പത്തനംതിട്ട: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നെന്ന പേരില്‍ മാധ്യമങ്ങള്‍ പുറത്തു വിടുന്ന സാങ്കല്‍പ്പിക കഥകള്‍ അവസാനിപ്പിക്കണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ്. മാധ്യമ മനക്കോട്ടകള്‍ ഡി.വൈ.എഫ്.ഐയുടെ അക്കൗണ്ടില്‍ ചാര്‍ത്തരുതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പ്രസ്താവനയിലൂടെ അറിയിച്ചു.
രാജ്യത്തെ മതനിരപേക്ഷതയും ജനാധിപത്യവും തന്നെ അപകടത്തിലായ വര്‍ത്തമാന കാലത്ത് ഡി.വൈ.എഫ്.ഐയുടെ സമ്മേളനത്തില്‍ നടക്കുന്ന ചര്‍ച്ചകളെ കുറിച്ച് മിനിമം ധാരണയെങ്കിലും സ്വപ്ന ലോകത്തെ വാര്‍ത്തകള്‍ നിര്‍മ്മിച്ചെടുക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ടാകണമെന്നും ഡി.വൈ.എഫ്.ഐ കുറ്റപ്പെടുത്തി.
ഡി.വൈ.എഫ്.ഐയുടെ 15ാമത് സംസ്ഥാന സമ്മേളനം പത്തനംതിട്ടയില്‍ പ്രൗഢഗംഭീരമായി തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ കരുത്തുറ്റ യുവജന വിപ്ലവ പ്രസ്ഥാനത്തിന്റെ കേരള സംസ്ഥാന സമ്മേളനം കരുത്തുറ്റ സംഘടനാ ശേഷി കൊണ്ട് ശ്രദ്ധ നേടിയും പത്തനംതിട്ടയിലെ ജനങ്ങളാകെ ഹൃദയത്തിലേറ്റി കൊണ്ടും സമാനതകളില്ലാത്ത ഒരു സമ്മേളനമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ യുവതയും ഇന്ത്യന്‍ പൊതു സാമൂഹിക സാഹചര്യവും അതീവ സങ്കീര്‍ണമായ സ്ഥിതി വിശേഷത്തിലൂടെ കടന്നു പോകുമ്പോള്‍ ഡി.വൈ.എഫ്.ഐയുടെ കേരള സംസ്ഥാന സമ്മേളനത്തിന് രാഷ്ട്രീയ പ്രാധാന്യമേറെയുണ്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു.