Advertisement
Kerala
ഇ. ശ്രീധരനെ കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ നിന്ന് ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Jun 14, 08:32 am
Wednesday, 14th June 2017, 2:02 pm

കൊച്ചി: ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവും കൊച്ചി മെട്രോയുടെ നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ചയാളുമായ ഇ. ശ്രീധരനെ കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ നിന്ന് ഒഴിവാക്കി. കേന്ദ്രസര്‍ക്കാറാണ് ശ്രീധരനെ വേദിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് തീരുമാനിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം നാലുപേര്‍ മാത്രമാണ് ഉദ്ഘാടനവേദിയിലുണ്ടാവുക. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ മാത്രമാണ് ഉദ്ഘാടന വേദിയിലുണ്ടാവുകയെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.


Must Read: ‘ഇന്ത്യ തന്നെയാണ് വിജയ് മല്യയെ നാടുകടത്തുന്നതിന് തടസം’; രൂക്ഷവിമര്‍ശനവുമായി ബ്രിട്ടീഷ് കോടതി


ഉദ്ഘാടന വേദിയിലേക്കായി 13പേരുള്‍പ്പെട്ട പട്ടികയാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറിന്റെ പരിഗണനയ്ക്കായി അയച്ചത്. ഇതില്‍ ഇ.ശ്രീധരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഈ പട്ടിക തള്ളിയാണ് നാലുപേരുടെ പട്ടിക കേന്ദ്രം പുറത്തുവിട്ടിരിക്കുന്നത്.

സുരക്ഷാ കാരണം പറഞ്ഞാണ് ഇ. ശ്രീധരന്‍ ഉള്‍പ്പെടെയുള്ളവരെ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയത്.

ജൂണ്‍ 17 ശനിയാഴ്ച രാവിലെയാണ് കൊച്ചി മെട്രോ ഉദ്ഘാടനം. രാവിലെ 10.35നു പാലാരിവട്ടം മെട്രോ സ്റ്റേഷനിലെത്തുന്ന പ്രധാനമന്ത്രി അവിടെനിന്നു ട്രെയിന്‍ കയറി പത്തടിപ്പാലം വരെയും തിരിച്ചും പാലാരിവട്ടത്തേക്കും യാത്ര ചെയ്യും. തുടര്‍ന്ന് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിനു മുമ്പിലെ പ്രത്യേക പന്തലിലാണ് ഉദ്ഘാടനം.