വാഷിങ്ടണ്‍: ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് മേഖലയില്‍ ആരോഗ്യകരമല്ലാത്ത മത്സരത്തിലൂടെ ഫേസ്ബുക്ക് കുത്തക നിലനിര്‍ത്തുന്നതിനെതിരെ നടപടി ആവശ്യപ്പെട്ട് അമേരിക്കയില്‍ ഹരജി. പന്ത്രണ്ടോളം സംസ്ഥാനങ്ങളും ഫെഡറല്‍ ഗവണ്‍മെന്റുമാണ് ഫേസ്ബുക്കിനെതിരെ പരാതി നല്‍കിയത്.
ഇന്‍സ്റ്റാഗ്രാം, വാട്‌സ്ആപ്പ് തുടങ്ങിയ കമ്പനികളെ ഫേസ്ബുക്ക് ഏറ്റെടുത്ത നടപടി ശരിയായ രീതിയില്‍ അല്ലാത്തതിനാല്‍ ഇത്തരത്തിലുള്ള ഫേസ്ബുക്കിന്റെ ബിസിനസ് ഇടപാടുകള്‍ മരവിപ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ പരിശോധിക്കുന്നുണ്ട്.
ലോകത്താകമാനമുള്ള ആളുകളുടെ ജീവിതത്തില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റുകള്‍ക്ക് വലിയ പ്രാധാന്യമാണുള്ളതെന്നും ഫേസ്ബുക്ക് ഈ മേഖലയില്‍ കുത്തക നിലനിര്‍ത്താനുള്ള നീക്കങ്ങള്‍ നടത്തുന്നത് ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുപ്പിനുള്ള അവസരം നിഷേധിക്കുന്നതാണെന്നും എഫ്.ടി.സിയുടെ ബ്യൂറോ ഓഫ് കോമ്പറ്റീഷന്‍ ഡയറക്ടര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
തങ്ങള്‍ ലക്ഷ്യം വെക്കുന്നത് ഫേസ്ബുക്കിന്റെ മത്സരങ്ങള്‍ അനുവദിക്കാത്ത ഏകാധിപത്യ സ്വഭാവം അവസാനിപ്പിക്കാനാണെന്നും, ബിസിനസ് മേഖലയില്‍ ആരോഗ്യകരമായ മത്സരം പുനഃസ്ഥാപിക്കാനാണെന്നും എഫ്.ടി.സി പറഞ്ഞു.
നിരവധി സംസ്ഥാനങ്ങളില്‍ നിന്നും ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്നും ഒരേ സമയം ഇത്തരത്തിലുള്ള കേസുകള്‍ വരുന്നത് സിലിക്കണ്‍ വാലിയില്‍ വര്‍ഷങ്ങളായി കുത്തക നിലനിര്‍ത്തിയിരുന്ന ഫേസ്ബുക്കിനെ സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്ന ഇന്‍സ്റ്റാഗ്രാമിനെ ഏറ്റെടുക്കുന്നതായി ഫേസ്ബുക്ക് 2012ലാണ് പ്രഖ്യാപിക്കുന്നത്. ഇതിനു പിന്നാലെയാണ് വാട്ട്‌സ്ആപ്പിനെയും ഫേസ്ബുക്ക് ഏറ്റെടുത്തത്. എന്നാല്‍ ഈ ബിസിനസ് ഡീലുകളുമായി ബന്ധപ്പെട്ട് പരാതികള്‍ ഒന്നും ഉയര്‍ന്നിരുന്നില്ല.
ഫേസ്ബുക്കിന് പുറമേ കുത്തക നിലനിര്‍ത്താനുള്ള ഗൂഗിളിന്റെ നടപടികളും ഫെഡറല്‍ ഗവണ്‍മെന്റ് പരിശോധിക്കുന്നുണ്ട്. ആമസോണ്‍,ആപ്പിള്‍ തുടങ്ങിയ കമ്പനികളും വിഷയത്തില്‍ അന്വേഷണം നേരിടുന്നുണ്ട്.