ബേസില്‍ ടൊവിനോ ടീം വീണ്ടും ഒന്നിച്ച മിന്നല്‍ മുരളി പ്രതീക്ഷകള്‍ക്കുമപ്പുറമുളള അഭിപ്രായങ്ങള്‍ നേടി മുന്നേറി കൊണ്ടിരിക്കുകയാണ്. ഓരോ അഭിനേതാക്കളുടെയും പ്രകടനം ഒന്നിനൊന്ന് മികച്ചതെന്ന് വിലയിരുത്തലുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. മിന്നല്‍ മുരളിയുടെ അച്ഛനായി അഭിനയിച്ചത് അന്തരിച്ച നടനും, അധ്യാപകനുമായ പി. ബാലചന്ദ്രനായിരുന്നു.
ജെയ്‌സന്റെ അച്ഛന്‍ വര്‍ക്കിച്ചനായി മികച്ച പ്രകടനം തന്നെയായിരുന്നു അദ്ദേഹം പുറത്തെടുത്തത്. എന്നാല്‍ തന്റെ കഥാപാത്രമായ വര്‍ക്കിച്ചന് ശബ്ദം നല്‍കുന്നതിന് മുന്‍പ് തന്നെ അദ്ദേഹം മരണമടഞ്ഞു. സിനിമയില്‍ ബാലചന്ദ്രന്റെ കഥാപാത്രത്തിന് ശബ്ദം നല്‍കിയത് നടന്‍ ഹരീഷ് പേരടിയായിരുന്നു.
എന്നാല്‍ ചിത്രം കണ്ടുകൊണ്ടിരിക്കെ പ്രേക്ഷകര്‍ ഇത് ശ്രദ്ധിച്ചതുമില്ല. ബാലചന്ദ്രന് അഭിനയത്തിനൊത്തുള്ള ഡബ്ബിംഗ് ചെയ്യാന്‍ ഹരീഷ് പേരടിക്കും സാധിച്ചു. ബാലചന്ദ്രന്‍ അവസാനം അഭിനയിച്ച ചിത്രങ്ങളിലൊന്നാണ് മിന്നല്‍ മുരളി.
2021 ഏപ്രില്‍ അഞ്ചിനായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കോട്ടയം എം.ജി. സര്‍വകലാശാലയില്‍ അധ്യാപകനായിരുന്ന ബാലചന്ദ്രന്‍ നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
കമ്മട്ടിപ്പാടം, പവിത്രം, ഉള്ളടക്കം മുതലായ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ അദ്ദേഹം സംവിധാനം ചെയ്ത ഏകചിത്രം ഇവന്‍ മേഘരൂപനാണ്. അന്നയും റസൂലും, ഈട, ചാര്‍ളി, ഹോട്ടല്‍ കാലിഫോര്‍ണിയ, വണ്‍ എന്നീ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.
അതേസമയം, നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്ത മിന്നല്‍ മുരളിക്ക് അഭിനന്ദന പ്രവാഹമാണ്. നിരവധി പേരാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അഭിനന്ദനവുമായി എത്തിയിരിക്കുന്നത്. ഡിസംബര്‍ 24 ന് ഉച്ചയ്ക്ക് 1:30 നായിരുന്നു മിന്നല്‍ മുരളി സ്ട്രീം ചെയ്ത് തുടങ്ങിയിരുന്നത്.
ടൊവിനോക്കൊപ്പം അജു വര്‍ഗീസ്, മാമുക്കോയ ഹരിശ്രീ, അശോകന്‍ തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചത്.
പുതുമുഖ താരം ഫെമിന ജോര്‍ജാണ് ചിത്രത്തില്‍ നായിക വേഷത്തിലെത്തിയത്.
തമിഴ് ചലച്ചിത്ര താരം ഗുരു സോമസുന്ദരത്തിന്റെ വില്ലന്‍ വേഷമാണ് കൂട്ടത്തിലേറ്റവും ശ്രദ്ധ നേടിയത്. സുഷിന്‍ ശ്യാമും ഷാന്‍ റഹ്മാനും ചേര്‍ന്നാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്.