ഇ.വി.എം ഹാക്ക് ചെയ്യാനാവില്ല; ആദ്യം വിവിപാറ്റ് എണ്ണുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്നും മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍
D' Election 2019
ഇ.വി.എം ഹാക്ക് ചെയ്യാനാവില്ല; ആദ്യം വിവിപാറ്റ് എണ്ണുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്നും മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd May 2019, 8:27 pm

ന്യൂദല്‍ഹി: ഇ.വി.എമ്മുകള്‍ ഹാക്ക് ചെയ്യാനോ അതില്‍ കൃത്രിമം നടത്താനോ കഴിയില്ലെന്ന് മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത്. ഇ.വി.എം സുരക്ഷാ പ്രോട്ടോക്കോള്‍ അത്രയധികം ശക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വോട്ടെണ്ണല്‍ ആരംഭിക്കുന്നതിനു മുന്‍പ് വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയതിനു തൊട്ടുപിറകെയാണ് റാവത്ത് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പ്രതികരിച്ചത്.

‘എപ്പോഴെങ്കിലും സ്‌ട്രോങ് റൂം തുറന്നാല്‍ത്തന്നെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും പ്രതിനിധികള്‍ അവിടെയുണ്ടാകും. അവരുടെ സാന്നിധ്യത്തില്‍ മാത്രമേ യന്ത്രങ്ങള്‍ പുറത്തെടുക്കാന്‍ സാധിക്കൂ. എല്ലാ പോളിങ് ഏജന്റുമാരോടും വോട്ട് ചെയ്യുമ്പോഴാണ് മോക്ക് പോള്‍ പോലും നടത്തുന്നത്. ഈ സംവിധാനങ്ങളൊക്കെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പുവരുത്തുന്നുണ്ട്.’- അദ്ദേഹം പറഞ്ഞു.

ആദ്യം വിവിപാറ്റുകള്‍ എണ്ണുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. പിന്നെന്തിന് അതു ചെയ്യണം? ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് പോളിങ് സ്‌റ്റേഷനുകളില്‍ മാത്രം അതു ചെയ്താല്‍ മതിയെന്നാണ് സുപ്രീം കോടതി പോലും പറഞ്ഞിട്ടുള്ളത്. അത് ആവശ്യത്തിലധികമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്റര്‍നെറ്റുമായോ വൈഫൈയുമായോ ഏതെങ്കിലും ഇലക്ട്രിക് കേബിളുമായോ ബന്ധിപ്പിച്ചിട്ടില്ലാത്തതാണ് ഇ.വി.എമ്മുകള്‍. വിവിപാറ്റാകട്ടെ, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വേരിഫൈ ചെയ്തിട്ടുള്ളതുമാണ്. അതുകൊണ്ടാണ് ഇ.വി.എമ്മുകള്‍ സുരക്ഷിതമാണെന്നു പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിവിപാറ്റുകള്‍ ആദ്യം എണ്ണുന്നത് അന്തിമ ഫലം അറിയുന്നത് ദിവസങ്ങളോളം വൈകാനിടയാക്കുമെന്നു പറഞ്ഞാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയത്. കഴിഞ്ഞദിവസം പ്രതിപക്ഷകക്ഷികള്‍ ഒന്നടങ്കം തെരഞ്ഞെടുപ്പു കമ്മീഷനെ കണ്ട് വോട്ടെണ്ണലുമായി ബന്ധപ്പെട്ട ചില നിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പു കമ്മീഷനു മുമ്പാകെ സമര്‍പ്പിച്ചിരുന്നു. അതില്‍ പ്രധാനപ്പെട്ട നിര്‍ദേശമായിരുന്നു ഇ.വി.എം എണ്ണുന്നതിനു മുമ്പ് വിവിപാറ്റുകള്‍ എണ്ണുകയെന്നത്.

പഞ്ചാബ്, ഹരിയാന, ബീഹാര്‍, യു.പി എന്നിവിടങ്ങളില്‍ നിന്നും വോട്ടിങ് മെഷീനുകള്‍ കാറുകളിലും കടകളിലും കണ്ടെത്തിയതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രതിപക്ഷം തെരഞ്ഞെടുപ്പു കമ്മീഷന് നിവേദനം നല്‍കിയത്. അതേസമയം, പല സ്ഥലങ്ങളിലും ഇവിഎം മെഷീനുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും മെഷീനുകള്‍ സുരക്ഷിതവും ക്രമക്കേടുകള്‍ക്ക് അതീതവുമാണെന്ന നിലപാടിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

നേരത്തെ വിവിപാറ്റുകള്‍ എണ്ണുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. 50% വിവിപാറ്റുകള്‍ എണ്ണണമെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. 25% വിവിപാറ്റുകളെങ്കിലും എണ്ണണമെന്ന് പ്രതിപക്ഷത്തിനുവേണ്ടി മനു അഭിഷേക് സിങ്വി ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു.