തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാന ആശുപത്രികളായ ആര്‍.സി.സി, ശ്രീചിത്ര, തിരുവനന്തപുരം മെഡിക്കല്‍ കോളേജ ചികിത്സ തേടിയെത്തുന്ന നിര്‍ധനരായ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശ്രയകേന്ദ്രമായി ഇ.കെ. നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആസ്ഥാന മന്ദിരവും വിശ്രമകേന്ദ്രവും തുറന്നു.
പത്ത് കോടി രൂപ ചെലവില്‍ നാല് നിലകളിലായി രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗകര്യവും ഭക്ഷണവും അടക്കം മന്ദിരത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. ശ്രീചിത്ര മെഡിക്കല്‍ സെന്ററിന് പിറക് വശത്തായി 27.5 സെന്റ് ഭൂമിയില്‍ 18,000 ചതുരശ്ര അടിയിലാണ് കെട്ടിടം ഒരുക്കിയത്.
32 രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും താമസിക്കാന്‍ കഴിയുന്ന ഡോര്‍മിറ്ററി, ഒരേസമയം 40 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനാകുന്ന വിശാലമായ ഭക്ഷണ ഹാള്‍, പാചക മുറി, ലിഫ്റ്റ് എന്നിവ വിശ്രമകേന്ദ്രത്തിലുണ്ട്.
ഇതു കൂടാതെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ശുചിമുറികളോട് കൂടി നാലാം നിലയില്‍ ഒരു ഡോര്‍മിറ്ററിയും സജ്ജമാക്കിയിട്ടുണ്ട്. നിര്‍ധന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നാമമാത്രമായ സര്‍വീസ് ചാര്‍ജ് നല്‍കി ഇ.കെ. നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ആസ്ഥാന മന്ദിരത്തില്‍ താമസിക്കാനാവും.
ആസ്ഥാന മന്ദിരത്തിന്റേയും വിശ്രമ കേന്ദ്രത്തിന്റേയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി വി. ശിവന്‍കുട്ടി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. പരിശീലനം ലഭിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കിടപ്പുരോഗികളെ വീട്ടിലെത്തി പരിചരിക്കുന്ന സാന്ത്വന പരിചരണ പരിപാടിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
പാവപ്പെട്ടവരുടെ കണ്ണീരൊപ്പുക എന്നതായിരുന്നു സഖാവ് നായനാരുടെ രാഷ്ട്രീയമെന്നും, അദ്ദേഹത്തിന്റെ നാമദേയത്തിലുള്ള ഈ സ്ഥാപനം മാതൃകാപരമായി തന്നെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും, അതിന്റെ ഭാഗമായി എല്ലാ അര്‍ഥത്തിലും വേദനിക്കുന്നവര്‍ക്ക് സ്വാന്ത്വനം എന്ന തലത്തിലേക്ക് സ്ഥാപനം ഉയരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അടുത്ത ഘട്ടത്തില്‍ വായനാ മുറി അടക്കം സജ്ജീകരിച്ച് കൂടുതല്‍ സൗകര്യങ്ങള്‍ ആസ്ഥാന മന്ദിരത്തില്‍ ഒരുക്കും. നായനാര്‍ ട്രസ്റ്റിന്റെ വെബ്സൈറ്റില്‍ ലഭ്യമായ നമ്പറില്‍ ബന്ധപ്പെട്ടാല്‍ മുറി ബുക്ക് ചെയ്യാം. ആശുപത്രി അഡ്മിറ്റ് കാര്‍ഡും തിരിച്ചറിയല്‍ രേഖകളും മാത്രം ഹാജരാക്കിയാല്‍ മതിയാവും.