ക്രിക്കറ്റ് ആരാധകരുടെ ഇനിയുള്ള കാത്തിരിപ്പ് ഐ.പി.എല്ലിന്റെ പുതിയ സീസണാണ്. മാര്‍ച്ച് 22നാണ് ഐ.പി.എല്‍ മാമാങ്കം ആരംഭിക്കുന്നത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുക. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡനാണ് വേദി.
കഴിഞ്ഞ സീസണില്‍ മെന്റര്‍ ഗൗതം ഗംഭീറിന്റെ സാന്നിധ്യത്തിലാണ് കെ.കെ.ആര്‍ തങ്ങളുടെ മൂന്നാം ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയത്. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലന സ്ഥാനം ഏറ്റെടുത്തതോടെ കെ.കെ.ആറിന്റെ മെന്റര്‍ സ്ഥാനത്ത് നിന്ന് ഗംഭീര്‍ മാറുകായായിരുന്നു. എന്നാല്‍ ഐ.പി.എല്ലിന്റെ പുതിയ സീസണിന് മുന്നോടിയായി വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം ഡ്വെയ്ന്‍ ബ്രാവോയെ ആണ് കൊല്‍ക്കത്ത ഉപദേശകനായി ഫ്രാഞ്ചൈസി തെരഞ്ഞെടുത്തത്.
ഇപ്പോള്‍ തന്റെയും ഗംഭീറിന്റെയും വ്യത്യസ്ത രീതികളാണെന്ന് പറയുകയാണ് ബ്രാവോ. മത്സരങ്ങള്‍ വിജയിക്കാനായ ഫോര്‍മുല എപ്പോഴും നിലനിര്‍ത്തേണ്ടത് ആവശ്യമാണെന്നും എന്നാല്‍ അതിനായി ഗംഭീറിന്റെ ചില ടിപ്‌സിന് ആശ്രയിക്കുമെന്നും ബ്രാവോ പറഞ്ഞു.
‘കഴിഞ്ഞ സീസണില്‍ ഗംഭീറിന് ചില പോസിറ്റീവ് വശങ്ങളുണ്ടായിരുന്നു, എന്നാല്‍ ഞങ്ങള്‍ക്ക് കുറച്ച് കളിക്കാരെ നഷ്ടപ്പെട്ടു, പക്ഷെ ടീമിന്റെ വിജയകരമായ ഫോര്‍മുല നിലനിര്‍ത്തേണ്ടത് പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. തീര്‍ച്ചയായും, ചില ടിപ്‌സുകള്‍ക്ക് വേണ്ടി ഞാന്‍ അദ്ദേഹത്തിന് മെസേജ് അയച്ചിരുന്നു.
എന്നിരുന്നാലും എനിക്ക് എന്റേതായ സമീപനമുണ്ട്, അദ്ദേഹത്തിന് വേറെ സമീപനവുമുണ്ട്, പക്ഷേ ഞങ്ങള്‍ രണ്ടുപേരും ഞങ്ങളുടേതായ രീതിയില്‍ വിജയിച്ചിട്ടുണ്ട്. വിജയ ഫോര്‍മുല പിന്തുടരാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നതിനാല്‍ ഞാന്‍ തീര്‍ച്ചയായും ഈ പരിചയസമ്പന്നരായ കളിക്കാരെ ആശ്രയിക്കും,’ ബ്രാവോ പറഞ്ഞു.
ഐ.പി.എല്ലിലെ മികച്ച ടീമുകളിലൊന്നാണ് കൊല്‍ക്കത്ത. ടൂര്‍ണമെന്റിന്റെ നാല് ഫൈനല്‍ മത്സരങ്ങളാണ് ടീം കളിച്ചത്. 2012, 2014, 2024 എന്നീ വര്‍ഷങ്ങളില്‍ കിരീടം സ്വന്തമാക്കാനും ടീമിന് സാധിച്ചിട്ടുണ്ട്. ഡ്വെയ്ന്‍ ബ്രാവോയ്ക്ക് കീഴിലും കൊല്‍ക്കത്ത കരുത്ത് തെളിയിക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
Content Highlight: Dwayne Bravo Talking About Gautham Gambhir