സിയോനി: ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്യപ്പെടുന്നുണ്ടെന്നും ഇത് ജനാധിപത്യത്തിന് ഭീഷണിയാണെന്നും വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിനെതിരെ ജനകീയ പ്രക്ഷോഭം ഉണ്ടായി വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മധ്യപ്രദേശിലെ സിയോനിയില്‍ ആദിവാസി ജനതയുടെ സംഘടനയായ ബിര്‍സ ബ്രിഗേഡ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ശരദ് പവാറും പരിപാടിയില്‍ പങ്കെടുത്തിരുന്നു.
‘രാജ്യത്തെ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനില്‍ നടക്കുന്ന തിരിമറിക്കെതിരെ നമ്മള്‍, ശരദ് പവാറിന്റെ നേതൃത്വത്തില്‍ ശക്തമായി പ്രതിഷേധിക്കണം. നമ്മള്‍ വോട്ട് ചെയ്യുന്നു. പക്ഷേ അതെങ്ങോട്ടാണ് പോകുന്നതെന്ന് അറിയില്ല. രാജ്യത്തെ വോട്ടര്‍മാര്‍ക്കിടയില്‍ ആശങ്കയും അവിശ്വാസവും നിലനില്‍ക്കുന്നുണ്ട്,’ സിങ് പറഞ്ഞു.
ചിപ് ഘടിപ്പിച്ചിട്ടുള്ള ഇലക്‌ട്രോണിക് മെഷീനുകള്‍ ഹാക്ക് ചെയ്യപ്പെടില്ലെന്നുറപ്പുണ്ടോ എന്നും സിങ് ചോദിച്ചു.
‘ചിപ് ഘടിപ്പിച്ചിട്ടുള്ള ഇലക്‌ട്രോണിക് മെഷീനുകള്‍ ഹാക്ക് ചെയ്യപ്പെടില്ലെന്നുറപ്പുണ്ടോ? ബംഗ്ലാദേശിലെയും റഷ്യയിലെയും റിസര്‍വ് ബാങ്കുകളില്‍ കവര്‍ച്ചകള്‍ നടന്നിട്ടില്ലേ. ഇവിടെ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനില്‍ നിന്ന് വോട്ടുകളും അതു പോലെ മോഷ്ടിക്കപ്പെടാം,’ സിങ് പറഞ്ഞു.
ചില ഹാക്കര്‍മാര്‍ ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും സിങ് ആരോപിച്ചു. ഭരണഘടനയും ജനാധിപത്യവും അത്യന്തം അപകടകരമായ ഭീഷണികള്‍ നേരിടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ശക്തമായി പ്രതിഷേധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആദിവാസികളായ മനുഷ്യരുടെ സ്വത്വത്തെ പിടിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് ആര്‍.എസ്.എസും ബി.ജെ.പിയും നടത്തുന്നതെന്നും സിങ് ആരോപിച്ചു.
ജലത്തിന്റെയും മണ്ണിന്റെയും കാടിന്റെയും യഥാര്‍ഥ അവകാശികളായ ആദിവാസി ജനതയാണ് രാജ്യത്തിന്റെ വികസനത്തിന് വലിയ വില നല്‍കേണ്ടി വരുന്നതെന്ന് ശരദ് പവാര്‍ പറഞ്ഞു.
Content Highlights: Electronic voting machines are hacked: digvijay singh