ലഖ്‌നൗ: വെള്ളിയാഴ്ച വൈകിട്ട് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലുണ്ടായ ശക്തമായ പൊടിക്കാറ്റില്‍ മരണം 17 ആയി. മുറാദാബാദിലാണ് ഏറ്റവും അധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഏഴുപേരാണ് ഇവിടെ മരിച്ചത്. മീററ്റിലും മുസാഫര്‍നഗറിലും രണ്ട് പേര്‍ വീതം മരിച്ചിട്ടുണ്ട്. മൂന്ന് പേര്‍ സാമ്പലിലും രണ്ട് പേര്‍ ബഡാവുനിലും മരിച്ചു.
പൊടിക്കാറ്റില്‍ മരങ്ങളും കെട്ടിടങ്ങളും ദേഹത്ത് വീണാണ് ഈ മരണങ്ങള്‍ സംഭവിച്ചതെന്ന് ദുരന്ത നിവാരണ കമ്മിഷന്‍ സഞ്ജയ് കുമാര്‍ പറഞ്ഞു. 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ അഞ്ച് പേര്‍ അംഹോര സ്വദേശികളാണ്. മൂന്ന് പേര്‍ മൊറാദാബാദ് സ്വദേശികളും രണ്ട് പേര്‍ മുസഫര്‍ നഗര്‍ സ്വദേശികളും ഒരാള്‍ ബാദും സ്വദേശിയാണ്.
24 മണിക്കൂറിനുള്ളില്‍ എല്ലാ ദുരന്ത ബാധിത പ്രദേശത്തും സഹായമെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് ഉത്തരവ് നല്‍കി.
കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് പൊടിക്കാറ്റുകളാണ് യു.പിക്ക് നേരിടേണ്ടി വന്നത്. 130 പേരാണ് മൂന്ന് സംഭവങ്ങളിലുമായി മരിച്ചത്. മെയ് 9നുണ്ടായ പൊടിക്കാറ്റില്‍ 18 പേര്‍ മരിക്കുകയും 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മെയ് 13ന് 39 പേരാണ് പൊടിക്കാറ്റില്‍ കൊല്ലപ്പെട്ടത്.