Film News
മലയാളത്തിലെ ഏറ്റവും വലിയ 'ചെറിയ' സിനിമ, എമ്പുരാന്റെ ലോകം കാണിച്ച ഗ്ലിംപ്‌സിന് വന്‍ വരവേല്പ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 26, 02:26 pm
Sunday, 26th January 2025, 7:56 pm

മലയാളസിനിമാപ്രേമികള്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധായകകുപ്പായമണിഞ്ഞ് 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ തുടര്‍ഭാഗമാണ് എമ്പുരാന്‍. മൂന്ന് ഭാഗങ്ങളിലായി പുറത്തിറങ്ങുമെന്ന് അറിയിച്ച ചിത്രത്തിന്റെ ആദ്യഭാഗം വന്‍ വിജയമായി മാറിയിരുന്നു.

ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ട് കഴിഞ്ഞ വര്‍ഷമാണ് ആരംഭിച്ചത്. ആറ് രാജ്യങ്ങളിലായി ചിത്രീകരിച്ച എമ്പുരാന്റെ ആദ്യ ഗ്ലിംപ്‌സ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ആശിര്‍വാദ് സിനിമാസിന്റെ 25ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഗ്ലിംപ്‌സ് പുറത്തുവിട്ടത്. ലൂിഫറിന്റെ ഇരട്ടി വലിപ്പത്തില്‍ മലയാളത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത വലിയ ക്യാന്‍വാസിലാണ് എമ്പുരാന്‍ ഒരുങ്ങുന്നത്.

സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനില്‍ നിന്ന് അധോലോകത്തെ നിയന്ത്രിക്കുന്ന ഖുറേഷി അബ്രാമായി മാറിയ മോഹന്‍ലാലിനെ കാണിച്ചുകൊണ്ടാണ് ലൂസിഫര്‍ അവസാനിച്ചത്. ഖുറേഷി അബ്രാമിന്റെ ലോകം എത്രമാത്രം വിശാലമാണെന്ന് വെറും രണ്ട് മിനിറ്റ് മാത്രമുള്ള ഗ്ലിംപ്‌സിലൂടെ അണിയറപ്രവര്‍ത്തകര്‍ കാണിച്ചുതരുന്നുണ്ട്.

ആദ്യഭാഗത്തിലെ പ്രധാന ഡയലോഗുകളുടെ അകമ്പടിയോടെ കാണിച്ച ഗ്ലിംപ്‌സിന് വന്‍ വരവേല്പാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. കേരളത്തില്‍ പല തിയേറ്ററുകളിലും ലൈവ് സ്ട്രീമിങ് ആരാധകര്‍ സംഘടിപ്പിച്ചിരുന്നു. ആദ്യമായാണ് ഒരു മലയാളസിനിമയുടെ ടീസിറിന് ഇത്തരത്തില്‍ ഒരു വരവേല്പ് ലഭിക്കുന്നത്. മോഹന്‍ലാല്‍ എന്ന നടനും താരവും ഒരുപോലെ തിളങ്ങുന്ന ചിത്രമാകും എമ്പുരാന്‍ എന്ന് ടീസര്‍ സൂചിപ്പിക്കുന്നുണ്ട്.

ഇതുവരെ കാണാത്ത തരത്തില്‍ വളരെ സ്റ്റൈലിഷായാണ് പൃഥ്വിരാജ് മോഹന്‍ലാലിനെ എമ്പുരാനില്‍ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന് പുറമെ ആദ്യ ഭാഗത്തില്‍ പ്രധാനവേഷത്തിലെത്തിയ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, പൃഥ്വിരാജ് സുകുമാരന്‍, ഇന്ദ്രജിത് സുകുമാരന്‍ എന്നിവര്‍ എമ്പുരാനിലും ഉണ്ട്. ഇവര്‍ക്ക് പുറമെ സുരാജ് വെഞ്ഞാറമൂട്, വിദ്യുത് ജംവാള്‍ എന്നിവരും എമ്പുരാന്റെ ഭാഗമാകുന്നുണ്ട്.

മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുജിത് വാസുദേവ് ഛായാഗ്രഹണവും ദീപക് ദേവ് സംഗീതവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അഖിലേഷ് മോഹനാണ്. ലൈക്ക പ്രൊഡക്ഷന്‍സിന്റെയും ആശിര്‍വാദ് സിനിമാസിന്റെയും ബാനറില്‍ സുബാസ്‌കരനും ആന്റണി പെരുമ്പാവൂരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മാര്‍ച്ച് 27ന് എമ്പുരാന്‍ തിയേറ്ററുകളിലെത്തും.

Content Highlight: Empuraan glimpse got huge welcome on social media