പെണ്‍കുട്ടികളെയിങ്ങനെ ആണ്‍കുട്ടികളെ പോലെ മുടിയൊക്കെ വെട്ടി പാന്റും ഇട്ട് സമരത്തിനിറക്കി നാടിന്റെ അന്തരീക്ഷം വികൃതമാക്കരുത്: ഇ.പി. ജയരാജന്‍
Kerala News
പെണ്‍കുട്ടികളെയിങ്ങനെ ആണ്‍കുട്ടികളെ പോലെ മുടിയൊക്കെ വെട്ടി പാന്റും ഇട്ട് സമരത്തിനിറക്കി നാടിന്റെ അന്തരീക്ഷം വികൃതമാക്കരുത്: ഇ.പി. ജയരാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th March 2023, 12:14 pm

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ നടത്തുന്ന കരിങ്കൊടി പ്രതിഷേധങ്ങളെ വിമര്‍ശിച്ച് സി.പി.ഐ.എം കണ്‍വീനര്‍ ഇ.പി ജയരാജന്‍. പെണ്‍കുട്ടികളെ ആണ്‍കുട്ടികളാക്കി വേഷം കെട്ടിച്ച് സമരത്തിനയക്കുന്ന കോണ്‍ഗ്രസ് നടപടി കേരളത്തിന്റെ അന്തരീക്ഷത്തെ വികൃതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ഇനിയും പ്രതിഷേധവുമായി മുന്നോട്ട് പോയാല്‍ പ്രതിപക്ഷ നേതാവിന് വഴിയിലിറങ്ങി നടക്കാനാവാത്ത സാഹചര്യം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പെണ്‍കുട്ടികളെ ആണ്‍കുട്ടികളാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സമരത്തിനയക്കുന്നതെന്നും നാടിന്റെ അന്തരീക്ഷത്തെ വികൃതമാക്കാനുള്ള ശ്രമങ്ങളാണിതെന്നുമാണ് ജയരാജന്‍ അഭിപ്രായപ്പെട്ടത്.

‘കരിങ്കല്ല് കറുത്ത തുണിയില്‍ കെട്ടി മൂന്നാലാളുകളെ അങ്ങ് പറഞ്ഞ് വിടുകയാണ്. പെണ്‍കുട്ടികളാണെങ്കില്‍ അവരുടെ മുടിയൊക്കെ വെട്ടി നല്ല ഷര്‍ട്ടും പാന്റ്‌സും ഒക്കെ ഇടീപ്പിച്ച് ആണ്‍കുട്ടികളാണെന്ന് ധരിപ്പിച്ച് സമരത്തിനിറക്കി ഈ നാടിന്റെ അന്തരീക്ഷത്തെ വികൃതമാക്കരുത്.

മൂന്നംഗസംഘ കരിങ്കൊടിക്കാരെ പ്രോത്സാഹിപ്പിച്ച് അക്രമത്തിന് പോവുകയാണെങ്കില്‍ സ്ഥിതി മോശമാകും, പ്രതിപക്ഷ നേതാവിന് സഞ്ചരിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും. ഇക്കാര്യം പ്രതിപക്ഷ നേതാവും ആലോചിക്കുന്നത് നല്ലതാണ്,’ ഇ.പി പറഞ്ഞു.

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന്റെ പേരില്‍ കെ.എസ്.യു വനിതാ നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ സംഭവത്തെ സൂചിപ്പിച്ചാണ് ഇ.പി യുടെ പരാമര്‍ശം.

ഗ്യാസിന് വിലകൂടിയതില്‍ പ്രതിഷേധിക്കാത്ത കോണ്‍ഗ്രസ് കേരള സര്‍ക്കാര്‍ രണ്ട് രൂപ സെസ് ചുമത്തിയപ്പോള്‍ പ്രതിഷേധിക്കാന്‍ തയ്യാറായെന്നും അദ്ദേഹം പറഞ്ഞു.

‘എന്തിന് വേണ്ടിയാണ് ഇപ്പോഴുള്ള സമരം. കേന്ദ്രസര്‍ക്കാര്‍ ഗ്യാസിന് വില കൂട്ടിയല്ലോ, അതിനെതിരെ വല്ല സമരവും നടക്കുന്നുണ്ടോ? കേരളത്തില്‍ പിരിക്കുന്ന രണ്ട് രൂപ സെസ് 62 ലക്ഷം ജനങ്ങളിലേക്ക് വിന്യസിക്കുകയാണ് ചെയ്യുന്നത്. കേരളത്തിന്റെ സാമ്പത്തിക മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന സമീപനമാണത്. അതിനെക്കുറിച്ച് ആദ്യം കോണ്‍ഗ്രസ് പഠിക്കൂ. എന്നിട്ട് സമരവുമായി നടക്കാം,’ അദ്ദേഹം പറഞ്ഞു.

Content Highlight: E.P Jayajan comment on recent  protests in kerala