Advertisement
Kerala News
വടക്കന്‍ ജില്ലകളില്‍ വൈദ്യുതി ഉപയോഗം നിയന്ത്രിച്ചേക്കും; നിയന്ത്രണം മൂന്ന് ദിവസത്തേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
5 days ago
Thursday, 24th April 2025, 8:30 pm

കോഴിക്കോട്: വടക്കന്‍ ജില്ലകളില്‍ വൈദ്യുതി ഉപയോഗം നിയന്ത്രിക്കുമെന്ന് വൈദ്യുതി വകുപ്പ്. കക്കയം പദ്ധതിയുടെ പെന്‍സ്റ്റോക്കില് ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്നാണ് നിയന്ത്രണം.

കക്കയം ജലവൈദ്യുതപദ്ധതിയുടെ പെന്‍സ്റ്റോക്കില്‍ ലീക്കേജ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സുരക്ഷ മുന്‍നിര്‍ത്തി വ്യാഴാഴ്ച രാവിലെ മുതല്‍ വൈദ്യുതോത്പാദനം നിര്‍ത്തിവച്ചിരിക്കുകയാണെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

ഉത്പാദനത്തില്‍ 150 മെഗാവാട്ടിന്റെ കുറവാണ് ആകെ ഉണ്ടായിരിക്കുന്നതെന്നും ഈ സാഹചര്യത്തില്‍ ഇന്ന് (24.04.2025) മുതല്‍ ശനിയാഴ്ച (26.04.2025) വരെ വടക്കന്‍ കേരളത്തിന്റെ ചില ഭാഗങ്ങളില്‍ അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നേക്കുമെന്നും മുന്നറിയിപ്പുണ്ട്.

വെള്ളിയാഴ്ച വൈകീട്ടോടെ തകരാര്‍ പരിഹരിച്ച് വൈദ്യുതോത്പാദനം പുന:സ്ഥാപിക്കാനാണ് പരിശ്രമിക്കുന്നതെന്നും കൂടുതല്‍ വൈദ്യുതി പുറത്തുനിന്നെത്തിച്ച് നിയന്ത്രണം ഒഴിവാക്കാനും ശ്രമിക്കുകയാണെന്നും വകുപ്പ് അറിയിച്ചിട്ടുണ്ട്.

വൈദ്യുതി ആവശ്യകത കുറയുന്ന സാഹചര്യത്തില്‍ നിയന്ത്രണം ഒഴിവാക്കാനാകുമെന്നും ആയതിനാല്‍ വൈകുന്നേരം ആറ് മണിക്കുശേഷമുള്ള പീക്ക് മണിക്കൂറുകളില്‍ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും വകുപ്പ് പറഞ്ഞു.

Content Highlight: Electricity usage may be restricted in northern districts; restrictions for three days