.

അതില്‍ തന്നെ ഞങ്ങള്‍ കാണിക്കണം എന്ന് ഞങ്ങള്‍ ആഗ്രഹിച്ച സീന്‍ ഒരെണ്ണമുണ്ട്. രംഗ എന്തിനാണ് ടിക് ടോക് വീഡിയോസ് ചെയ്യുന്നത് എന്നുള്ളതിന്റെ കാരണം കാണിക്കുന്ന സീനാണ് അത്. ഇയാള്‍ ഒരു കന്നഡ നടന്റെ വലിയ ഫാനാണ്. അതിന്റെ ഇന്‍ഫ്‌ളുവന്‍സാണ് ആ ഡാന്‍സും ടിക് ടോക്കുമെല്ലാം. അതൊക്കെ ഇനി ഭാവിയില്‍ ഒരു പ്രീക്വലോ സീക്വലോ ചെയ്യുന്നുണ്ടെങ്കില്‍ അതിലേക്ക് ചേര്‍ക്കാം,’ ഫഹദ് പറഞ്ഞു.

Content Highlight: Fahadh Faasil saying that they not explored too much of Ranga’s character