ശ്രീനഗര്‍: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സി.ബി.ഐ (സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍)ക്ക് മുകളിലല്ലെന്ന് ജമ്മു കശ്മീര്‍ ഹൈക്കോടതി. നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ളക്കെതിരെ ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയതിന് പിന്നാലെയാണ് കോടതിയുടെ പരാമര്‍ശം.
ഫാറൂഖ് അബ്ദുള്ള
ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ (ജെ.കെ.സി.എ) അഴിമതിയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം പ്രകാരം ഫാറൂഖ് അബ്ദുള്ളക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസാണ് ഹൈക്കോടതി റദ്ദാക്കിയത്.
സി.ബി.ഐയുടെ തീരുമാനങ്ങള്‍ മാനിക്കാന്‍ ഇ.ഡിക്ക് ബാധ്യതയുണ്ടെന്നും സി.ബി.ഐയുമായി വിരുദ്ധ നിലപാട് ഉണ്ടാകരുതെന്നും ഹൈക്കോടതി പറഞ്ഞു. അഴിമതിയാരോപണ കേസില്‍ സി.ബി.ഐ ചൂണ്ടിക്കാട്ടിയ നിഗമനങ്ങളില്‍ ഇ.ഡിക്ക് ഒരു അപ്പീല്‍ അതോറിറ്റിയായി പ്രവര്‍ത്തിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ഇരു അന്വേഷണ ഏജന്‍സികളും സൗഹാര്‍ദത്തോടെ മുന്നോട്ട് പോകണമെന്നും കള്ളപ്പണം വഴി സമ്പത്തുണ്ടാക്കിയെന്ന മുന്‍ധാരണയാല്‍ ഇ.ഡിക്ക് കേസെടുക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ജെ.കെ.സി.എയുടെ ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാണ് കേസ്. ആരോപണത്തില്‍ ഫാറൂഖ് അബ്ദുള്ളയ്ക്കും ജെ.കെ.സി.എയുടെ അംഗവുമായ മുഹമ്മദ് സലീം ഖാനുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ആര്‍.പി.സി സെക്ഷന്‍ 120 ബി, 406, 409 എന്നിവ പ്രകാരം ശ്രീനഗറിലെ രാം മുന്‍ഷി ബാഗ് പൊലീസ് സ്റ്റേഷനിലാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.
തുടര്‍ന്ന് പ്രസ്തുത കേസിലെ അന്വേഷണം സി.ബി.ഐക്ക് കൈമാറുകയായിരുന്നു. പ്രതികള്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ ഇ.ഡിയും കേസെടുത്തു. ഈ കേസാണ് ജമ്മു ഹൈക്കോടതി ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്.
പി.എം.എല്‍.എ പ്രകാരം സിബിഐ തന്നെ പ്രതിക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെങ്കില്‍, സി.ബി.ഐയുടെ കുറ്റപത്രത്തില്‍ പ്രതിപാദിക്കുന്ന കുറ്റകൃത്യത്തിന്റെ അസ്തിത്വം ഇഡിക്ക് സ്വതന്ത്രമായി അനുമാനിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞുകൊണ്ടാണ് ജസ്റ്റിസ് സഞ്ജീവ് കുമാര്‍ ഇ.ഡി കേസ് റദ്ദാക്കിയത്.
Content Highlight: ED faced hit back in the case against Farooq Abdullah